ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വയനാട് ദുരന്തബാധിതരുടെ പുനരധിവാസം, പ്രളയ ദുരിതാശ്വാസം എന്നിവയടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ഡൽഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രിയെ കണ്ടുമടങ്ങിയത്. ഉരുൾ ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കേരളത്തിന്റെ സാമ്പത്തിക പാക്കേജിനോടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് നേരിട്ട് പ്രധാനമന്ത്രിയെ കാണാൻ തീരുമാനിച്ചത്.