ടെക് വമ്പന്മാരായ ആപ്പിളിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ വംശജനെ നിയമിച്ചു. കെവൻ പരേഖ് ആണ് കമ്പനിയുടെ ഫിനാൻസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നത്. ലൂക്കാ മെസ്ട്രി ആപ്പിൾ സിഎഫ്ഒ സ്ഥാനമൊഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് കെവന്റെ കടന്നുവരവ്. അദ്ദേഹം മുൻപ് കമ്പനിയുടെ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വിഭാഗം വൈസ് പ്രസിഡൻ്റ് ആയിരുന്നു.
മിഷിഗൺ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും
ഷിക്കാഗോ സർവകലാശാലയിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ അദ്ദേഹം
തോംസൺ റോയിട്ടേഴ്‌സ്, ജനറൽ മോട്ടോഴ്‌സ് എന്നീ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം സിഎഫ്ഒ സ്ഥാനത്ത് നിന്നും വിരമിക്കുമെങ്കിലും കോർപ്പറേറ്റ് സർവീസ് ടീമുകളായ ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ സെക്യൂരിറ്റി, റിയൽ എസ്റ്റേറ്റ്, ഡെവലപ്‌മെൻ്റ് എന്നിവരെ ലൂക്കോ മെസ്‌ട്രി തന്നെ തുടർന്നും നയിക്കുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. ഐഫോൺ 16 സീരീസ് അടക്കമുള്ള വമ്പൻ ലോഞ്ചുകൾ അടുത്തിരിക്കെയാണ് കമ്പനി അഴിച്ചുപണി നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അതിനിടെ ആപ്പിളിൻ്റെ ജെഫ് വില്യംസിന് പകരം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ കടന്നുവന്നേക്കുമെന്ന് റിപോർട്ടുകൾ ഉണ്ട്. ഇതോടെ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രിയ ബാലസുബ്രഹ്മണ്യം എത്തിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.