Sunday, November 24, 2024
Homeകായികംനീരജ് ചോപ്രയ്ക്ക് കടുത്ത വെല്ലുവളി! ഒളിംപിക്‌സ് ഫൈനലിലെത്തിയ ആറ് താരങ്ങള്‍ ലൊസെയ്‌നില്‍ മത്സരിക്കും

നീരജ് ചോപ്രയ്ക്ക് കടുത്ത വെല്ലുവളി! ഒളിംപിക്‌സ് ഫൈനലിലെത്തിയ ആറ് താരങ്ങള്‍ ലൊസെയ്‌നില്‍ മത്സരിക്കും

പാരീസ് ഒളിംപിക്‌സിന് ശേഷം നീരജ് ചോപ്ര നാളെ വീണ്ടും മത്സരിക്കാനിറങ്ങുന്നു. ലൊസെയ്ന്‍ ഡയമണ്ട് ലീഗിലാണ് താരം കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.20നാണ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ മത്സരം തുടങ്ങുക. ജിയോ സിനിമ ആപ്പിലും സ്‌പോര്‍ട്‌സ് 18ലും മത്സരം കാണാം. ഒളിംപിക്‌സ് ഫൈനലിലെത്തിയ ആറ് താരങ്ങളാണ് നിരജിനൊപ്പം മത്സരിക്കാനിറങ്ങുന്നത്. സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീം മത്സരിക്കുന്നില്ല. 2022, 2023 വര്‍ഷങ്ങളില്‍ നീരജായിരുന്നു ലൊസെയ്ന്‍ ഡയമണ്ട് ലീഗ് ചാംപ്യന്‍. പാരിസ് ഒളിംപിക്‌സില്‍ സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.

പാക് താരം അര്‍ഷദ് മത്സരിക്കുന്നില്ലെങ്കില്‍ പോലും നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കെനിയയുടെ ജൂലിയസ് യെഗോ (92.72), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (89.54), ചെക്കിന്റെ യാക്കൂബ് വാഡ്‌ലെച്ച് (90.88), ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (93.07), ലാസി എറ്റെലാറ്റലോ (86.44), മോള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മര്‍ഡയര്‍ (86.66) എന്നിവരാണ് ഒളിംപിക്‌സ് ഫൈനല്‍ കളിച്ച താരങ്ങള്‍. ഇവര്‍ നീരജിന് വെല്ലുവിളിയാകുമെന്ന് ഉറപ്പ്. ഡയമണ്ട് ലീഗ് അധികൃതര്‍ ആദ്യം പുറത്തുവിട്ട മത്സരക്രമത്തില്‍ നീരജിന്റെ പേരുണ്ടായിരുന്നില്ല. നീരജ് സന്നദ്ധത അറിയിച്ചതോടെ ഇന്ത്യന്‍ താരത്തെ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കി.

അതേസമയം, പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് നീരജ്. ഒന്നരക്കോടി രൂപയാണ് നീരജ് പ്രതിഫലത്തില്‍ വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയര്‍ത്തി. നിലവില്‍ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാന്‍ഡുകള്‍ക്കായി നീരജ് പ്രതിഫലം പറ്റുന്നത്. ഇത് നാലരക്കോടി രൂപയായി ഉയര്‍ത്തി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനമുള്ള കായികതാരവും നീരജാണ്.

21 ബ്രാന്‍ഡുകളുമായാണ് നീരജിന് പരസ്യ കരാറുള്ളത്. പാരീസിലെ മെഡല്‍ നേട്ടത്തോടെ എട്ട് കമ്പനികളുമായി നീരജ് ഉടന്‍ പരസ്യ കരാറിലെത്തും. ഈവര്‍ഷം അവസാനിക്കും മുന്നേ നീരജ് 34 കമ്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യവരുമാനത്തില്‍ ക്രിക്കറ്റിലെ പലതാരങ്ങളെയും മറികടക്കാന്‍ നീരജിനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments