കൊച്ചി:തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരു ജീവന്‍ നഷ്ടമായിട്ട് ഒരു മാസമായിട്ടില്ല. തോട്ടിലെ മാലിന്യക്കൂമ്പാരമാണ് ജോയിയെന്ന ശുചീകരണ തൊഴിലാളിയുടെ ജീവന്‍ കവര്‍ന്നത്.
ഇതുപോലെയുള്ള തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്‌സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം വില്‍ബോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കുവേണ്ടി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലിത് ഉപയോഗിക്കുന്നുണ്ടെന്ന് ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ. എം.കെ. വിമല്‍ ഗോവിന്ദ് പറഞ്ഞു.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുള്ള ബന്‍ഡികൂട്ട് റോബോട്ടിലൂടെ ശ്രദ്ധ നേടിയതാണ് തിരുവനന്തപുരം കേന്ദ്രമായുള്ള ജെന്‍ റോബോട്ടിക്‌സ്. റോവര്‍ ടൈപ്പ് റോബോട്ടാണ് വില്‍ബോര്‍. ഇത് റിമോട്ടുകൊണ്ട് നിയന്ത്രിച്ച് കനാലും തോടുമെല്ലാം വൃത്തിയാക്കാനാകും. ഔദ്യോഗികമായി ഈ റോബോട്ടിനെ അവതരിപ്പിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്‍പ്പെടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിമല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. മലേഷ്യയില്‍നിന്നും വില്‍ബോറിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. കനാലുകളിലും തോടുകളിലുമുള്ള മാലിന്യം വലിച്ചെടുത്ത് അവ ചെറുരൂപത്തിലേക്ക് മാറ്റാന്‍ ഈ റോബോട്ടിന് കഴിയും.