Thursday, September 19, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 41) ✍അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 41) ✍അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയ കൂട്ടുകാരേ,

നക്ഷത്രക്കൂടാരത്തിൻ്റെ പുതിയ ലക്കത്തിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം. ഓഗസ്റ്റ് മാസം ഇതോടെ കടന്നുപോവുകയാണ്. മഴയുടെ മുറിവുകൾ ഇപ്പോഴും ഉണങ്ങാതെ കിടക്കുകയാണ്. എങ്കിലും മലയാളത്തിൻ്റെ നല്ല മനസ്സ് ആശ്വാസ ലേപത്താൽ വേദനകളെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്നുണ്ട് നിരന്തരം.
ആശ്വാസമറ്റവർക്ക് സഹായമാവാം.

ഇത്തവണയും മലയാളത്തിലെ രണ്ടു ശൈലികളിലൂടെ കടന്നുപോവാമെന്നു കരുതുകയാണ്.

1. കഥയറിയാതെ ആട്ടം കാണുക

കാര്യമെന്താണ് എന്ന് ശരിയായി മനസ്സിലാക്കാതെ ഇടപെടുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. കഥകളിയിൽ നിന്നാണ് ഈ ശൈലി വന്നു ചേർന്നത്.
കഥകളിയുടെ സാങ്കേതിക രീതികളും കഥയും അറിയാതെ അതു കാണുന്നവർക്ക് എന്തോ ഒരു നൃത്തരൂപമെന്നല്ലാതെ ഒന്നും വ്യക്തമായി മനസ്സിലാവില്ല. ഇങ്ങനെ ആട്ടക്കഥയെപ്പറ്റി അറിയാത്തവർ അറിയുന്നതുപോലെ അഭിനനയിച്ച് കണ്ടിരിക്കാറുണ്ടല്ലോ. ഈ പ്രവൃത്തിയിൽ നിന്നാവണം ഈ ശൈലി രൂപം കൊണ്ടത്.
ഉദാ: തെരുവിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിക്കിടയിൽ
കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെയാണ് വാസു നിന്നത്.

2. ഉള്ളപ്പോൾ ഓണം പോലെ

ധൂർത്തടിക്കുക എന്നാണ് സാരം.
ഓണം സമൃദ്ധിയുടെ ഉത്സവമാണല്ലോ. ഏത് ഇല്ലാത്തവനും ഓണം യാതൊരു കുറവും വരാതെ ആഘോഷിക്കും. അതിൽ നിന്ന് വന്നുചേർന്നതാണ് ഈ ശൈലി.
ഓണനാളുകളിലെന്നപോലെ ആർഭാടപൂർവ്വം എന്നും ജീവിക്കാൻ ശ്രമിച്ചാൽ പെട്ടെന്ന് ധനനഷ്ടം വന്നുചേരും. അങ്ങനെ ധനം ധൂർത്തടിക്കുന്നത് സൂചിപ്പിക്കുകയാണ് ഈ ശെെലി.
കിട്ടിയ പണം കൊണ്ട് ഉള്ളപ്പോൾ ഓണം പോലെ ജീവിച്ചിട്ടിപ്പോൾ നട്ടം തിരിയുകയാണ് ജോമോൻ്റെ കുടുംബം.

ഇനി നിങ്ങൾക്കു വേണ്ടി മാഷ് എഴുതിയ ഒരു കുഞ്ഞു കവിതയാണ്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അച്ഛനും മക്കളും

കൊക്കര കൊക്കര പാടി നടന്ന്
മക്കളിതെങ്ങോട്ടാ?
ചക്കരമാവിൻ ചോട്ടിലൊരിത്തിരി
ചിക്കിച്ചികയാനാ .
അക്കരെ നിന്നു കുറുക്കൻ വന്നാൽ
മക്കള് പേടിക്യോ?
ഇക്കരെ ഞങ്ങളോടൊപ്പം നായ –
ച്ചെക്കനുമുണ്ടച്ഛാ .
ചപ്പിലയുള്ളിൽ പാമ്പുകൾ വന്നാൽ
അപ്പോഴുമെന്താകും ?
മാവിൻ കൊമ്പിൽ തൂവൽമിനുക്കണ
മയിലുകളുണ്ടച്ഛാ .
കൂർമ്പൻചുണ്ടും നഖവും കാട്ടി
പരുന്തു വന്നാലോ?
കവണയിൽ കല്ലുമെടുത്തീ വീട്ടിലെ
കുസൃതിക്കുഞ്ഞുണ്ട്
ചൊകചൊകയുള്ളൊരു പൂവുംതുള്ളി –
ച്ചകന്നു പൂങ്കോഴി
ചികചികയെന്നുചിലച്ചു നടന്നു
കോഴിക്കുഞ്ഞുങ്ങൾ ..!.

