കൽപ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കണ്ടറി സ്കൂളിൽ അധ്യയനം ഇന്ന് ആരംഭിക്കും. ജിഎല്‍പിഎസ് മേപ്പാടി, ജിഎച്ച്എസ്എസ് മേപ്പാടി എന്നിവിടങ്ങളിലാണ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ജിവിഎച്ച്എസ് വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പഠനം ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ ജിഎൽപിഎസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലും ആരംഭിക്കുന്ന സെപ്റ്റംബർ 2 ന് പ്രവേശനോൽസവം നടത്തും.ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ നൂറ് കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് മേപ്പാടി സ്കൂളിലായിരുന്നു.
താല്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്കൂളുകളില്‍ പഠന പ്രവര്‍ത്തനമാരംഭിക്കുന്നത്. ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്.
ഓഗസ്റ്റ് 30നകം കുറ്റമറ്റ രീതിയില്‍ താത്കാലിക പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു.ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസര്‍ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങള്‍ക്കും താമസിക്കാനിടമായി. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍, സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടക വീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മാറിതാമസിച്ചത്.ഇവരുടെ താമസ സ്ഥലങ്ങളില്‍ ‘ബാക്ക് ടു ഹോം കിറ്റുകളും’ ജില്ലാ ഭരണകൂടം എത്തിച്ചു വരികയാണ്.
ഫര്‍ണിച്ചര്‍ കിറ്റ്, ഷെല്‍ട്ടര്‍ കിറ്റ്, കിച്ചണ്‍ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്സണല്‍ ഹൈജീന്‍ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയുള്‍പ്പെടെയാണ് ബാക്ക് ടു ഹോം കിറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ട് പേർക്ക് പ്രതിമാസം 18000 രൂപ ധനസഹായം നൽകും. ഇതുകൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപ മാസ വാടകയും നല്‍കും.താല്‍ക്കാലികമായി പുനരധിവസിപ്പിച്ചര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കും.
അന്തിമ പുനരധിവാസം സര്‍വതല സ്പര്‍ശിയായ രീതിയിലാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്ക് വെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് രൂപം നല്‍കുക.
അതേസമയം ഉരുൾപൊട്ടലിൽ ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തുമെന്ന് പിഡിഎന്‍എ (Post Disaster Needs Assessment) സംഘം അറിയിച്ചു. ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് ദേശീയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകളുമായി പിഡിഎന്‍എ സംഘം നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍പൊട്ടലില്‍ സമഗ്രതല സ്പര്‍ശിയായ പഠനമാണ് സംഘം ഉദ്ദേശിക്കുന്നത്. ദുരന്തബാധിതരായ മുഴുവനാളുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഹ്രസ്വ ഇടക്കാല ദീര്‍ഘകാല വീക്ഷണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രൊഫ ആര് പ്രദീപ്കുമാര്‍ വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും സമഗ്ര നിരീക്ഷണം ആവശ്യമാണെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ വിപുലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണം. നാശനഷ്ടം കണക്കാക്കുമ്പോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് ജില്ലയില്‍ സംഭവിച്ചത്.ജനങ്ങളുടെ ജീവനോപാധിക്ക് പ്രാധാന്യം കൊടുക്കണം.
ഉപജീവന മേഖലയില്‍ വളരെ ചെറിയ സംരംഭങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാവരെയും ഉള്‍കൊള്ളുന്ന വളരെ അഭികാമ്യമായ പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടൗണ്‍ഷിപ്പ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ വരണം. സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെയാണ് സംഘത്തിന്റെ പഠനത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.