ഓർമ്മകൾ മഞ്ചാടി മണികൾ പോലെയാണ് … മനസ് പല്ലാംകുഴി കളങ്ങൾ പോലെയും. പല്ലാം കുഴികളിലൊളിച്ചു വെയ്ക്കുന്ന ഓർമ്മകളാകുന്ന മഞ്ചാടിമണികൾക്കെന്നും സൗകുമാര്യമേറെയാണ്.ഒരിടവേളയ്ക്കു ശേഷം വീണ്ടും കാർമേഘങ്ങൾ വിങ്ങി വിതുമ്പിപ്പെയ്യുവാൻ തയ്യാറെടുക്കുകയാണ്.
മണ്ണ് … മനുഷ്യാ- നിന്നെ മെനയുന്നതും നിന്നെ അലിയിക്കുന്നതും ഈ മണ്ണു തന്നെ…
തറവാട്ടിൽ താമസമുള്ളപ്പോൾ തന്നെ അക്കാമച്ചിയുടെ സ്ഥലത്തിനോടു ചേർന്ന് ഇരുപത്തിയഞ്ചു സെൻ്റ് സ്ഥലം അമ്മ വാങ്ങിയിരുന്നു. വല്ല്യച്ഛന് ചിട്ടിക്കമ്പനിയായിരുന്നു. ഏതോ ഒരു മോശമവസ്ഥയിൽ വല്യച്ഛൻ്റെ ചിട്ടിക്കമ്പനി പൊട്ടി. പിന്നെ ഒരു ചെറിയ കട തുടങ്ങി അദ്ദേഹം.. അപ്പോഴാണ് അവിടെയടുത്തായി കുറച്ചു സ്ഥലം ഉണ്ടെന്ന് അറിയുന്നത്. ആ അവസ്ഥയിൽ അമ്മ അവിടെ താമസിച്ചാൽ അക്കാമച്ചിയ്ക്ക് ഒരു സഹായം കൂടിയാകുമെന്ന് അമ്മമ്മ വിചാരിച്ചിട്ടുണ്ടാകും. അങ്ങനെ അമ്മമ്മ നിർബന്ധിച്ചിട്ടാണ് അമ്മ അത്രയും ദൂരെയായി ആ സ്ഥലം വാങ്ങിയത്. തൽക്കാലം വല്യച്ഛൻ്റെ വീട്ടിൽ താമസിച്ചു കൊണ്ട് ചെറിയ ഒരു സംവിധാനമുണ്ടാക്കിയാണ് ഞങ്ങൾ വാങ്ങിയ സ്ഥലത്ത് താമസം തുടങ്ങിയത്..
പപ്പയ്ക്ക് അന്ന് മലപ്പുറത്താണ് ജോലി. ആഴ്ച്ചയിലൊരിയ്ക്കൽ വരും. നാലുവശവും വേലി കെട്ടി തിരിച്ച ആ പറമ്പിൽ വീടിന് സ്ഥാനം കണ്ട് കുറച്ചു മാറി ഒരു ചെറിയ പുരവെച്ചു. ഞാനും അമ്മയും മാത്രം. ആറു മാസമായ അനുജനെ അമ്മാവൻ വന്ന് തറവാട്ടിലേക്ക് കൊണ്ടു പോയി. അമ്മമ്മ കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നു പറഞ്ഞു അനിയനെ അങ്ങനെ അമ്മമ്മ കൊണ്ടു പോയി. ജീവിതത്തിലെ ഒറ്റപ്പെടലിൻ്റെ ശൂന്യത അവിടെ ആരംഭിയ്ക്കുകയാണ്. കായലിൻ്റെ നടുക്ക് തുഴനഷ്ടപ്പെട്ടു പോയ ജീവിതത്തോണി ഇന്നും തീരങ്ങളുടെ പച്ചപ്പു തിരയുന്നു.
ഞങ്ങളുടെ പുരയിടത്തിൻ്റെ വടക്കു കിഴക്കായി ഒരു മാവും ഒരു കപ്പലണ്ടി മരവും ഉണ്ടായിരുന്നു. നല്ല പുളിയുള്ള നാട്ടുമാവ്. നന്നായിവിളഞ്ഞു പഴുത്താൽ നല്ല സ്വാദാണ് അതിലെ മാമ്പഴത്തിന് ‘വിളഞ്ഞു തുടങ്ങുമ്പോൾ പൊട്ടിച്ചെടുത്ത് ഉപ്പിലിട്ടുവെയ്ക്കും അമ്മ ‘ മഴക്കാലം വരുമ്പോൾ മെല്ലെ ഭരണിയുടെ കെട്ടഴിച്ചു ചമ്മന്തിയരയ്ക്കുവാനും ഉപ്പുമാങ്ങകറിയ്ക്കുമായി അമ്മ അവയെ പുറത്തെടുക്കും മാങ്ങയുടെ ചുനമണവും ഉപ്പുവെള്ളവും കൂടിയുള്ള ഹൃദ്യമായ ഗന്ധം മൂക്കിൻ്റെ നാസാരന്ധ്രങ്ങൾ തുളച്ച് അകത്തു കടക്കുമ്പോൾ, ഓർമ്മകളിൽ ഇപ്പോഴും അതിൻ്റെ സ്വാദ് നാവിലെ രസമുകുളങ്ങളെ ഉയിർത്തെഴുനേൽപ്പിക്കുന്നു. കപ്പലണ്ടി മരം വേലിയുടെ അരികിലായാണ് നിന്നിരുന്നത്. അങ്ങനെയൊരു മരം പിന്നീടെൻ്റെ ജീവിതത്തിൽ ഞാനെവിടെയും കണ്ടിട്ടില്ല. സോപ്പു പെട്ടി പോലെയാണ് അതിൻ്റെ കായ്കൾ. പെട്ടി തുറക്കുന്നതു പോലെ പൊട്ടിയ്ക്കുമ്പോൾ ഞാവൽ പഴത്തിൻ്റെ നിറത്തിൽ നാലു വിത്തുകളുണ്ടാകും അതിനുള്ളിൽ. അത് പറങ്കിയണ്ടി ചുടുന്നത് പോലെ തീയിൽ ചുട്ടാണ് കഴിക്കുന്നത്.. ഒരു പാടു ഗുണങ്ങളുണ്ടെന്നാണ് വല്യച്ഛൻ്റെയമ്മ അന്നു പറഞ്ഞു തന്നത്. ചുവന്ന പൂക്കൾ കുലച്ചു നിൽക്കുന്ന കപ്പലണ്ടി മരത്തിൻ്റെ ഇലകൾക്ക് മരച്ചീനിയുടെ ഇലകളോട് ഒരു വിദൂര സാമ്യം ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയാണ്. ധാരാളം പറങ്കിമാവുകൾ ഉണ്ടായിരുന്നു ആ പറമ്പിൽ. വലുതും ചെറുതുമായി മഞ്ഞയും ചുവപ്പുമിടകലർന്ന ബൾബുകൾ പോലെ അത് പഴങ്ങളുമായി നിറഞ്ഞു തൂങ്ങിക്കിടക്കുന്ന സമൃദ്ധമായ കാഴ്ച്ച മനോഹരമാണ്. തെക്കു കിഴക്കു ഭാഗത്തായി ഒരു കുളവും കുളത്തിനു സമീപം ഒരു പാലമരവും പിന്നെ മൂന്നു നാല് കിളിച്ചുണ്ടൻ മാവും നല്ല തേൻമധുരമുള്ള ഒരു കുണ്ടറമാവും ഉദി, മൂർക്കേറ്റം, ഇത്യാദികളായ കുറച്ച് പാഴ്മരങ്ങളും. അധികം വളക്കൂറില്ലാത്ത പഞ്ചസാര തരി പോലുള്ള മണ്ണാണ് അവിടെ. കൂടുതൽ പറങ്കിമാവും മറ്റുമാണ്. പറമ്പിൻ്റെ വടക്കു ഭാഗത്തായി രണ്ട് ആഞ്ഞിലിമരങ്ങൾ തലയുയർത്തി നിന്നിരുന്നു. ചെറിയ പുളിയും മധുരവുള്ള ആഞ്ഞിലി ചക്കകൾ അവയിൽ സമൃദ്ധമായി പിടിച്ചിരുന്നു.
