ഡോക്ടറെ കാണാൻ ഒരു വലിയ ജനക്കൂട്ടം തന്നെ കൺസൽറ്റിങ്ങ് റൂമിനു വെളിയിൽ കാത്തു നിൽക്കുന്നുണ്ട് .” കട കടാ ” ശബ്ദം കേൾപ്പിക്കുന്ന പഴയ ഒരു സീലിങ്ങ് ഫാൻ ആ ഏപ്രിൽ മാസത്തിലെ ചൂടും ആവിയും പുറത്തേയ്ക്കു തള്ളാൻ വെറുതേ ശ്രമിക്കുന്നുണ്ട്..
ഭാരതി റ്റീച്ചറിനു കിട്ടിയത് നാൽപ്പത്തി മൂന്നാമത്തെ ടോക്കൺ നമ്പർ ആണ് . ശ്വാസം മുട്ടലിനുള്ള മരുന്ന് തീർന്നിരിക്കുന്നു അതു ഒന്നു കുറിച്ചു മേടിക്കാനാണ് വന്നത് . ഇനി എത്ര നേരം കാത്തു നിൽക്കണം ഭഗവാനേ .
പെട്ടന്നാണ് പുറകിൽനിന്നു ആരോ തോണ്ടി വിളിച്ചിട്ട് അഞ്ച് എന്ന് ഒഴുതിയ ഒരു ടോക്കൺ കൈയ്യിലേക്കു തന്നത് . “റ്റീച്ചറിന്റെ ടോക്കൺ ഇങ്ങു തന്നേക്കൂ ഞാൻ ഡോക്ടറെ പയ്യെ കണ്ടോളാം.”
. അപ്പോഴേയ്ക്കും നഴ്സ് അകത്തുനിന്നും തല പുറത്തേയ്ക്ക് ഇട്ട് ടോക്കൺ അഞ്ച് എന്നു വിളിച്ച് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
ആകപ്പാടെ അങ്കലാപ്പിലായ റ്റീച്ചർ അഞ്ചാം ടോക്കണിന്റെ ഉടമയായിരുന്ന ആസ്ത്രീയെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് നേഴ്സിനു പുറകേ ഡോക്ടറെ കാണാൻ കയറി .
ഡോക്ടറെ കണ്ട് ഇറങ്ങി വന്ന് ,മരുന്നിന്റെ കുറിപ്പടി മരുമകളെ ഏൽപ്പിച്ച ശേഷം റ്റീച്ചറിന്റെ. കണ്ണുകൾ ആസ്ത്രീയെ തിരഞ്ഞു കണ്ടു പിടിച്ചു.
“ആരാണ് ? ഏതാണ് ?മനസ്സിലായില്ലല്ലോ”
ഐശ്വര്യം ഉള്ള ഒരു സ്ത്രീ രൂപം. ശ്യാസം മുട്ടൽ ഉണ്ടെങ്കിലും തെളിഞ്ഞ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി പറഞ്ഞു,
“റ്റീച്ചറേ ഞാൻ ലീലാമ്മയാ…എന്റെ മോൻ ജോഷിയെ ആറാം ക്ലാസ്സിൽ റ്റീച്ചർ പഠിപ്പിച്ചിട്ടുണ്ട്. അവന്റ അച്ഛൻ മരിച്ചുകഴിഞ്ഞ് റ്റീച്ചർ എന്നോടു സംസാരിച്ചത് റ്റീച്ചർ മറന്നു പോയിക്കാണും ,പക്ഷേ ഞാൻ മറക്കത്തില്ല, ഒരിക്കലും മറക്കത്തില്ല.
ജോഷി ഇപ്പോൾ പോലിസിൽ ആണു കേട്ടോ. അവന്റെ മോൻ ആണ് എന്റെ കൂടെ വന്നിരിക്കുന്നത്. ഞാന്‍ ഒരു ദിവസം ജോഷിയേം കൂട്ടി റ്റീച്ചറെ കാണാൻ വീട്ടിൽ വരുന്നുണ്ട്. ഇത്രയെങ്കിലും റ്റീച്ചറിനു ചെയ്തുതരാൻ എന്നെക്കൊണ്ടു സാധിച്ചല്ലോ. ”
റ്റീച്ചറിന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയി്ല്ല പൂഴിവാരിയിട്ടാൽ നിലത്തുവീഴാത്ത ഈ തിരക്കിൽ ഈ സ്ത്രീ തൊട്ടടുത്തു വന്ന അവരുടെ ഊഴം എനിക്കെന്തിനാണു തന്നത് ? ഇനി എത്രനേരം മടുപ്പിക്കുന്ന ഈ കാത്തിരുപ്പ് അവർ തുടരണം . മാസത്തിൽ ഒന്നു മാത്രം വരുന്ന ഈ ഡോക്ടറെ കാണാൻ എന്തൊരു തിരക്കാണ് .. ഇങ്ങനെ പലതും ആലോചിച്ച് പോകാൻ ധിറുതി കൂട്ടുന്ന മരുമകളുടെ പുറകേ റ്റീച്ചർ നടന്നു ഓട്ടോയിൽ കയറി .
