Sunday, November 24, 2024
Homeഅമേരിക്കആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനും എം പോക്സ് സ്ഥിരീകരിച്ചു: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ...

ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനും എം പോക്സ് സ്ഥിരീകരിച്ചു: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടരുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗബാധ ഉണ്ടായത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഓർത്തോപോക്സ് വൈറസ് ജനുസ്സിൽ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958ൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകൾ അടക്കമുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു. 1970-ൽ കോംഗോയിൽ ഒമ്പത് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിലാണ് മനുഷ്യരിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സും ഉൾപ്പെടുന്നത്. ശരീരത്തിൽ ചുണങ്ങ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുകയും ചെയ്യുന്നു. പനി, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. എം പോക്സ് ബാധിച്ച് കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അമേരിക്കയിലെ സെന്റസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്കു പ്രകാരം എം പോക്സ് വൈറസ് ബാധിച്ച് കഴിഞ്ഞ് 21 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. നേരിട്ടുള്ള സമ്പർക്കം, ശാരീരിക സ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയിൽ നിന്നും രോഗം പടരാം. കൂടാതെ രോഗം ബാധിച്ച ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്. 2022ലും വിവിധ രാജ്യങ്ങളിൽ എം പോക്സ് പടർന്ന് പിടിച്ചിരുന്നു. എന്നാൽ അന്നത്തേക്കാൾ തീവ്രമായ പുതിയ വൈറസ് വകഭേദമാണ് ഇപ്പൊൾ പടരുന്നത്. ഈ വർഷം ആഫ്രിക്കയിൽ 14,000-ലധികം എം പോക്സ് കേസുകളും 524 മരണവും ഉണ്ടായിട്ടുണ്ട്. ഇതിൽ 9 ശമാനവും കോംഗോയിലാണ്. കോംഗോയുമായി അതിർത്തി പങ്കിടുന്ന റുവാണ്ടയിലേക്കും ബുറുണ്ടിയിലേക്കും ഒപ്പം കെനിയ, ഉഗാണ്ട തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വൈറസ് ബാധ പടർന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments