കോട്ടയം: ബൺ പാക്കറ്റുകൾക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. കോട്ടയം ചങ്ങനാശേരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ പശ്ചാത്തലമടക്കം പരിശോധിക്കുകയാണ്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിയ അന്തർ സംസ്ഥാന ബസിലാണ് എംഡിഎംഎയുമായി യുവാക്കൾ എത്തിയത്. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, അഖിൽ ടി എസ് എന്നിവരാണ് അറസ്റ്റിൽ ആയത്.
ഇതിൽ അഖിലിന്റെ പേരിൽ നിലവിൽ ഒരു പോക്സോ കേസും ലഹരി ഉപയോഗിച്ചതിനും കൈവശം വെച്ചതിനും മറ്റൊരു കേസുമുണ്ട്. ബെംഗളൂരുവിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് എത്തിയ അന്തർ സംസ്ഥാന ബസിൽ ഉണ്ടായിരുന്ന ഇവർ എംഡിഎംഎ ചെറു പൊതികളിലാക്കി ബാഗിൽ ഉണ്ടായിരുന്ന ബണ്ണിന്റെ പായ്ക്കറ്റിന് അകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയുമായി എത്തുന്ന വിവരം നേരത്തെ തന്നെ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചങ്ങനാശ്ശേരിയിൽ ഇവരെ കാത്തു നിന്നു.
രാവിലെ ബസ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ബസിന് ഉള്ളിൽ പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയും ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു. അന്തർ സംസ്ഥാന ലഹരി കടത്ത് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. മറ്റൊരു സംഭവത്തിൽ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം പത്തനംതിട്ട കിടങ്ങന്നൂരിൽ ഏഴ് അംഗം ലഹരി വിൽപന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിന്റെ പക്കൽ നിന്ന് രണ്ടു കിലോ കഞ്ചാവും വടിവാളും പിടിച്ചെടുത്തു. വിവിധ ജില്ലക്കാരായ ഏഴ് പേരാണ് പിടിയിലായത്. കഞ്ചാവ് തൂക്കി വിൽക്കാനുള്ള ത്രാസും കണ്ടെടുത്തു. പുലർച്ചെ ഒന്നരയോടെ ആയിരുന്നു റെയ്ഡ്.