———————————–

അമ്മയും അച്ഛനും മക്കളും ചേർന്ന കോഴിക്കുടുംബമാണ് കവിതയിലെ ഉള്ളടക്കം. മക്കളുടെ സുരക്ഷിതത്വം അന്വേഷിക്കുകയാണ് അച്ഛൻ. അപ്പോൾ മക്കൾ അച്ഛനു മറുപടി നല്കുന്നു.
മാഷിൻ്റെ കവിത ഇഷ്ടമായാേ? എങ്കിലത് ഉച്ചത്തിൽ പാടി നോക്കണേ.’

🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
കുട്ടികളെ രസിപ്പിക്കുന്ന കഥകളും കവിതകളും ധാരാളമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബാലസാഹിത്യകാരനാണ് ഇനി കഥ പറയാനെത്തുന്നത് –
മോഹൻ മംഗലത്ത്.
എറണാകുളം ജില്ലയിൽ മുവാറ്റുപുഴയാണ് അദ്ദേഹത്തിന്റെ ജന്മനാട്.

സാങ്കേതിക വിദ്യാഭ്യാസത്തിനു ശേഷം നോർത്ത് ഫൗണ്ടേഷൻ കമ്പനിയുടെ കൊച്ചിയിലെ പ്രൊജക്ട് മാനേജരായി ജോലി ചെയ്തു.

പഠനകാലത്ത് യുഗകേസരി, പൂജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1967 മുതൽ ആനുകാലികങ്ങളിലെ ബാലപംക്തികളിൽ എഴുതിത്തുടങ്ങി.
നിരവധി സാഹിത്യമത്സരങ്ങളിലെ വിജയിയായിട്ടുള്ള ശ്രീ. മോഹൻ മംഗലത്ത് ഇപ്പോഴും മുൻനിര ബാലപ്രസിദ്ധീകരണങ്ങളിലെ സജീവസാന്നിധ്യമാണ്.
തേവരുടെ ആന,പപ്പടവട്ടം
കാലൻകരടിയും കാട്ടുകടന്നലും,(ബാലസാഹിത്യം) തുടങ്ങിയ പുസ്തകളുടെ രചയിതാവുമാണ്. മോഹൻ മംഗലത്തിൻ്റെ കഥയാണ് താഴെ കൊടുക്കുന്നത്.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯

അമ്മപ്പുലിയും പുള്ളിമാൻകുഞ്ഞും

കാട്ടിൽ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരുന്നു. ഒരിക്കൽ പുലിയമ്മ കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു പുള്ളിമാൻകുഞ്ഞിനെ കണ്ടു. അവൾ പുള്ളിമാൻകുഞ്ഞിൻ്റെ അടുത്ത് ചെന്നിട്ട് ചോദിച്ചു.

“എന്താ കുഞ്ഞേ കരയുന്നേ
കാര്യം ചൊല്ലുക മടിയാതേ പേടിക്കേണ്ട നീയെന്നെ,
പരിഹാരം ഞാൻ കണ്ടെത്താം”

പുള്ളിമാൻകുഞ്ഞ് കരച്ചിൽ നിർത്തിയിട്ടു പറഞ്ഞു: ” ഞാനും അമ്മയും കൂടി ഇളംപുല്ല് തിന്നാനാണ് ഇവിടെ വന്നത്. പുല്ലുതിന്നുന്നതിനിടയിൽ ഞാൻ കുറച്ച് വെള്ളം കുടിക്കാനായി പോയി.
തിരിച്ചുവന്നപ്പോൾ അമ്മയെക്കണ്ടില്ല. വീണ്ടും അവൾ കരയാൻ തുടങ്ങി.

‘മോള് കരയേണ്ട കേട്ടോ, നിൻ്റെ അമ്മയെ നമുക്കു എത്രയും പെട്ടെന്ന് കണ്ടുപിടിക്കാം”
പുലിയമ്മ പുള്ളിമാൻകുഞ്ഞിനെ സമാധാനിപ്പിച്ചു.

അപ്പോഴാണ് ഒരു സിംഹത്തിന്റെ കാൽപ്പാടുകൾ പുലിയമ്മ കണ്ടത്. മാൻകുഞ്ഞിന്റെ അമ്മയെ സിംഹം പിടികൂടിയതാണെന്ന് പുലിയമ്മയ്ക്കു മനസ്സിലായി. ഒട്ടും വൈകാതെ പുലിയമ്മ അവളെയുംകൂട്ടി തൻ്റെ വീട്ടിലേക്ക് പോയി. എന്നിട്ട് മക്കളോട് പറഞ്ഞു.

“ഇരയുംതേടി പോകും വഴിയേ ഇവളുടെ മുമ്പിൽ ചെന്നെത്തി,
ആരും നോക്കാനില്ലാത്തിവളെ നമ്മോടൊപ്പം കൂട്ടേണം”

അതുകേട്ട് അവളുടെ മക്കളിൽ ഒരാൾ ചോദിച്ചു.
“ പുലികളായ നമ്മുടെ കൂടെ ഇതിനെ എങ്ങിനെ കൂട്ടും.”

“ ദൈവത്തിന്റെ മുമ്പിൽ മാനും പുലിയും എല്ലാം തുല്യരാണ്. മനസ്സിൽ നന്മയുള്ളവർ സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങളും ഈ പുള്ളിമാൻകുഞ്ഞിനെ സ്വന്തം അനുജത്തിയായി കാണുക.”!

പുലിയമ്മയുടെ വാക്കുകൾ കേട്ട മക്കൾ പുള്ളിമാൻകുഞ്ഞിനെ തങ്ങളുടെ സ്വന്തം അനുജത്തിയായി കരുതി. സന്തോഷത്തോടെ അവർ ഒന്നിച്ച് ജീവിക്കുകയും ചെയ്തു.
⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️

അമ്മസ്നേഹത്തിൻ്റെ കഥയാണിത്. ആരോരുമില്ലാതെ കരയുന്ന കുഞ്ഞിനു കൂട്ടായി മാറിയ അമ്മപ്പുലിയുടെ കഥ, മാൻ കുട്ടിയെ സ്വന്തം സോദരിയായിക്കണ്ട പുലിക്കുട്ടികളുടെ കഥ.

———————–
ഇനി നമുക്ക് കഥയ്ക്കു ശേഷമൊരു കവിതയാവാം. കവിത കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. ഇന്ന് കവിത പാടുന്നത് എ. സൂര്യകുമാരി ടീച്ചറാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശികളായ യു.കെ ഗോപിനായരുടെയും ആലങ്ങോട്ട് കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ് ടീച്ചർ.

കോഴിക്കോട് അച്യുതൻ ഹൈസ്ക്കൂളിലെ പ്രാഥമിക പഠനത്തിനു ശേഷം ടീച്ചർ മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽനിന്നും ഹിന്ദിയിൽ ബിരുദം നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ നഴ്സറി & ഡെ കെയർ സെന്ററിൽ 25 വർഷത്തെ അദ്ധ്യാപനത്തിനു ശേഷം വിരമിച്ചു.

“കളിപ്പാവകൾ’ എന്ന ബാലകവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഭർത്താവ് എ.പി. ഗോപിനാഥമേനോൻ,മക്കളായ ധന്യ,ധനജ് എന്നിവരൊത്ത് കോഴിക്കോട് തേഞ്ഞിപ്പലം അമ്പലപ്പറമ്പിലെ സുഗമത്തിൽ താമസിക്കുകയാണ് ഇപ്പോൾ.

ശ്രീമതി. എ. സൂര്യകുമാരി യുടെ കവിത വായിക്കാം

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

തിരമാല

വെള്ളിയരഞ്ഞാണം പോലെ മിന്നും

കല്ലോലമേ നീയെങ്ങു പോണു?

കടലമ്മയോടു പിണങ്ങീട്ടോ?

കടലാനയെക്കണ്ടു പേടിച്ചോ?

നൃത്തച്ചുവടുകൾ വെച്ചിട്ടു

ആടിക്കുഴഞ്ഞെങ്ങു നീ പോണു ?

കരയിലെ കാഴ്ചകൾ കാണാനോ?

കരയെത്തഴുകിയുറക്കാനോ ?
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

കുഞ്ഞിക്കവിത, നല്ല കവിത. പാടി രസിക്കാം പിന്നെ ഒരു കഥയുമാവാം. കഥ പറയുന്നത് ശ്രീമതി.രാജേശ്വരി തോന്നയ്ക്കൽ എന്ന ടീച്ചറാണ്. തിരുവനന്തപുരം മേൽതോന്നയ്ക്കൽ വില്ലേജിൽ വർത്തുവിളാകത്തു കൊച്ചു നാരായണപിള്ളയുടെയും കെ.കൃഷ്ണമ്മയും മകളായിട്ടാണ് രാജേശ്വരി ജനിച്ചത്. മകൾ: അപർണ്ണ മോഹൻ.

ഗവ.HS.തോന്നയ്ക്കൽ, കരമന NSS..വിമൻസ് കോളജ്.. തിരുവനന്തപുരം., ഗവ.വിമൻസ് കോളജ്., യൂണിവേഴ്സിറ്റി സെന്റർ, കാര്യവട്ടം.. Govt.. ട്രയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം

പെരിന്തൽമണ്ണ PTMഗവ. കോളജിൽ ജൂനിയർ ലക്‌ചറർ ആയി സേവനം തുടങ്ങി. തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഗവ: സ്കൂളുകളിൽ HSA,HSST. ആയി സേവനം അനുഷ്ഠിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും പ്രഥമാധ്യാപികയായി 2013..ൽ വിരമിച്ചു. ആനുകാലികങ്ങളിൽ എഴുതുന്നു. . ആകാശവാണിയിൽ കഥ, കവിത, പ്രഭാഷണം എന്നിവ അവതരിക്കുന്നു.
വേഷം കെട്ടുന്നവർ, അഭിനവ ബുദ്ധൻ, ഉല്ലാസ കോളനിയിലെ ഭാഗ്യശ്രീ,
വിരാമമില്ലാത്ത സല്ലാപങ്ങൾ, പാഠം ഒന്ന്. എന്നീ കഥാസമാഹാരങ്ങളും
പ്രകൃതിയാണിന്നെൻ്റെ ദുഃഖം, വൃദ്ധകാണ്ഡം. എന്നിങ്ങനെ കവിതാസമാഹാരങ്ങളും
നാട്ടുവിശേഷം, വാർദ്ധക്യം- ആസ്വദിക്കാം തുടങ്ങിയ ലേഖന സമാഹാരങ്ങളും,
അച്ചു സർക്കസ്,പഴമയെ തേടി. ഏകലവ്യനും ധ്രുവനും- മറ്റു ചിലരും. മുതലായ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ തിരുവനന്തപുരത്ത് കീഴ് വലം അടുത്ത് ഊരു പൊയ്ക വർത്തുവിളാകത്തിൽ താമസിക്കുന്നു

ശ്രീമതി രാജേശ്വരി തോന്നയ്ക്കൽ എഴുതിയ കഥ താഴെ കൊടുക്കുന്നു.

🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഉറുമ്പിനും പറയാനുണ്ട്

നാട്ടിൽ ഓണക്കാലമായ വിവരമൊന്നും ഉറുമ്പുകൾ അറിഞ്ഞിരുന്നില്ല. അവർ പുലരും മുൻപുതന്നെ മാവേലി സ്റ്റോറിലേക്കു നിരനിരയായി നീങ്ങി പതിവുപോലെ.

നിര തെറ്റിക്കാതെ കുറേപ്പേർ അകത്തേക്കു പോയപ്പോൾ മുന്നേപോയ കുട്ടിരാമൻമാർ അരിമണികളുമായി മടങ്ങിവരുന്നു. വരുന്നവരും പോകുന്നവരും കൂടി ഉന്തും തള്ളും ഒന്നും കൂടാതെ നിശ്ശബ്ദരായി നടന്നുനീങ്ങി.

ചേച്ചിമാരു വന്നു കടതുറക്കും മുമ്പ് കുറെ അരി കടത്തണം എന്ന ഒറ്റ ലക്ഷ്യം മാത്രം.

അന്നൊരു ദിവസം പതിവിനു വിപരീതമായി കടതുറക്കുന്നതിനു വളരെ മുമ്പുതന്നെ കുറെ അമ്മമാർ കൂട്ടംകൂടിനിന്നു കാര്യങ്ങൾ പറയുന്നു.ചന്തയ്ക്കകത്ത് അകപ്പെട്ടപോലെ ബഹളം തന്നെ. മടങ്ങിവരുന്ന ഉറുമ്പുകളിൽ കുട്ടിരാമനും ഉണ്ണിരാമനും കൂടി പോകുന്നവരോടു നിർദ്ദേശിച്ചു.
“ചേട്ടൻമാരേ ഇന്നത്തെ യാത്ര നിർത്തിക്കോ.. അമ്മമാരെല്ലാം അതിരാവിലെ എത്തി നമ്മുടെ ഗതാഗതം തടയുന്നുണ്ട്.

ആപത്ത് മണത്തതിനാൽ ഞങ്ങൾ യാത്രമുടക്കി മടങ്ങി വരികയാണ്.”

കുട്ടിരാമൻ വീണ്ടും പറഞ്ഞു. “ഈ അമ്മമാർക്ക് നമ്മെ കണ്ടു പഠിച്ചാലെന്താ…?

നമ്മൾ ലക്ഷ്യത്തിലേക്കു സഞ്ചരിക്കുമ്പോൾ ഒച്ച വെക്കുന്നുണ്ടോ, തല്ലുണ്ടാക്കുന്നുണ്ടോ..?
നിര തെറ്റിക്കുന്നുണ്ടോ?

എത്ര പട്ടിണിയാണേലും നമ്മുടെ കൂട്ടർ കുടുംബഗുണം വിട്ടു കളിക്കുന്നവരല്ല.

വിദ്യാഭ്യാസോം വിവരോം ഉണ്ടാവുമ്പോഴുള്ള കുഴപ്പമാവും ഈ സ്വാർത്ഥതയും വഴക്കും വക്കാണോം ഒക്കെ ”.

ഉറുമ്പുകൾ അമ്മമാരെക്കുറിച്ചു ചിന്തിച്ചുകൊണ്ട് നടന്നുനീങ്ങി. കൂട്ടത്തിൽ മുതിർന്ന ചേട്ടൻ അവരെ ഉപദേശിച്ചു.

“പരദൂഷണം നമുക്കു ചേർന്നതല്ല… വേണ്ട.. ഒന്നും പറയേണ്ട..” അവർ വേഗത്തിൽ യാത്രതുടർന്നു.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇനി നമുക്ക് ഒരു കവിത കേൾക്കാം.

കവിതയുമായി എത്തിയിട്ടുള്ളത് കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഞീഴൂർ ഗ്രാമക്കാരനായ ശ്രീ.സന്തോഷ് കടുത്തുരുത്തി യാണ്.

നാരായണൻ നായരുടെയും, കമലമ്മയുടെയും മകനായ ശ്രീ. സന്തോഷ് ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള സർവകലാശാലയിൽനിന്നും ബരുദാനന്തരബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ എന്നിവ നേടിയട്ടുണ്ട്. അസാപ് സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ട്രെയിനറുമാണ്.

പതിനാല് വർഷം ലേബർ ഇൻഡ്യ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചു. തുടർന്ന് സ്റ്റുഡന്റ്സ് ഇന്ത്യ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകാംഗവും എക്‌സിക്യൂട്ടീവ് എഡിറ്ററുമായി. സ്റ്റുഡന്റ്സ് ഇന്ത്യ പ്രസാധകരായ കോട്ടയം ആസ്ഥാനമായ ഹാനാസ് എഡ്യൂ. പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡംഗമായും പ്രവർത്തിക്കുന്നു. ഈ കാലയളവിൽ നിരവധി പുസ്തകങ്ങളുടെ എഡിറ്റിംഗ് ചുമതലകൾ നിർവഹിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യയുടെ കുഞ്ഞാറ്റ എന്ന പ്രീപ്രൈമറി പ്രസിദ്ധീകരണത്തിനും തുടക്കമിട്ടു.

ഇപ്പോൾ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റായ ഭാര്യ പ്രീതയോടും, മക്കളായ രവിശങ്കർ, ഹരിശങ്കർ എന്നി രോടുമൊപ്പം കാട്ടാമ്പാക്ക് – ഞീഴൂർ തിരുവാതിരയിൽ -താമസിക്കുന്നു.

ശ്രീ സന്തോഷ് കടുത്തുരുത്തി യുടെ കവിത വായിക്കാം

🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
ആന

നാട്ടിലെ വമ്പൻ ആനയല്ലേ

കാണാനെന്തൊരു ചേലാണ്…!

വമ്പുള്ള കൊമ്പനീ നാട്ടിലൂടെ

കുംഭ കുലുക്കി വരുമ്പോളമ്പോ…!

തുമ്പിയിലമ്പോടു വച്ചു നീട്ടാം

സന്തോഷത്തോടൊരു വാഴക്കുല.

വമ്പോടെ വന്നൊരു കൊമ്പനപ്പോൾ

അൻപോടെ നില്ക്കുന്ന നില്പു കാണാം!

ആനയെക്കുറിച്ചുളള നല്ല കൊച്ചു കവിത.ആനയെക്കണ്ട് തുമ്പിക്കൈയിൽ ഒരു ചെറിയ പഴമെങ്കിലും വച്ചു കൊടുക്കാൻ കൊതി തോന്നിപ്പോവും. ഇല്ലേ? പക്ഷേ ചില കൂട്ടുകാർക്കെല്ലാം ആനയെ വലിയ പേടിയുമാണ്. പേടിയുള്ളവർ കുഴിയാനയുടെ അടുത്തു പോയാൽ മതി. എന്താ പോരേ?
🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣
ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .

പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.

സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments