ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഈ പ്രതിസന്ധിയില്‍ നിന്നു സമൂഹത്തെ രക്ഷിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.
വനിതാ കമ്മിഷനും പോലീസും കൗണ്‍സിലേഴ്സും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ് ജില്ലാതല അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലും. സ്വത്ത് സംബന്ധിച്ച കേസുകള്‍ വര്‍ധിച്ചു വരുകയാണ്.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വിശ്വാസമില്ലാതാകുന്നതു മൂലമുള്ള പ്രശ്നങ്ങളും കൂടി വരുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിംഗ് ഫലപ്രദമാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
ജില്ലാതല അദാലത്തില്‍ ആകെ 15 പരാതികള്‍ തീര്‍പ്പാക്കി.
അഞ്ചു പരാതികള്‍ റിപ്പോര്‍ട്ടിനായും രണ്ടെണ്ണം ജാഗ്രതാ സമിതിക്കും രണ്ടെണ്ണം ഡിഎല്‍എസ്എയ്ക്കും അയച്ചു. 42 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 66 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
അഭിഭാഷകരായ എസ്. സീമ, സബീന, കൗണ്‍സലര്‍മാരായ അഞ്ജു തോമസ്, തെരേസ തോമസ്, എഎസ്ഐ ടി.കെ. സുബി, സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിതാ കുമാരി എന്നിവര്‍ പങ്കെടുത്തു.