Friday, September 20, 2024
Homeകഥ/കവിതമണ്ണും മനുഷ്യനും (കവിത) ✍മംഗളാനന്ദൻ

മണ്ണും മനുഷ്യനും (കവിത) ✍മംഗളാനന്ദൻ

മംഗളാനന്ദൻ

( വൃത്തം -കാകളി)

ആദിമദ്ധ്യാന്തമില്ലാത്ത
കാലത്തിന്റെ
ഏതോ വിദൂര ദശാസന്ധിതന്നിലീ

ഭൂവിലാദ്യത്തെ സ്വയം
ചലിക്കുന്നൊരു
ജീവകോശത്തിൻ
സ്ഫുരണമുണ്ടായതും,

ഏകകോശം
ബഹുകോശങ്ങളായതും,
സാഗരം ജീവന്റെ ഭണ്ഡാരമായതും,

പിന്നീടുരഗങ്ങളായോർ കരയിലേ –
ക്കെന്നോ കയറി പടർന്നു
വളർന്നതും,

കാനനം വിട്ടു പരിണാമസന്ധിയിൽ
മാനവൻ
മണ്ണിലേക്കാകൃഷ്ടനായതും,

നാമറിയുന്നു, മനനവും ധ്യാനവും
കാമനയും ചേർന്ന
മർത്ത്യരാകുന്നു നാം.

സർവ്വ ചരാചര ജീവജാലങ്ങളും
ഉർവ്വിയിലുള്ള സകല ധാതുക്കളും,

ആർത്തിമുഴുത്ത
മനുഷ്യവംശത്തിന്റെ
സ്വാർത്ഥഭോഗത്തിന്നുപകരണങ്ങ
ളായ്!

ജന്മരഹസ്യം തിരഞ്ഞവരെങ്കിലും
നന്മകളോരോന്നു കൈവിട്ടു
മാനവർ.

സ്വന്തം പ്രതിരൂപമായ ദൈവങ്ങളെ
സന്തതം
സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പൊഴും,

കൊല്ലും കൊലയും നടത്തിയീ
ഭൂമിയിൽ
എല്ലാമടക്കി ഭരിക്കാൻ
മുതിർന്നവർ!

ആണവശക്തിക,ളെന്നും
പരസ്പരം
കാണാമറയത്തൊരുങ്ങുന്നു
പോരിനായ്!

ഇന്നും മനുഷ്യന്റെ വേരുകൾ
മണ്ണിലാ-
ണെന്നതറിയാതഹന്ത വളരവേ,

ആഗോളതാപനംകൊണ്ടു
വലയുന്ന
ഭൂഗോളമാകെ രോഷാഗ്നി പടരുന്നു.

വേനൽ കടുക്കുന്നു, കാനനം
കത്തുന്നു,
കാനൽജലം മാത്രമെങ്ങും
പരക്കുന്നു.

പിന്നീടു പെയ്യുന്നു നിർത്താതെ
പേമാരി,
കുന്നും മലയുമൊലിച്ചിറങ്ങീടുന്നു.

പുണ്യനദിയും, ഫണം
പൊക്കിയാടുന്നു
മണ്ണിനടിയിൽ മനുഷ്യർ മറയുന്നു.

അന്യഗ്രഹങ്ങളിലേക്കു വിരുന്നു
പോയ്
വന്നവർക്കും കാലിടറുന്നു
ഭൂമിയിൽ.

വിണ്ണിലേക്കെത്ര
പറന്നുയരുമ്പൊഴും
മണ്ണിലാണത്രേ മനുഷ്യന്റെ
വേരുകൾ!

മംഗളാനന്ദൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments