Sunday, November 24, 2024
Homeകായികംഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ കട്ട സപ്പോർട്ട്, ഐസിസി തലപ്പത്തേക്ക് ജയ് ഷാ വരുന്നു

ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ കട്ട സപ്പോർട്ട്, ഐസിസി തലപ്പത്തേക്ക് ജയ് ഷാ വരുന്നു

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് വീണ്ടുമൊരു ഇന്ത്യക്കാരന്‍ വരാനുള്ള വഴിയൊരുങ്ങുന്നു. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെയാണ് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷായുടെ പേര് ഉയർന്നുകേൾക്കുന്നത്. നിലവിൽ ബിസിസിഐ സെക്രട്ടറിയാണ് 35 വയസ്സുകാരനായ ജയ് ഷാ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ കൂടിയാണ് ജയ് ഷാ. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ജയ് ഷായെ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിലായിരുന്നു ജയ് ഷായ്ക്കു വേണ്ടിയുള്ള ആദ്യ നീക്കം തുടങ്ങിയത്. ജനറൽ ബോഡി യോഗത്തിൽ ജയ് ഷായെ ഐസിസി തലപ്പത്തേക്ക് നിർദേശിക്കാൻ ഏഷ്യൻ ടീമുകളുടെ പ്രതിനിധികൾ തീരുമാനമെടുത്തു. ഈ വർഷം നവംബറിലാണ് നിലവിലെ ചെയർമാന്റെ കാലാവധി അവസാനിക്കുന്നത്. നവംബറിൽ തന്നെ തിരഞ്ഞെടുപ്പും നടക്കും. ഒന്നിലേറെ പേർ സ്ഥാനാർഥികളായി മുന്നോട്ടു വന്നാലാണു തിരഞ്ഞെടുപ്പുണ്ടാകുക. തിരഞ്ഞെടുക്കപ്പെട്ടാൽ ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും.

2019ൽ 31 വയസ്സു പ്രായമുള്ളപ്പോഴാണ് ജയ് ഷാ ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടിവ് ബോർഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്തേക്ക് എത്തുന്നത്. 2013 ൽ ഗുജറാത്ത് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. 2015 ൽ ബിസിസിഐയുടെ ഫിനാൻസ് ആൻഡ് മാർക്കറ്റിങ് കമ്മിറ്റി അംഗമായി. തുടർന്ന് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്കും എത്തി.

2022 ൽ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021ലായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് ജയ് ഷാ എത്തുന്നത്. 2022 നവംബറിൽ ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ‌ അഫയേഴ്സ് തലവനായി ചുമതലയേറ്റു. 2028ലെ ഒളിംപിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ ജയ് ഷായ്ക്കു സാധിച്ചു.

തിരഞ്ഞെടുക്കപ്പെട്ടാൽ ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാകും ജയ് ഷാ. ജഗ്‍മോഹൻ ഡാൽമിയ (1997–2000), ശരത് പവാർ (2010–2012), എൻ. ശ്രീനിവാസൻ (2014–2015), ശശാങ്ക് മനോഹർ (2015– 2017) എന്നിവരാണ് മുൻപ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments