മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ചിലപ്പോൾ രോഗവുമായി ചെല്ലുന്ന രോഗികളോട് ഡോക്ടർമാർ പറയാറുണ്ട്
ഞങ്ങളെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തു ഇനി നിങ്ങൾ ദൈവത്തെ വിളിക്കുകയെന്ന് പറയും. മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധിക്കും.
യാക്കോബ് 4:7
” നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ പിശാചിനോട് എതിർത്തു നില്പിൻ, എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”
പിശാച് ഉണ്ടെന്നും പിശാചിനു മനുഷ്യനെ സ്വാധീനിക്കുവാൻ കഴിയുമെന്നും, യേശുവിൽ വിശ്വസിക്കുന്നവർക്ക് അതിനെ അതിജീവിക്കുവാൻ സാധിക്കുമെന്നും വിശ്വസിക്കുക. ന്യായപ്രമാണത്തിനു കീഴിൽ എന്റെ സ്വന്തം കഴിവിലൂടെയാണ് കല്പനകാൽ അനുസരിക്കേണ്ടതും പാപത്തെ ജയിക്കേണ്ടതും, എന്നാൽ കൃപയുടെ കീഴിൽ ദൈവം തന്റെ പരിശുദ്ധാത്മാവിനെ സഹായകനായി തന്നു ദൈവ കല്പനകൾ അനുസരിക്കാനും പാപത്തെ ജയിക്കാനും ശക്തി ലഭിക്കുന്നു.
ദൈവത്തിന്റെയും നമ്മുടെയും ശത്രു പിശാച്
2 കൊരിന്ത്യർ 11-3
“സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതു പോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള എകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ
എന്ന് ഞാൻ ഭയപ്പെടുന്നു”
ദൈവത്തിന്റെ രൂപത്തിലും സാദ്യശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ പിശാച് ഹവ്വായോട് നിങ്ങൾ ഫലം തിന്നാൽ ദൈവത്തെപ്പോലെ ആകുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു. ഇങ്ങനെയാണ് പിശാച് ഹവ്വായെ ഉപായത്താൽ ചതിച്ചത്.
വീണ്ടും ജനിച്ച നമുക്ക് ദൈവം സകല അധികാരവും തന്നിട്ടുണ്ട്. ദൈവം തന്ന നന്മകളെക്കുറിച്ചും, അധികാരത്തെക്കുറിച്ചും സംശയം തോന്നുന്ന രീതിയിൽ നമ്മേയും പിശാച് ഉപായത്താൽ ചതിക്കുവാൻ ശ്രമിക്കും. എന്നാൽ യേശുവിൽ വിശ്വസിക്കുന്ന നമുക്ക് ഇതിന്റെ മേലെല്ലാം ജയമുണ്ട്.
ലൂക്കോസ് 10:19
” പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു. ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയുമില്ല”
ആദാമിന്റെ പാപം നിമിത്തം പിശാചിന്റെ കർത്യത്വത്തിലായിരുന്ന നമ്മളെ യേശു തന്റെ രക്തം ചൊരിഞ്ഞു വീണ്ടെടുത്തു തന്റെ കർത്യത്വത്തിലാക്കി.മനുഷ്യർ പലപ്പോഴും ശകുനങ്ങളിലും ലക്ഷണങ്ങളിലും വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന നാം ദൈവം നടത്തിപ്പിൽ വിശ്വസിക്കുന്നു.
റോമർ 8:28
“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയ പ്രകാരം
വിളിക്കപ്പെട്ടവർക്കു തന്നെ സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്നും നാം അറിയുന്നു”
പല പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നാൽ അവരെ തമ്മിൽ ബന്ധിപ്പിക്കാനല്ല ശ്രമിക്കേണ്ടത്. മറിച്ചു എന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഏതു കാര്യത്തിനും ഒരു ഉദ്ദേശമുണ്ട്. തിന്മയ്ക്കായി സംഭവിച്ചാലും അതു നന്മക്കായി ദൈവം മാറ്റുമെന്നും നാം വിശ്വസിക്കണം. നാമെന്തു വിശ്വസിക്കുന്നുവോ അതായിരിക്കും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്.
കർത്താവ് നീതിമാനാണ് തന്റെ മക്കളെ താളടിയായി പോകുവാൻ ദൈവം ഒരിക്കലും സമ്മതിക്കില്ല. ദൈവത്തിന്റെ മുന്നിൽ താണിരിക്കുക ദൈവം മാനിക്കും.
ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ.