വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തു. പന്തളം കുളനട സ്വദേശിയായ ശ്രീജിത്തിനെതിരെ പന്തളം പോലീസാണ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ നൽകരുതെന്നായിരുന്നു ശ്രീജിത്ത് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ നൽകരുതെന്നും ഇതിൽ വ്യാപക അഴിമതിയാണെന്നുമായിരുന്നു പ്രചാരണം. ദുരന്തബാധിതരെ സഹായിക്കാൻ നേരിട്ട് സഹായം കൈമാറണം അല്ലെങ്കിൽ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളെ സഹായം ഏൽപ്പിക്കുകയോ ചെയ്യണം എന്നുമായിരുന്നു ശ്രീജിത്ത് പന്തളത്തിൻ്റെ പ്രസ്താവന.
സമൂഹമാധ്യമങ്ങളിലൂടെ ശ്രീജിത്ത് നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് അന്വേഷണത്തിൽ കേസെടുത്തു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി 14 എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ സമാനമായ രീതിയിൽ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് 194 പോസ്റ്റുകൾ കണ്ടെത്തി. ഇവ നീക്കം ചെയ്യുന്നതിനായി നിയമപ്രകാരമുള്ള നോട്ടീസ് കൈമാറിയതായി പോലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റിയിൽ നാല് കേസുകളും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം റൂറൽ, കൊല്ലം സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവടങ്ങളിൽ ഒന്ന് വീതം കേസുകളുമാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്കു കഴിയുന്നവരെല്ലാം സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാടിനെ പുനർ നിർമ്മിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണ്. ഇതിനോടകം സഹായ ഹസ്തങ്ങളുമായി എല്ലാ മേഖലയിൽ നിന്നും സുമനസ്സുകൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാക്കേണ്ടതാണെന്ന് അധികൃതർ നിർദേശം നൽകി.
സന്നദ്ധ സംഘടനകളുടെ പേരിൽ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിർത്തിവെക്കണം. ഈ ഘട്ടത്തിൽ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതിൽ പങ്കാളികൾ ആയിരിക്കുന്നവർ അതിൽ നിന്ന് പിന്മാറണം. ശേഖരിച്ച വസ്തുക്കൾ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ദുരന്തനിവാരണ അതോറിറ്റി അറിയിക്കും.