സംസ്ഥാനത്തു ഇത്തവണയും ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡിന് മാത്രം. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ഉടൻ തീരുമാനിക്കും. ആറുലക്ഷത്തോളം പേർക്ക് കിറ്റ് ലഭിക്കും. എല്ലാ ജില്ലകളിലും, ഓണച്ചന്ത സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇന അവശ്യ സാധനങ്ങൾ സപ്ലൈകോ ചന്തകളിൽ ഉറപ്പാക്കും. ഓണച്ചന്തകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.
ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങും. കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സപ്ലൈകോ. ഇക്കാലയളവിൽ വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സപ്ലൈകോയ്ക്ക് കേരള ധനകാര്യ വകുപ്പ് 225 കോടി രൂപ അനുവദിക്കുകയായിരുന്നു.
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി 400 കോടി രൂപ ആവശ്യപ്പെട്ടയിടത്താണ് ഇത്രയും ഫണ്ട് അനുവദിച്ചത്.തേയിലപ്പൊടി, ചെറുപയർ, ചെറുപയർ പയർ, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയായിരുന്നു കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിലെ ഉള്ളടക്കം.