Monday, November 25, 2024
Homeനാട്ടുവാർത്തകോട്ടയ്ക്കലിൽ കിണർ റീ ചാർജ് പദ്ധതി പുതിയ രൂപത്തിൽ

കോട്ടയ്ക്കലിൽ കിണർ റീ ചാർജ് പദ്ധതി പുതിയ രൂപത്തിൽ

കോട്ടയ്ക്കൽ.–നഗരസഭയിലെ ശേഷിക്കുന്ന വാർഡുകളിൽ കിണർ റീ ചാർജ് പദ്ധതി ഇനി ഗുണഭോക്താക്കൾ വഴി നേരിട്ടു നടപ്പാക്കും. നടപ്പാക്കിയ വാർഡുകളിൽ ഗുണഭോക്താക്കൾക്കു ജലസംഭരണിയും പൈപ്പും മറ്റും ഇറക്കിക്കൊടുത്തതിൽ ഇടനിലക്കാർ വൻ തുക കൈക്കലാക്കിയെന്നു ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നഗരസഭാധികൃതരുടെ പുതിയ തീരുമാനം. പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയെക്കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു.

3 വർഷം മുൻപ് 3 വാർഡുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. വിജയമായതോടെ 11 വാർഡുകളിൽ കൂടി നടപ്പാക്കി. ശുചിത്വം, ശുദ്ധജലം എന്നിവയ്ക്കായി കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത്. ചില വാർഡുകളിൽ 300 വീടുകളിൽ വരെ നടപ്പാക്കിയിരുന്നു.

കരാർ ഏറ്റെടുത്ത ഇടനിലക്കാർ ആദ്യം വീടുകളിൽ ജലസംഭരണിയും പൈപ്പും മറ്റും സ്ഥാപിച്ചു കിണർ റീ ചാർജ് ചെയ്യും. പിന്നീട്, നഗരസഭാ ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്തും. തുടർന്നു നഗരസഭാധികൃതർ മതിയായ തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ഇടും. 5,000 മുതൽ 15,000 രൂപ വരെ ആളുകൾക്കു ലഭിച്ചതായി പറയുന്നു.
അക്കൗണ്ടിൽ വന്ന തുക മൊത്തം ഗുണഭോക്താക്കൾ ഇടനിലക്കാർക്കു നൽകുകയാണു ചെയ്യുന്നത്. എന്നാൽ, ഒരു വാർഡിലേക്കാവശ്യമായ ജലസംഭരണിയും പൈപ്പും മറ്റും മൊത്തമായി വിലയ്ക്കുവാങ്ങി വൻ തുക ഇടനിലക്കാർ തട്ടിയെന്നാണു വിമർശനമുയർന്നത്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് ചിലയിടങ്ങളിൽ ഉപയോഗിച്ചതെന്നും പരാതി ഉയർന്നു.

പദ്ധതിയുടെ മേൽനോട്ടത്തിനു നിർവഹണ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല.
ഈ വർഷം മുതൽ പദ്ധതിക്കാവശ്യമായ സാധനങ്ങൾ ഗുണഭോക്താക്കൾ നേരിട്ടുവാങ്ങണമെന്നാണു തീരുമാനം. കിണർ റീ ചാർജ് ചെയ്ത വീടുകളിലെത്തി നഗരസഭാ ഉദ്യോഗസ്ഥർ പരിശോധിക്കും. തുടർന്നു മതിയായ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലിടും.
പദ്ധതി സുതാര്യമായി കൂടുതൽ വാർഡുകളിൽ നടപ്പാക്കുമെന്നു നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments