എൻ്റെ ഓർമ്മക്കുറിപ്പിൻ്റെ ശീർഷകം ” എൻ്റെ പ്രിയ സഖാവ് ” എന്നിട്ടത് എന്തുകൊണ്ടായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും അല്ലെ? ജീവിതത്തിലെ മറക്കാനാവാത്തോരേടാണത് . ആ കഥ ഞാൻ പറയാം. എൻ്റെ അദ്ധ്യാപകനും എൻ്റെ വിദ്ധ്യാർത്ഥിയും എൻ്റെ ആത്മമിത്രവുമായിരുന്ന എൻ്റെ സഖാവിനെക്കുറിച്ച് ‘
വർഷം 1987 – എൻ്റെ സൈനീക ജീവിതത്തിലെ രണ്ടാമത്തെ യുണിറ്റ് ജമ്മു കാഷ്മീരിലെ ” ലേ” യിലായിരുന്നു . 1987 ജനുവരിയിൽ കൊടും ശൈത്യകാലത്താണ് ഞാൻ അവിടെ ചെല്ലുന്നത്.
” ലേ ലഡാക്ക് ” ലേ യും ലഡാക്കും കുടിച്ചേരുന്ന ജില്ല. ചുറ്റും മഞ്ഞുമൂടിയ പർവ്വത നിരകൾ അതിൻ്റെ താഴ്വ്വാരമാണ് “ലേ” എന്ന ചെറു പട്ടണം . മൈനസ് 40 – 60 ഇടക്കാണ് എപ്പോഴും താപനില. മരംകോച്ചുന്ന തണുപ്പ്. പോസ്റ്റിഗ് ചെന്നാൽ എഴു ദിവസം കാലവസ്ഥയോട് പൊരുത്തപ്പെടാൻ സമയം തരും . അതിനു ശേഷമാണ് കാവൽ ജോലിയൊക്കെ തരിക.
ഞങ്ങൾ താമസിക്കുന്നത് ഭൂമിക്കടിയിൽ ഉണ്ടാക്കിയ ബങ്കറുകളിലാണ്. ജോലി സമയത്താണ് പുറത്തിറങ്ങുന്നത്. മിക്ക ദിവസങ്ങളിലും രാത്രി സുരക്ഷ ഡ്യൂട്ടിയുണ്ട്. രാത്രിയിൽ തോക്കുമായി ഒറ്റയ്ക്കാണ് ജോലി. എങ്ങും കൂരിരുട്ടായിരിക്കും. ഇല അനങ്ങിയാൽ പോലും കേൾക്കാവുന്ന നിശബ്ദതയാണെങ്ങും. അങ്ങിനെ ഒരു രാത്രിയിൽ ഡ്യൂട്ടിയിലിരിക്കെ പുറകുവശത്തുനിന്നും വലിയ ഒരു ശബ്ദം കേട്ടു . തിരിഞ്ഞു നോക്കിയപ്പോൾ വെട്ടിത്തിളങ്ങുന്ന രണ്ട് കണ്ണുകൾ ( പേടിക്കണ്ട പ്രേത കഥയൊനുമല്ല കെട്ടോ) ആ കണ്ണുകൾ എൻ്റെ അടുത്തേക്ക് വരികയാണ് ‘ തോക്കുമായി ഞാൻ ചാടി എഴുന്നേറ്റു . അടുത്തു വന്നപ്പോഴാണ് മനസിലായത് അത് ഒരു വലിയ പട്ടിയായിരുന്നു. ഹിമ കരടി പോലിരിക്കുന്ന പട്ടി . മഞ്ഞു മലകളിൽ ഇത്തരം വലിയ പട്ടികളുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായി ആയിരുന്നു.
അവൻ അടുത്തു വന്ന് വാലോക്കെ ഇളക്കി എൻ്റെ അടുത്തു തന്നെ കിടന്നു. വലിപ്പമുണ്ടെങ്കിലും ഇത്തരം പട്ടികൾ ഉപദ്രവകാരികളല്ല എന്ന് അനുഭവത്തിൽ നിന്നും മനസിലായി. അവൻ ഇത്തിരി കൂടി എന്നോട് ചേർന്നിരുന്നു . അവൻ്റെ കിതപ്പ് കണ്ടപ്പോൾ തണുപ്പും വിശപ്പും അവനെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് എനിക്ക് മനസിലായി. എൻ്റെ കിറ്റ് തുറന്ന് അവന് ബിസ്കറ്റ് എടുത്തു കൊടുത്തു . അവൻ ആർത്തിയോടെ അത് തിന്നിട്ട് കുറെ അധികനേരം എൻ്റെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നു. ഏന്നിട്ട് എൻ്റെ പാദത്തിൽ ഒരു ഉമ്മ തന്നിട്ട് മഞ്ഞിലൂടെ എങ്ങോട്ടോ നടന്നു പോയി. കണ്ണുകളിലൂടെയും മൗനമായി സംസാരിക്കാൻ കഴിയും എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. അതിന് ഭാഷയും ലിപിയും ഒന്നും വേണ്ട. അത് ഹൃദയങ്ങളുടെ ഭാഷയാണ്.
പിന്നെ ഞാൻ ഡ്യൂട്ടിയിൽ ചെല്ലുമ്പോഴൊക്കെ അവൻ എന്നെതേടി വരും . ഞാൻ ബിസ്ക്കറ്റും ചപ്പാത്തിയും ഒക്കെ അവന് കൊടുക്കും ഞാൻ അവനോട് ഒത്തിരി സംസാരിക്കും എൻ്റെ നാടിനെക്കുറിച്ച് വീടിനെക്കുറിച്ച് എൻ്റെ സങ്കടങ്ങളൊക്കെ അവനോട് പറയും . വീട്ടിൽ നിന്നും വരുന്ന കത്തുകൾ ഞാൻ അവനെ വായിച്ചു കേൾപ്പിക്കും . എല്ലാം കാതു കൂർപ്പിച്ച് ശ്രദ്ധയോടെ അവൻ കേൾക്കും. അത് കേൾക്കുമ്പോൾ ഒരു കൈയ്യെടുത്ത് എൻ്റെ ദേഹം മുഴുവൻ അവൻ തലോടും ഞാൻ അവനെ ” സഖാവേ” എന്നായിരുന്നു വിളിച്ചിരുന്നത്. ഇടക്ക് ഒരുദിവസം ഡ്യൂട്ടിക്ക് ചെന്നില്ലെങ്കിൽ പിന്നെ ചെല്ലുമ്പോൾ സഖാവ് പിണങ്ങി മാറിയിരിക്കും. ഞാനും മുഖം വീർപ്പിച്ചിരിക്കും അല്പ സമയം കഴിഞ്ഞാൽ ഓടി വന്ന് എൻ്റെ കാലിൽ ഉമ്മകൾ കൊണ്ടു മൂടും . ഞാനും അവനെ കെട്ടിപ്പിടിക്കും . എൻ്റെ സങ്കടങ്ങളും വിരഹനൊമ്പരങ്ങളും ഒക്കെ ഇറക്കി വെച്ചിരുന്നത് അവൻ്റെ ചുമലിലായിരുന്നു. ആ മഞ്ഞുമലയിൽ എനിക്ക് തുണയും തണലുമായി മാറിയ പ്രിയ സഖാവ്. എൻ്റെ കമ്പിളി ഞങ്ങൾ രണ്ടു പേരും കൂടി പങ്കിട്ടിരുന്ന ഓരോ കഥകളും പറയും.
അങ്ങിനെ രണ്ട് വർഷം കഴിഞ്ഞു. എൻ്റെ സ്ഥലം മാററം വന്നു. അവിടുത്തെ അവസാന ഡ്യൂട്ടിക്ക് ചെന്ന ദിവസം ഞാൻ അവന് എറ്റവും ഇഷ്ടപ്പെട്ട ബിസ്ക്കറ്റുമായാണ് ചെന്നത് . പതിവുപോലെ സഖാവ് ഓടി വന്നു. ഞാൻ പറഞ്ഞു സഖാവേ ഞാൻ നാളെ പോകുന്നു നിന്നെപ്പിരിയുവാൻ വിഷമം ഉണ്ടെങ്കിലും പോകാതിരിക്കാൻ എനിക്കാവില്ലല്ലൊ. എന്നിട്ട് ഞാൻ കിറ്റിൽ നിന്നും ബിസ്ക്കറ്റ് എടുത്ത് സഖാവിന് കൊടുത്തു . സഖാവത് തിരിഞ്ഞു നോക്കിയില്ല . മുഖം വീർപ്പിച്ച് എന്നെ നോക്കാതെ മാറിക്കിടന്നു. അപ്പോ ഞാൻ ചോദിച്ചു എന്നെ പിരിയാൻ ഇത്ര വിഷമമാണോ സഖാവിന് . അതുകേട്ടതും ഓടിവന്നെൻ്റെ കാലിൽ മുത്താൻ തുടങ്ങി ഞാൻ നോക്കുമ്പോൾ അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു . എൻ്റെയും കണ്ണു നിറഞ്ഞു. അവനെ വാരിയെടുത്തു ഞാൻ ചുംബിച്ചു. കാലങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും എൻ്റെ പ്രിയ സഖാവിനെ ഓർക്കുമ്പോ അറിയാതെ എൻ്റെ കണ്ണുനിറയും.