> ഇന്ത്യയുടെ മറ്റൊരു വനിത താരമായ അദിതി അശോക് 15-ാം സ്ഥാനത്താണ്.
പാരിസ് ഒളിംപിക്സ് വനിത ഗോൾഫിൽ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകി ദിക്ഷ ദാഗർ മൂന്നാം സ്ഥാനത്ത്. ആദ്യ ദിവസം -1 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു താരം. എന്നാൽ രണ്ടാം ദിവസം റൗണ്ട് രണ്ട് പുരോഗമിക്കുമ്പോൾ ദിക്ഷ -2 പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നിലവിൽ ഏഴ് ഹോളുകൾ താരം പിന്നിട്ടുകഴിഞ്ഞു.
അതിനിടെ ഗോൾഫിൽ ഇന്ത്യയുടെ മറ്റൊരു വനിത താരമായ അദിതി അശോക് 15-ാം സ്ഥാനത്താണ്. ആദ്യ ദിനം പൂർത്തിയാകുമ്പോൾ അദിതി 0 പോയിന്റോടെ 13-ാം സ്ഥാനത്തായിരുന്നു. പാരിസ് ഒളിംപിക്സിന്റെ 13-ാം ദിവസം മെഡൽ പ്രതീക്ഷകളുമായി ഇന്ത്യയുടെ നീരജ് ചോപ്ര കളത്തിലിറങ്ങും. യോഗ്യതാ റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 89.34 ദൂരം ജാവലിൻ എത്തിച്ചാണ് താരം ഫൈനലിന് യോഗ്യത നേടിയത്.
വെങ്കല പ്രതീക്ഷയുമായി ഇന്ത്യൻ ഹോക്കി ടീമും ഇന്ന് മത്സരത്തിനിറങ്ങും. സ്പെയ്നാണ് ഇന്ത്യയുടെ എതിരാളികൾ. നേരത്തെ സെമിയിൽ ഇന്ത്യ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ പരാജയപ്പെട്ടത്. മലയാളി താരം പി ആർ ശ്രീജേഷിന്റെ അവസാന അന്താരാഷ്ട്ര മത്സരവുമാണ് ഇന്നത്തേത്.