വയനാട് ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആൻ്റണി 50,000 രൂപ നൽകി. മുൻപ് എം.പി ആയിരുന്ന അവസരത്തിൽ പ്രളയസമയത്തൊക്കെ കൂടുതൽ തുക നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇന്ന് അതിനുള്ള കഴിവില്ലെങ്കിലും ഇപ്പോൾ 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസരത്തിൽ ഭിന്നതകളെല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തർക്കങ്ങളേതുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം അഭ്യത്ഥിച്ചു. കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരിത ബാധിതരെ സഹായിക്കാനും അവരെ പുനരധിവസിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.