കൂട്ടായ്മയുടെ അസ്വാദ്യത (സങ്കീ. 133:1-3)
” ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വിസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു”
(വാ.1).
വളരെ ഹൃസ്വമെങ്കിലും, പ്രധാനപ്പെട്ട ഒരാശയം വെളിപ്പെടുത്തുന്ന ഒന്നാണ് നാം ധ്യാനിക്കുന്ന133-ാം സങ്കീർത്തനം. ഒരുമയുടെയും സാഹോദര്യത്തിന്റെയും ആസ്വാദ്യതയും ഊഷ്മളതയും ഇത്രമേൽ മനോഹരമായി വെളിപ്പെടുത്തുന്ന
മറ്റൊരു വേദഭാഗം ഉണ്ടോ എന്നു സംശയമാണ്. ആദിമസഭ വെളിപ്പെടുത്തിയ ഒരുമയുടെയും കൂട്ടായ്മയുടെയും അനുഭവം പോലെ (അ.പ്ര. 2:43 -47;4: 32-35), കൂട്ടായ്മാ ജീവിതത്തിന്റെ തന്മയും തനിമയും ഈ വേദഭാഗവും വെളിപ്പെടുത്തുന്നു.
” കൂട്ടായ്മ” എന്നാൽ, കൂടുക, പാടുക, പ്രാർത്ഥിക്കുക, ഇതൊക്കെയാണെന്നാണു പൊതുവേ ചിന്തിക്കുക! കൂട്ടായ്മ (Koinonia) എന്നാൽ, ദൈവ കേന്ദ്രീകൃതവും, ക്രിസ്തോന്മുഖവുമായ കൂട്ടായ ജീവിതമാണ്. ആദിമ സഭാ കൂട്ടായ്മയുടെ ആസ്വാദ്യത വെളിപ്പെടുത്തുവാൻ, അപ്പൊസ്തല പ്രവൃത്തികളുടെ രചയിതാവ് വി. ലൂക്കോസ് ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങൾ ഏറെ വശ്യമാണ്, മനോഹരമാണ്! “അവർ ഒരു മനപ്പെട്ടു ദേവലയത്തിൽ കൂടിവരികയും, വീട്ടിൽ അപ്പം നുറുക്കിയും കൊണ്ട്, ഉല്ലാസവും, ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കുകയും, ദൈവത്തെ സ്തുതിക്കുകയും, സകല ജനത്തിന്റെയും കൃപ അനുഭവിക്കുകയും ചെയ്തു” (അ.പ്ര.
2:46, 47 ) എന്നാണ്, രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഈ സങ്കീർത്തനവുമായി ചേർത്തു വെച്ചു വായിക്കേണ്ട ഒന്നാണ്.
യഥാർത്ഥ സാഹോദര്യം പ്രദാനം ചെയ്യുന്ന മാനസ്സികഉല്ലാസവും ഊഷ്മളതയും
വേറിട്ട ഒരനുഭവം തന്നെയാണ്. യശ:ശരീരരായ എസ്സ്.കെ.ഏബ്രഹാമും, അഡ്വ.
പി.എ. സൈറസും, എളിയ വനായ ഈയുള്ളവനും കൂടി, ആദ്യകാലത്തു പ്രവർത്തിച്ചിരുന്ന ഒരു മേഖലാണു കണ്ണമ്പടി. ഇന്നവിടെ തദ്ദേശിയരുടെ ഒരു ആരാധനാ കൂട്ടായ്മയുണ്ട്. ഒരു ദിവസം, ഭവന സന്ദർശനവും കൂട്ടായ്മയും കഴിഞ്ഞ്,
ഞങ്ങൾ ആ പാവപ്പെട്ട മനുഷ്യരോടൊപ്പം, ഒരു ഭവനത്തിൽ, കപ്പയും കാച്ചിലും, ചേമ്പും ഒക്കെ പുഴുങ്ങി, വെറും കാന്താരിയും ഉണക്കമീൻ ചമ്മന്തിയും കൂട്ടി, വട്ടമിരുന്നു ഭക്ഷിച്ചതിന്റെ ആസ്വാദ്യത, ഇന്നും നാവിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ഏറ്റവും ആസ്വാദ്യകരം എന്നു തോന്നിയിട്ടുള്ള ഒരു ഭക്ഷണ കൂട്ടായ്മയും
അതിനു സമാനമായിട്ടുള്ളത് ആയിരുന്നിട്ടുമില്ല. പൂർത്തീകരിക്കപ്പെടാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഒരു മുൻ ആസ്വാദനമായി അതിനെ കാണാനാണ്,
ഈയുള്ളവന് ഇഷ്ടം. നമ്മുടെ കൂട്ടായ്മകൾ അത്തരം കൂട്ടായ്മകളായി
മാറിയിരുന്നെങ്കിൽ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: വിശ്വാസികൾ ഒരുമനപ്പെടുത്തിടത്താണ്, കൂട്ടായ്മയുടെ ഊഷമളതയും ആസ്വാദ്യതയും വെളിപ്പെടുക!