Sunday, October 27, 2024
Homeഅമേരിക്കആറന്മുളയിലെ വള്ളസദ്യ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ആറന്മുളയിലെ വള്ളസദ്യ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

2024 ലെ തിരുവോണത്തെയും ഒപ്പം മാവേലിയെയും വരവേൽക്കാൻ ലോകം മുഴുവൻ ഉള്ള മലയാളി സമൂഹം ഒരുങ്ങി കഴിഞ്ഞു.

വയനാട് ദുരന്തത്തിന്റെ മാരക മുറിവും പ്രളയവും മഴക്കെടുതിയും വിതച്ച ആഘാതത്തിൽ നിന്നും സാവകാശം കര കയറുന്ന കേരള ജനതയ്ക്കു ഓണക്കാലം വലിയ ഒരു ആശ്വാസം ആണ് നൽകുന്നത്.

കോവിഡ് മഹാമാരി മൂലം നഷ്ടപ്പെട്ട രണ്ടു ഓണക്കാലം ഒഴിച്ച് നിർത്തിയാൽ ഗൾഫിലും ഓസ്ട്രേലിയ യൂറോപ്പ് ആഫ്രിക്ക അമേരിക്ക തുടങ്ങിയ മലയാളികൾ ഉള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഓണഘോഷം നടക്കുന്നത് നാടിന് അതിശയിപ്പിക്കും വിധമാണ്.

എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും അമേരിക്കയിൽ എത്തിയ മലയാളികൾ രണ്ടും മൂന്നും കുടുംബങ്ങൾ ഒത്തു ചേർന്ന് ഏതെങ്കിലും ഒരു വീട്ടിൽ ആണ് ഓണം ആഘോഷിച്ചിരുന്നത്. പിന്നീട് അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചപ്പോൾ അടുത്ത ഫാമിലികൾ ഒത്തുചേർന്നു ഓണം ആഘോഷിച്ചു തുടങ്ങി.

എൺപതുകളുടെ മധ്യത്തോടുകൂടി അമേരിക്കയിൽ ആകമാനം മലയാളി സംഘടനകളും അസോസിയേഷനുകളും രൂപപ്പെട്ടു തുടങ്ങിയതോടുകൂടി ഓണഘോഷത്തിന്റെ രൂപവും ഭാവവും മാറീതുടങ്ങി.

എല്ലാ മലയാളികളുടെയും വികാരമായ ഓണഘോഷം ഇപ്പോൾ സംഘടനകൾ നടത്തുന്നത് കേരളത്തിന്റെ എല്ലാ തനതായ പാരമ്പര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ്.

പുലികളിയും ചെണ്ട മേളവും ഉൾപ്പെടുന്ന ഓണഘോഷത്തിൽ വടംവലിയും ഒരു പ്രധാന ഇനമാണ്.

ഓണഘോഷത്തിന്റെ ഭാഗമായി ഇരുന്നൂറ്റി അൻപതും അഞ്ഞൂറും സുന്ദരികൾ അണിനിരക്കുന്ന തിരുവാതിരയും മോഹിനിയാട്ടവും കുച്ചിപ്പുടിയും എന്തിനേറെ യുവതി യുവാക്കളുടെ ആവേശമായ സിനിമാറ്റിക് ഡാൻസും അമേരിക്കയിൽ ഉടനീളമുള്ള ഓണഘോഷത്തിൽ ഉൾപ്പെടുന്നു.

ആയിരവും രണ്ടായിരവും പേർക്ക് സദ്യ വിളമ്പുന്ന അസോസിയേഷനുകൾ അമേരിക്കയിൽ ഉണ്ട്. കേരളത്തിലെ പ്രശസ്തനായ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി പല തവണ സദ്യ തയ്യാറാക്കാൻ അമേരിക്കയിൽ എത്തി.

കേരളത്തിന്റെ പരമ്പരാഗതമായ മുണ്ടും ജൂബയും പുരുഷന്മാരും സെറ്റ് സാരിയും ചന്ദനക്കുറിയും സ്ത്രീകളും ധരിച്ചെത്തുമ്പോൾ അവർക്കൊപ്പം ജോലിചെയ്യുന്ന അമേരിക്കൻസ് ആയ സുഹൃത്തുക്കളും ഇതേ വേഷം അണിഞ്ഞു ഓണ സദ്യക്കെത്തുന്നത് കൗതുകകരമായ കാഴ്ചയാണ്.

മലയാളി അസോസിയേഷനനുകൾ കൂടാതെ അമേരിക്കയിലെ അമ്പലങ്ങളിലും പള്ളികളിലും സമുദായിക സംഘടനകളും ഒത്തൊരുമയോട് ഓണഘോഷം നടത്തുന്നത് മലയാളികൾക്ക് അഭിമാനമാണ്.

അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ഏറിയപങ്കും പത്തനംതിട്ട ജില്ലയിൽ നിന്നും ഉള്ളവർ ആണെന്ന് കണക്കാക്കപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യ ലോക പ്ര ശസ്തമാണ്. എല്ലാ വർഷവും അഷ്ടമിരോഹിണി നാളിൽ നടക്കുന്ന ഈ സദ്യയിൽ ഏതാണ്ട് രണ്ടു ലക്ഷം പേരാണ് പങ്കെടുക്കുന്നത്. അമേരിക്കയിൽ ഉള്ള പത്തനംതിട്ട ജില്ലകാർ ഒരുപാട് പേർ ഈ സമയത്തു ഇതിൽ പങ്കെടുക്കുവാൻ നാട്ടിൽ പോകാറുണ്ട്. തിരുവോണത്തിനോട് അടുത്ത് നടക്കുന്ന ഈ അത്ഭുതം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുകയാണ്.

ആറന്മുള വള്ളസദ്യ പോലെ ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഓണഘോഷവും ചരിത്രത്തിൽ ഇടം പിടിക്കട്ടെ.

✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments