Monday, October 28, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് ( മുൻപ് ട്വിറ്റർ ) ബ്രസീലിലെ പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന തന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നു സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറേസ് ഭീഷണിപ്പെടുത്തിയെന്നാണു കമ്പനിയുടെ ആരോപണം. ജഡ്ജിയുടെ ഉത്തരവ് പുറത്തുവിടുകയും ചെയ്തു. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി പ്രവർത്തനം നിർത്തുന്നുവെന്നാണ് എക്സിന്റെ വിശദീകരണം. മുൻ പ്രസിഡന്റ് ജയ്ർ ബൊൽസൊനാരോയുമായി ബന്ധപ്പെട്ട തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം കൂട്ടത്തോടെ നീക്കം ചെയ്യാൻ ഈ വർഷം ആദ്യമാണു ജസ്റ്റിസ് മൊറേസ് ഉത്തരവിട്ടത്. ഇതു ജനാധിപത്യമല്ല, സെൻസർഷിപ്പാണ് എന്നു വാദിച്ചു സമൂഹമാധ്യമ കമ്പനി എതിർക്കുകയും ചെയ്തു. ഓഫിസ് പൂട്ടിയാലും തുടർന്നും ബ്രസീലിൽ എക്സ് ലഭ്യമാകുമെന്ന് മസ്ക് അറിയിച്ചു. പ്രവർത്തനം അവസാനിപ്പിച്ചാൽ ഇതെങ്ങനെ സാധ്യമാകുമെന്നു വ്യക്തമാക്കിയില്ല.

2. യുക്രെയ്ൻ സൈന്യം റഷ്യയുടെ കർസ്ക് മേഖലയിലെ 1,250 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങളും 92 സെറ്റിൽമെന്റുകളും നിയന്ത്രണത്തിലാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെ‍‍ൻസ്കി. റഷ്യയുടെ ഉൾപ്രദേശങ്ങളിൽ പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന്റെ സഖ്യകക്ഷികൾ അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അനുമതി ലഭിക്കാത്തതാണ് കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യത്തെ തടയാൻ യുക്രെയ്നു കഴിയാത്തതിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് 45 ഡ്രോണുകൾ തൊടുത്തുവിട്ട് യുക്രൈൻ. എല്ലാം തകർത്തതായി റഷ്യൻ‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്കോ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം ആയിരുന്നു ഇതെന്ന് റഷ്യ ആരോപിച്ചു. അതേസമയം, യുക്രെയ്ൻ സമ്പൂർണമായി അടിയറവു പറയുന്നതുവരെ ചർച്ചയില്ലെന്നും യുദ്ധം തുടരുമെന്നും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഉപമേധാവി ദിമിത്രി മെദ്‌വെദെവ് പറഞ്ഞു.

3. ഇറ്റലിക്കു തെക്കു സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റിൽ ആഡംബര നൗക മുങ്ങി ഒരാൾ കൊല്ലപ്പെട്ടു. ബ്രിട്ടിഷ് ടെക് വ്യവസായ പ്രമുഖൻ മൈക് ലിൻജ് (59) അടക്കം 6 പേരെ കാണാതായി. പിന്നീട് ലിൻജിന്റെ മൃതദേഹം കണ്ടെടുത്തു. ലിൻജിന്റെ ഭാര്യ അടക്കം 15 പേരെ രക്ഷിച്ചു. 184 അടി നീളമുള്ള ‘ബേസിയൻ’എന്ന നൗകയിൽ 10 ജീവനക്കാർ അടക്കം 22 പേരാണ് ഉണ്ടായിരുന്നത്. സിസിലിയുടെ തലസ്ഥാനമായ പലേർമോയിൽനിന്ന് തിങ്കളാഴ്ച പുലരും മുൻപേയാണു നൗക പുറപ്പെട്ടത്. മോശം കാലാവസ്ഥ പ്രവചിച്ചിരുന്നുവെങ്കിലും ശക്തമായ കൊടുങ്കാറ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിൽ ശക്തമായ മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു.

4. ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്നു കരുതപ്പെടുന്ന സ്പെയിനിലെ 117 വയസ്സുകാരിയായ മരിയ ബ്രൻയാസ് അന്തരിച്ചു. ലോകമെമ്പാടുമുള്ള 110 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കണക്കുകൾ സൂക്ഷിക്കുന്ന ജെറോന്റോളജി റിസർച് ഗ്രൂപ്പ് ആണ് മരിയ ബ്രൻയാസിനെ ഏറ്റവും പ്രായമുള്ള വ്യക്തിയായി കണ്ടെത്തിയത്. 116 വയസ്സുള്ള ജപ്പാനിൽ നിന്നുള്ള ടോമികോ ഇട്ടൂക്ക ആണ് ഇനി ഏറ്റവും പ്രായമുള്ള വ്യക്തി.

5. ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ ലഭിച്ച ആഭരണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പുതിയ അഴിമതിക്കേസ്. ഏഴരക്കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന ആഭരണം സർക്കാർ പാരിതോഷിക ശേഖരം സൂക്ഷിക്കുന്ന ‘തോഷഖാന’യിൽനിന്ന് വാങ്ങിയ ശേഷം ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്നു മറിച്ചുവിറ്റെന്നാണ് ആരോപണം. തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട് ഇമ്രാനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കേസും ഇമ്രാനും ഭാര്യയ്ക്കുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ നൽകിയ മറ്റൊരു കേസും നേരത്തേയുണ്ട്. ഈ പരമ്പരയിലെ മൂന്നാമത്തെ കേസാണിത്. ഇമ്രാനും ഭാര്യയും ഇപ്പോൾ ജയിലിലാണ്.

6. ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുനൽകണമെന്ന് ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ആവശ്യപ്പെട്ടു. രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്ന് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ പറഞ്ഞു. ബംഗ്ലദേശിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ബിഎൻപി. നിയമപരമായ വഴിയിലൂടെ ഹസീനയെ കൈമാറണം. ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തി– മിർസ പറഞ്ഞു. അതിനിടെ, ബിഎൻപി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ (79) ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കി. ഖാലിദ സിയയുടെ അക്കൗണ്ടുകൾ 17 വർഷമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ഹസീന ഭരണകൂടം 2018 ൽ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാർ തീരുമാനിച്ചു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ‌ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പാസ്പോർട്ടുകളും റദ്ദാക്കും.
അതേസമയം, ബംഗ്ലദേശിലെ സിൽഹട്ട് നഗരത്തിൽ പ്രകടനത്തിനുനേരെ വെടിവയ്പുണ്ടായ സംഭവത്തിൽ ഷെയ്ഖ് ഹസീനയ്ക്കും 86 പേർക്കും എതിരെ കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 4നു ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെ (ബിഎൻപി) റാലിക്കുനേരെ നടന്ന വെടിവയ്പിൽ ഒട്ടേറ‌െപ്പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഷെയ്ഖ് ഹസീനയ്ക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതകക്കേസുകളാണ്. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ, ഹസീനയുടെ ഉപദേശകനായിരുന്ന സൽമാൻ എഫ്. റഹ്മാൻ എന്നിവരും പ്രതികളാണ്.

7. അങ്ങ് അന്റാർട്ടിക്കയിലും മൈക്രോ പ്ലാസ്റ്റിക്. അന്റാർട്ടിക്കയിലെ അഡെലി പെൻഗ്വിനുകളും പ്ലാസ്റ്റിക്കിന്റെ പിടിയിലായി. ഇവയുടെ ശരീരത്തിൽ പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങളുടെ (മൈക്രോ പ്ലാസ്റ്റിക്) സാന്നിധ്യം കണ്ടെത്തി. സിഎസ്ഐആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി അടക്കമുള്ള സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സയൻസ് ഓഫ് ദ് ടോട്ടൽ എൻവയൺമെന്റ്’ ജേണലിൽ രണ്ടാഴ്ച മുൻപാണു പഠനം പ്രസിദ്ധീകരിച്ചത്. അന്റാർട്ടിക്കയിലെ ആവാസവ്യവസ്ഥയിലും മൈക്രോപ്ലാസ്റ്റിക്കുകൾ വലിയ വെല്ലുവിളിയായി മാറുന്നുവെന്നു പഠനം സൂചിപ്പിക്കുന്നു. മറ്റു പെൻഗ്വിൻ ഇനങ്ങളെയും ഇതു ബാധിക്കുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