അമ്മയ്ക്ക് കുറച്ച് ദൂരെയായിരുന്നു ജോലി. നാട്ടിലെ സ്ക്കൂളിൽ നിന്നും ടി സി വാങ്ങി എന്നെ അവിടെയുള്ള ഒരു പ്രൈമറി സ്ക്കൂളിൽ ചേർത്തു. ഒരു കൃസ്ത്യൻ മാനേജുമെൻ്റിൻ്റെ താഴെയുള്ള സ്ക്കൂളായിരുന്നു അത്. പൂന്തോട്ടം എൽ പി സ്ക്കൂൾ. ഒരു കൃസ്ത്യൻപള്ളിയുടെ സമീപത്തായിരുന്നു ആ സ്ക്കൂൾ. മൂന്നാം ക്ലാസ്സിലേക്കാണ് എന്നെ പ്രവേശിപ്പിച്ചത്. വിൻസൻ്റ് എന്നു പേരുള്ള ഒരധ്യാപകനായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. സ്വന്തം കുഞ്ഞുങ്ങളെപ്പോലെയായിരുന്നു അദ്ദേഹം കുട്ടികളെ നോക്കിയിരുന്നത്. എന്നോടു വലിയ വാൽസല്യമായിരുന്നു അദ്ദേഹത്തിന് .എല്ലാ വിഷയങ്ങൾക്കും ഭേദപ്പെട്ട മാർക്കു വാങ്ങുന്ന എന്നെ അദ്ദേഹം പഠന കാര്യങ്ങളിലും പാഠ്യേതര വിഷയങ്ങളിലും വളരെ പ്രോൽസാഹിപ്പിച്ചിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരു നാട്ടിൽ ഒരു പരിചയവുമില്ലാത്ത ഒരു സ്കൂളിൽ ഏകദേശം രണ്ടു കിലോമീറ്റർ നടന്നു വേണം അവിടെയെത്തുവാൻ. ഇന്നത്തെപ്പോലെ സ്ക്കൂൾ ബസ്സോ മറ്റു വാഹനസൗകര്യങ്ങളോ അന്നില്ല. മറ്റു കുട്ടികൾ പോകുമ്പോൾ അവരുടെ കൂടെ ഞാനും കൂടും.
ഹിന്ദുവും മുസ്ലീമുമല്ലാതെ കൃസ്ത്യാനി എന്ന ഒരു മത വിഭാഗം കൂടി കേരളത്തിലുണ്ടെന്ന് ആ നാട്ടിൽ ചെന്നപ്പോഴാണ് എനിയ്ക്കു മനസ്സിലാകുന്നത്. അന്നൊക്കെ കുരിശും പള്ളിയും കാണുമ്പോൾ അകാരണമായ ഒരു ഭയം തോന്നിയിരുന്നു. അതിനു കാരണവുമുണ്ട്. ‘കൂടെ പഠിക്കുന്ന കൃസ്ത്യൻ കുട്ടികൾ നിർബന്ധിച്ച് ഒരു ദിവസം പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ അൾത്താരയിൽ കിടക്കുന്ന ക്രൂശിതരൂപമാണ് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. തലയിൽ മുൾക്കിരീടമണിയിച്ച് കൈകളിലും കാലുകളിലു വലിയ ആണികൾ അടിച്ചു കയറ്റി നാണം മറയ്ക്കുവാൻ മാത്രം ഒരു ശീലത്തുണി ഉടുപ്പിച്ച് മരക്കുരിശ്ശിൽ കിടത്തിയിരുന്ന ആരൂപം ദൈവപുത്രനായ, ലോകത്തിനു സഹനത്തിൻ്റെ മാർഗ്ഗം കാട്ടിക്കൊടുത്ത ,നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വിശുദ്ധ വചനം സത്യവിശ്വാസികൾക്കു പകർന്നു നൽകിയ ജീസസ് ക്രൈസ്റ്റായിരുന്നുവെന്ന് ആ കുഞ്ഞുപ്രായത്തിൽ അറിയുകയില്ലായിരുന്നു. കൂടെയുള്ള കൂട്ടുകാരി പറഞ്ഞു ഇതാണ് ഞങ്ങടെ കർത്താവ് എന്ന്. കുരിശുവരയ്ക്കുന്നതാണ് കൈകൂപ്പി തൊഴുന്നതിനു പകരം അവർ ചെയ്യുന്നതെന്നും പറഞ്ഞു തന്നു. അവൾ ചെയ്യുന്നതു കണ്ട് ഞാനും കുരിശുവരച്ചു എന്നിട്ട് മുന്നോട്ടു ചെന്ന് ആ ക്രൂശിതരൂപത്തിനു മുന്നിൽ മുട്ടുകുത്തിനിന്നു. ദൈന്യത നിറഞ്ഞ ആ തിരുസ്വരൂപത്തിലേക്ക് നോക്കിയപ്പോൾ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു. ഇന്നും ആരൂപം മനസ്സിലോർക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറയും. മനുഷ്യകുലത്തിൻ്റെ നന്മയ്ക്കു വേണ്ടി ഒരു ജനതയുടെ മുഴുവൻ പീഠനങ്ങളുമേറ്റുവാങ്ങിയ ദൈവപുത്രൻ്റെ ക്രൂശിതരൂപം നമുക്ക് മാർഗ്ഗദർശനമാക്കുന്ന സഹനത്തിൻ്റെ, ത്യാഗത്തിൻ്റെ വഴികൾ നിരവധിയാണ്. ഓരോ പറിച്ചു നടലുകളിലും വാടിക്കരിഞ്ഞു പോകാതെ വീണ്ടും തളിർത്തു മുളയ്ക്കുവാൻ എന്നെ ഒരു പാടു സഹായിച്ചിട്ടുണ്ട് ആ ദൈന്യമേറിയ ക്രൂശിതരൂപം. ഇന്നും ആ പള്ളിയിൽ നിന്നു മനുഭവിച്ച ശാന്തതയ്ക്ക് സമാനമായ ഒരിടം വളരെ വിരളമായേ ഞാൻ ക്ഷേത്രങ്ങളിൽ കണ്ടിട്ടുള്ളൂ.
വളരെ സാവധാനമാണ് സൗഹൃദങ്ങൾ എന്നിലേക്കെത്തിയത്. പരിചിതമല്ലാത്ത നാടും പരിചയമില്ലാത്ത മനുഷ്യരും , മെല്ലെയിഷ്ടമില്ലാതിരുന്നിട്ടും ഞാൻ ആ പരിതസ്ഥിതിതിയെ സ്വീകരിച്ചു തുടങ്ങി. ആരോടും വിധേയത്വമില്ലാത്ത എന്തിനേയും വിമർശന ബുദ്ധിയോടെ കാണുന്ന, പ്രത്യേകിച്ചും അൽപ്പം സാമ്പത്തിക സ്ഥിതിയുള്ളവരെ തികച്ചും ശത്രുതാമനോഭാവത്തോടെ കാണുന്ന വിപ്ളവാധിഷ്ഠിതമെങ്കിലും ദൂഷ്യഫലങ്ങളേറെയുള്ള ഒരു വ്യവസ്ഥിതിയായിരുന്നു അവിടുത്തെ ജനങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും. ഇപ്പോഴും അതിന് വലിയ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് അത്ഭുതം. തൊഴിലിൻ്റെയും തൊഴിലാളിയുടെ അവകാശങ്ങൾക്ക് വേണ്ടി വാരിക്കുന്തം കൊണ്ട് ബ്രിട്ടീഷുകാരെ നേരിട്ട ഒരു ജനത ഇന്ന് അതേപണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലത്തിൽ പ്രസ്ഥാനത്തിനെ ,അതിൻ്റെ ആശയങ്ങളെ യാതൊരു മൂല്യവുമില്ലാതെ ക്ഷയിപ്പിച്ചകാഴ്ച്ചയാണ് പിന്നീട് കണ്ടത്. തൊഴിലാളിത്തത്തിൻ്റെ ഘടന യിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പരകായപ്രവേശനം