പെൻഷൻ പറ്റിയിട്ട് ഇരുപത്തഞ്ചു കൊല്ലമെങ്കിലും കഴിഞ്ഞിട്ടുണ്ട് . എത്രയോ കുട്ടികൾ, അവരുടെ മാതാപിതാക്കൾ , പക്ഷേ ഈ ലീലാമ്മ ! അവരുടെ മുഖം ക്ലാവു പിടിച്ച ഓർമ്മയിൽ എവിടെയോ തെളിഞ്ഞുവരുന്നുണ്ട് .
ചിന്തകൾക്കിടയിൽ എപ്പഴോ ഒരു ‘പി റ്റി യെ ‘മീറ്റിങ്ങ് ടീച്ചറുടെ മനസ്സിൽ തെളിഞ്ഞു . ആറാം ക്ലാസ്സിൽ പഠിക്കുന്ന മകനെ ചേർത്തു പിടിച്ച് അപമാന ഭാരത്താൽ എന്നവണ്ണം തലകുമ്പിട്ടിരിക്കുന്ന ഒരു സ്ത്രീ.
മറ്റു സ്ത്രീകൾ അവരെ പറ്റി അടക്കം പറയുന്നുണ്ട് . അവരുടെ ഭർത്താവ് ഒരാഴ്ച്ചമുൻപ് പോലീസ് കസ്റ്റടിയിൽ വച്ച് ആത്മഹത്യ ചെയ്തു . മയക്കു മരുന്ന് ഉപയോഗിച്ചതും കൈയ്യിൽ വെച്ചതും ആയിരുന്നു കേസ് . റ്റിച്ചർക്ക് ഓർമ്മകൾ പതിയെ പതിയെ തെളിഞ്ഞു വരുന്നുണ്ട് .
ജോഷിയുമായുള്ള സഹവാസം തങ്ങളുടെ കുട്ടികളേയും ദോഷമായി ബാധിക്കുമോ എന്ന സംശയം പല മാതാപിതാക്കളും ഒളിഞ്ഞും തെളിഞ്ഞും അവതരിപ്പിച്ചപ്പോൾ ഭാരതി റ്റീച്ചർ മാത്രം ആ അമ്മയ്ക്കും മകനും ഒപ്പം നിന്നു.
പതിയെ അടുത്തു ചെന്ന് ആ അമ്മയെ ഒന്നു ചേർത്തു പിടിച്ചപ്പോൾ അവരുടെ ജീവിത ദുരന്തങ്ങൾ കണ്ണുനീരായി റ്റീച്ചറുടെ തോളിലേയ്ക്ക് പെയ്തിറങ്ങി . ‘ സാരമില്ല, മോനെ നന്നായി പഠിപ്പിച്ച് വളർത്തണം. ‘എന്നു മാത്രമേ അന്നവരോടു പറയാൻ പറ്റിയൊള്ളൂ . വലിയ ആശ്വാസത്തോടെയാണ് അവർ പോയത്
. പിന്നെ ആ അമ്മയേയും മകനേയും കണ്ടിട്ടില്ല . അയൽവക്കക്കാരുടെ ഒറ്റപ്പെടുത്തൽ കാരണം അവർ വേറെ എവിടേയ്ക്കോ മാറി പോയി എന്നാണ് പിന്നീട് അറിഞ്ഞത്.
ആ ദിവസം മുഴുവനും ഭാരതി റ്റീച്ചറിന്റെ മനസ്സിൽ ലീലാമ്മ എന്ന സ്ത്രീ ആയിരുന്നു . എല്ലിൻ കൂടുപോലെ ഇരുന്ന അവർ ഇപ്പോൾ സന്തോഷത്തോടെ ആരോഗൃവതിയായി ഇരിക്കുന്നു . ജോഷി അവരെ നന്നായി നോക്കുന്നുണ്ടാവണം,
“ദുഖങ്ങൾ ഇറക്കി വെയ്ക്കാൻ ഒരു ചുമൽ, ഒറ്റപ്പെടുമ്പോൾ ഒരു ചേർത്തു നിർത്തൽ, ഒരു ആശ്വാസ വാക്ക്. ”
മനുഷൃരായി പിറന്നവർ ഒക്കെ ഈ ഭൂമിയിൽ ആ ഗ്രഹിക്കുന്നത് ഇതൊക്കെയാണ്. അതിന്റെ സ്നേഹം ഇത്രയും വർഷത്തിനു ശേഷം ഒരു അഞ്ചാം നമ്പർ ടോക്കണായി അവർ തിരിച്ചു തന്നിരിക്കുന്നു.