8. ഗാസ സിറ്റിയിൽ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ തുരങ്കത്തിൽനിന്ന് 6 ബന്ദികളുടെ മൃതദേഹം ഇസ്രയേൽ സൈന്യം കണ്ടെടുത്തു. 109 ബന്ദികൾ കൂടി ഗാസയിൽ ശേഷിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ കണക്ക്. ബന്ദികളെ തിരിച്ചെത്തിക്കാനുള്ള അവസരങ്ങൾ ഇസ്രയേൽ സർക്കാർ അട്ടിമറിച്ചെന്ന് ബന്ദികളുടെ ബന്ധുക്കൾ ആരോപിച്ചു. വെടിനിർത്തൽ പദ്ധതിയുടെ വ്യവസ്ഥകൾ യുഎസ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് അന്ധമായ ചായ്‌വു കാട്ടുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തലിൽനിന്ന് പലസ്തീൻ സംഘടന പിന്നാക്കം പോകുന്നുവെന്ന ബൈഡന്റെ ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും ഹമാസ് പ്രസ്താവിച്ചു. അതേസമയം, വെടിനിർത്തൽ ചർച്ചയുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കയ്റോയിലെത്തി. വെടിനിർത്തലിന് യുഎസ് മുന്നോട്ടു വച്ച ഒത്തുതീർപ്പു ശുപാർശകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അംഗീകരിച്ചെന്നും ഹമാസും അതിനു തയാറാകണമെന്നും ബ്ലിങ്കൻ പറഞ്ഞു. കയ്റോയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.

ബൈഡൻ ഭരണകൂടത്തിന്റെ ഇസ്രയേൽ പക്ഷപാതത്തിന് എതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവൻഷൻ നടക്കുന്ന ഷിക്കാഗോയിൽ വൻറാലി നടന്നു. അതേസമയം ഗാസയിലെ വെടിനിർത്തലിനായി യുഎസിന്റെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയുമായുള്ള പോരാട്ടം രൂക്ഷമാകുന്നു. ബെക്കാ താഴ്‌വരയിലുള്ള ഹിസ്ബുല്ലയുടെ ആയുധപ്പുരകൾ ഇസ്രയേൽ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിലേക്ക് അടക്കം ഹിസ്ബുല്ല തുടർച്ചയായ റോക്കറ്റാക്രമണം നടത്തി. ഇസ്രയേൽ സൈന്യത്തിന്റെ ശ്രദ്ധ നിലവിൽ ലബനൻ അതിർത്തിയിലാണെന്ന് പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞു.

9. ബഹുരാഷ്ട്ര കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സിന്റെ പുതിയ സിഇഒയ്ക്ക് ദിനവും ഓഫിസിലെത്താൻ സഞ്ചരിക്കേണ്ടത് 1600 കിലോമീറ്റർ! സിഇഒ ബ്രിയാൻ നിക്കോൾ (50) കലിഫോർണിയയിൽ ആണ് താമസം. സ്റ്റാർബക്സിന്റെ ആസ്ഥാനം വാഷിങ്ടനിലെ സിയാറ്റിലിലും. അങ്ങോട്ടേക്കു താമസം മാറാൻ നിക്കോൾ വിസമ്മതിച്ചതോടെയാണ് ദിനംപ്രതി ദീർഘയാത്ര വേണ്ടിവരുന്നത്. ഓഫിസിലേക്കുള്ള യാത്രയ്ക്ക് നിക്കോൾ കോർപറേറ്റ് ജെറ്റ് ഉപയോഗിക്കുമെന്നു കമ്പനി പുറത്തുവിട്ട കരാർ വ്യക്തമാക്കുന്നു. ദൂരക്കൂടുതൽ ഉണ്ടെങ്കിലും കമ്പനിയുടെ ഹൈബ്രിഡ് വർക്ക് പോളിസി പ്രകാരം ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം നിക്കോൾ സിയാറ്റിലിലെ ഓഫിസിൽ എത്തുമെന്നാണു കരാർ. നിക്കോളിന്റെ വാർഷിക അടിസ്ഥാന ശമ്പളം 13.42 കോടി രൂപയാണ്. പ്രകടനത്തിന് അനുസരിച്ച് 30 കോടി മുതൽ 60 കോടി രൂപ വരെ ബോണസ് ലഭിക്കും. ഇക്വിറ്റി അവാർഡ് ഇനത്തിൽ 193 കോടി രൂപ വരെ നേടാനും അവസരം ഉണ്ട്. നിക്കോൾ 2018 ൽ, ചിപ്പോട്ടിലിന്റെ സിഇഒ ആയിരുന്നപ്പോൾ കോളറാഡോയിലെ അവരുടെ ഓഫിസിലേക്ക് ഇതുപോലെയാണ് സഞ്ചരിച്ചിരുന്നത്. നിക്കോൾ ജോലിക്കു കയറി മൂന്നുമാസത്തിനു ശേഷം അവർ കലിഫോർണിയയിലേക്ക് ആസ്ഥാനം മാറ്റി.

സ്ഥാനമൊഴിയുന്ന സിഇഒ ലക്ഷ്മൺ നരസിംഹന്റെ കാലത്ത് സ്റ്റാർബക്സിന്റെ ഏറ്റവും വലിയ മാർക്കറ്റുകളായ യുഎസിലും ചൈനയിലും വൻ ഇടിവാണ് കമ്പനിക്കുണ്ടായത്. അതുകൊണ്ടുതന്നെ നിക്കോളിന്റെ വരവോടെ വൻകുതിച്ചുചാട്ടമുണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് ഇത്തരം ‘ഉദാര’ നയങ്ങൾക്ക് കമ്പനി തയാറാകുന്നതെന്നു വിലയിരുത്തപ്പെടുന്നു. നിക്കോൾ ചിപ്പോട്ടിലിൽ ഉണ്ടായിരുന്നപ്പോൾ കമ്പനിയുടെ ഓഹരിമൂല്യം 773% ആയി കുതിച്ചിരുന്നു.

10. മസൂദ് പെസെഷ്‌കിയാന്റെ മന്ത്രിസഭയെ പൂര്‍ണമായി അംഗീകരിച്ച് ഇറാന്‍ പാര്‍ലമെന്റ്. 2001ന് ശേഷം ആദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്റിന്റെ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും അംഗീകരിക്കപ്പെടുന്നത്. ഉച്ചയ്ക്ക് നടന്ന വോട്ടെടുപ്പിലാണ് 19 അംഗങ്ങളും അംഗീകരിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ അസിസ് നസീര്‍സദേയെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. 288 പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് 281 വോട്ടുകള്‍ നേടിയാണ് അസിസ് വിജയിച്ചത്. 2018 മുതല്‍ 2021 വരെ വ്യോമസേനാ മേധാവിയായിരുന്നു. അബ്ബാസ് അരഗ്ച്ചിയാണ് വിദേശകാര്യ മന്ത്രി. 2015ല്‍ ലോകശക്തികളുമായി ആണവ കരാര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ട ഇറാനിയന്‍ ചര്‍ച്ചാ സംഘത്തിലെ അംഗം കൂടിയായിരുന്നു അരഗ്ച്ചി. 231 വോട്ടുകള്‍ നേടിയ ഫര്‍സാനേ സദേഗാണ് മന്ത്രിസഭയിലെ ഏക വനിത അംഗം. ഭവന, റോഡ് വകുപ്പുകളാണ് ഫർസാനേയുടെ കീഴിലുള്ളത്. നിര്‍ദിഷ്ട മന്ത്രിമാരെ ഒഴിവാക്കുന്നത് ഇറാന്‍ പാര്‍ലമെന്റിലെ സാധാരണ രീതിയായിരുന്നു. നേരത്തെ, തന്റെ എല്ലാ മന്ത്രിമാര്‍ക്കും വിശ്വാസവോട്ട് ലഭിച്ച പ്രസിഡന്റ് മുഹമ്മദ് ഖതാമിയായിരുന്നു.
ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 16.3 ദശലക്ഷം വോട്ടുകള്‍ നേടിയാണ് പെസെഷ്‌കിയാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2008 മുതല്‍ അദ്ദേഹം പാർലമെന്റ് അംഗമാണ്.

11. ബംഗ്ലദേശിൽ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയെന്ന് ആരോപണം. ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്നാണ് ആരോപണം. ആരോപണം ഇന്ത്യ തള്ളി. ബുധനാഴ്ച രാവിലെ മുതൽ കോമില്ല വെള്ളത്തിനടിയിലാണ്. റിസർവോയർ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിച്ചു. കനത്ത മഴയെത്തുടർന്നാണ് 31 വർഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഇത് ബംഗ്ലദേശിനെ അറിയിക്കാത്തത് മോശമാണെന്നും ബംഗ്ലദേശ് ജല വികസന ബോർഡ് പറഞ്ഞതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിസർവോയറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നതെന്നും ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും മന്ത്രാലയം അറിയിച്ചു. ത്രിപുരയിലും അതിനോട് ചേർന്നുള്ള ബംഗ്ലദേശിന്റെ മേഖലകളിലും ജനങ്ങൾ സമാന ദുരിതമാണ് അനുഭവിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 21 മുതൽ തുടരുന്ന മഴയെത്തുടർന്ന് റിസർവോയറിന്റെ ഗേറ്റ് ഉയർത്തിയിട്ടുണ്ട്. വൈദ്യുതി തടസം കാരണം ഇക്കാര്യം ബംഗ്ലദേശിനെ അറിയിക്കുന്നതിൽ താൽക്കാലിക തടസം നേരിട്ടെങ്കിലും മറ്റ് അടിയന്തര മാർഗങ്ങളിലൂടെ കഴിയുന്നതും വേഗം വിവരം കൈമാറിയെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

12. ചൈനയുടെ 2020–ലെ ചാന്ദ്ര പര്യവേക്ഷണത്തിൽ ശേഖരിച്ച മണ്ണിൽനിന്നും വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ശാസ്ത്ര‍ജ്ഞർ. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരുടെ 3 വർഷം നീണ്ട പഠനങ്ങളും പരീക്ഷണങ്ങളുമാണു ഫലം കണ്ടതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപനിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെളളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണലിൽനിന്നും 76 ലീറ്റർ വരെ വെള്ളം ഉൽപാദിപ്പിക്കാനാവും.

13. മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകർ സഞ്ചരിച്ച ബസ് നേപ്പാളിൽ നദിയിൽ വീണ് 27 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തൻഹൻ ജില്ലയിൽ ദേശീയ പാതയിലെ ആയിന പഹാറയിൽ വച്ച് 150 അടി ഉയരെ നിന്ന് കുത്തൊഴുക്കുള്ള മാർഷിന്ദി നദിയിലേക്കാണ് ബസ് മറിഞ്ഞത്. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ നിന്ന് കഠ്മണ്ഡുവിലെത്തിയശേഷം പൊക്കാറ നഗരത്തിലെ റിസോർട്ടിലേക്ക് പോകുകയായിരുന്നു സഞ്ചാരികൾ. 43 പേരാണ് ബസിലുണ്ടായിരുന്നത്. 27 പേരുടെയും മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ജൽഗോൺ ജില്ലയിൽ നിന്നുള്ള 104 അംഗ സംഘം 3 ബസുകളിലാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു ബസ് ആണ് അപകടത്തിൽപെട്ടത്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments