Sunday, November 24, 2024
Homeസ്പെഷ്യൽലോക നാട്ടറിവ് ദിനം. ✍അഫ്സൽ ബഷീർ തൃക്കോമല

ലോക നാട്ടറിവ് ദിനം. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1846 ഓഗസ്ത് 22-ന് ബ്രിട്ടീഷ് കാരനായ വിദ്യാഭ്യാസ വിചക്ഷണൻ വില്യം ജോൺ തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണിക കലകൾ സാഹിത്യം , പാരമ്പര്യഅറിവുകൾ എന്നിവയെ കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള എഴുത്തുകൾക്കു മുൻഗണന നൽകണമെന്ന ആവശ്യവുമായെഴുതിയ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ലോകത്തു ആദ്യമായി പരാമർശിക്കപ്പെട്ടത്. അതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 “ലോക നാട്ടറിവ് ദിന”മായി ആചരിച്ചുപോരുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ 18-ാംനൂറ്റാണ്ടന്റെ ആദ്യം മുതൽ ജനകീയ പഴമയെക്കുറിച്ചുള്ള അന്വഷണം നടന്നു കൊണ്ടിരുന്നു .ജർമൻകാരായ ഗ്രിം സഹോദരന്മാർ നാട്ടറിവ് പഠനത്തിന് “വോക്സ്കുണ്ടെ” (Volkskunde) എന്ന പദമാണ് ഉപയോഗിച്ചത്. ഫോക് എന്നാൽ”സംഘം “അഥവാ ജനസമൂഹമെന്നാണ് അർത്ഥമെങ്കിലും അപരിഷ്കൃതരായ കൃഷിക്കാരെ ഉദ്ദേശിച്ചാണ് ആദ്യകാലത്ത് ഈ പദം യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്. “ലോർ” എന്നാൽ വിജ്ഞാനം അതിൽ നിന്നാണ് “ഫോക്ലോർ “എന്ന വാക്കുണ്ടായത് എന്ന് കണക്കാക്കപ്പെടുന്നു .

“നാട്ടറിവിനെ” പറ്റി പിന്നീട് നടന്നത് വലിയ വിപ്ലവമായിരുന്നു .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടറിവ് സാഹിത്യം തന്നെ രൂപപ്പെട്ടു.നാടോടി വാമൊഴിവഴക്കം (നാടൻപാട്ട്, കഥാഗാനം, നാടോടിക്കഥ, ഐതിഹ്യം, പുരാവൃത്തം), നാടോടി പ്രകടനകല (നാടോടി നാടകം, നാടോടി നൃത്തം തുടങ്ങിയവ), നാടൻ ഭൗതിക സംസ്കാരം (കാർഷികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, നാടൻവാസ്തുവിദ്യ, നാടൻ കരവിരുത് തുടങ്ങിയവ), ആചാരാനുഷ്ഠാന വിശ്വാസങ്ങൾ (നാട്ടറിവുകൾ, ആഘോഷങ്ങൾ, മാന്ത്രികകർമങ്ങൾ, മരണാനന്തരച്ചടങ്ങ്, നാടോടി വൈദ്യം, നാടോടിക്കളികൾ, നാട്ടുഭക്ഷണം )അങ്ങനെ നീളുന്നു .

കേരളത്തിൽ ഈ രംഗത്ത് നിരവധി ആളുകൾ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .മദിരാശി സർ‌വ്വകലാശാലയിൽ മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ച ചേലനാട്ട് അച്യുതമേനോൻ 1938-ൽ ലണ്ടനിൽ എത്തി ഡോ. ബാർണറ്റിന്റെ കീഴിൽ എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് പഠിച്ച് പി.എച്.ഡി.നേടി .അതാണ് വിദേശ സർ‌വ്വകലാശാലയിൽനിന്ന് മലയാളത്തെ സംബന്ധിച്ച് ആദ്യത്തെ ഗവേഷണം . കേരളത്തിലെ കാളീസേവ,എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും,പ്രദക്ഷിണം
തുടങ്ങിയ ഫോക്‌ലോർ സാഹിത്യകൃതികൾ അദ്ദേഹത്തിന്റേതാണ് .പിന്നീട്
“മലയാളത്തിലെ പഴയപാട്ടുകൾ “എന്ന പ്രശസ്തമായ കൃതിയുടെ സമ്പാദകനായ ചിറയിൻകീഴ് ഗോവിന്ദപ്പിള്ള എന്ന സി.പി. ഗോവിന്ദപ്പിള്ള നാടൻകലകളും , നാടോടിപ്പാട്ടുകളും , അവയുടെ വർഗ്ഗീകരണവും ചേർത്ത് കുറിപ്പുകളുണ്ടാക്കി ബ്രിഹത്തായ സാഹിത്യ കൃതി സൃഷ്ടിച്ചതിലൂടെ അദ്ദേഹവും ഈ രംഗത്തെ വിശിഷ്ട
വ്യക്തിത്വമാണ് . തെക്കൻപാട്ടുകളുടെ സമ്പാദകനായ ടി.ജി.അച്യുതൻനമ്പൂതിരി, കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രത്തിന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനുമായിരുന്ന രാഘവൻ പയ്യനാട് ഫോക് ലോർ,തെയ്യവും തോറ്റംപാട്ടും, ഫോക് ലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും,
തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രമുഖ നാടോടി വിജ്ഞാനീയ പണ്ഡിതനായ ഡോ. എം.വി. വിഷ്ണുനമ്പൂതിരി, മുഖദർശനം, കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര,ഫോക് ലോർ നിഘണ്ടു പുള്ളുവപ്പാട്ടും നാഗാരാധനയും, ഫോക് ലോറിന് ഒരു പഠനപദ്ധതി തുടങ്ങി നിരവധി പുസ്തകങ്ങൾ രചിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് മാത്രമല്ല ഡോ  ജി ത്രിവിക്രമൻതമ്പി, കാവാലം നാരായണപ്പണിക്കർ, ഡോ. തിക്കുറിശ്ശി ഗംഗാധരൻ, കെ. ബി. എം.ഹുസൈൻ, ജെ.പദ്മകുമാരി, കടമ്മനിട്ട വാസു ദേവൻപിള്ള, ഡോ.സി.കെ.ജിഷ തുടങ്ങി അറിയപ്പെടുന്നതും അറിയപെടാത്തതുമായ നൂറു കണക്കിന് പ്രതിഭകൾ ഈ രംഗത്ത്
മികവുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട് .

അതിബൃഹത്തായ വൈജ്ഞാനിക മണ്ഡലമായ ഫോക്ലോർ എന്നത് സാധാരണ ജന ജീവിതം (Folk life) തന്നെ .എല്ലാ വൈജ്ഞാനിക വിഷയങ്ങളുടെയും അവസാനം ചെന്നെത്തുന്നത് ഫോക്ലോർ എന്ന നാട്ടറിവിലാണെന്നുള്ളതിൽ സംശയമില്ല .നമ്മുടെ പ്രാദേശിക കലകളും നാട്ടു വർത്തമാനങ്ങളും വൈദ്യവും സാഹിത്യവും മറ്റു തനതു സാംസ്കാരിക പൈതൃകങ്ങളും സംരക്ഷിക്കുന്നതോടൊപ്പം നാട്ടറിവുകൾ തലമുറ തലമുറ കൈമാറി ലഭിക്കേണ്ടതാണെന്നും അത് ലഭിക്കണമെങ്കിൽ പഴമക്കാരെ നമ്മോടൊപ്പം ചേർത്ത് നിർത്തണമെന്നുമുള്ള സന്ദേശം കൂടി
ഈ ദിനത്തിൽ പ്രസക്തമായുണ്ട് …..

വല്യമ്മച്ചി എന്നോട് മുൻപ് പറഞ്ഞിരുന്നു “നിന്ന കഴുവേ ചെന്ന് കയറരുതെന്ന്‌ ” കൂടാതെ “അന്ന് ഫലിപ്പ്ത് ചെയ്താലും നിന്ന് ഫലിപ്പ്ത് ചെയ്യരുതെന്നും” …അങ്ങനെ
എത്ര എത്ര പ്രയോഗങ്ങൾ, അറിവുകൾ, നാട്ടു വർത്തമാനങ്ങൾ….അതൊക്കെ എന്റെ സാഹിത്യ യാത്രയിൽ ചെറുതായൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത് …

ലോക നാട്ടറിവ് ദിനാശംസകൾ…….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments