മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉമ്മൻചാണ്ടി സ്പോർട്സ് അരീന ഗോൾ – ഫുട്ബോൾ ടർഫ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രദർശനം മത്സരത്തിലായിരുന്നു എംഎൽഎമാരുടെ ടീം ളാക്കാട്ടൂർ ഹീറോസ് ക്ലബ്ബുമായി ഏറ്റുമുട്ടിയത്.
ആദ്യപകുതിയിൽ 1-1 എന്ന സമനിലയിലാണ് ഇടവേളയ്ക്ക് വിസിൽ മുഴങ്ങിയത്. എം.എൽ.എ മാരുടെ ഗോളി സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ തുടരെത്തുടരെയുള്ള സേവുകളിലൂടെ ടീമിൻ്റെ ആധിപത്യം 2-1 ൽ നിലനിൽക്കെ കളിയുടെ അവസാന മിനിറ്റുകളിൽ ളാക്കാട്ടൂർ ടീം വീണ്ടും സമനില നേടി.
തുടർന്ന് ഷൂട്ടൗട്ടിൽ 3-0 എതിരാളികളെ തകർത്ത് എംഎൽഎമാർ കളിക്കളം തിങ്ങി നിറഞ്ഞ കാണികളുടെ കയ്യടി നേടി.
എം.എൽ എ മാരായ ടി.സിദ്ദിഖ്, പി.വി ശ്രീനിജൻ, തോമസ് കെ. തോമസ്, ചാണ്ടി ഉമ്മൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ് എന്നിവരാണ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രദർശന മത്സരത്തിൽ ബൂട്ടണിഞ്ഞത്.
പ്രദർശന മത്സരത്തിനു മുന്നോടിയായി പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ നിന്ന് കാട്ടൂരിലെ ടർഫ് കോർട്ടിലേക്ക് ദീപശിഖ പ്രയാണവും നടന്നിരുന്നു.
കോൺഗ്രസ് നേതാവ് ഹരിഹരൻ നായർ സംഭാവന ചെയ്ത 50 സെൻ്റ് ഭൂമിയിലാണ് ടർഫ് നിർമ്മിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടി ഫൗണ്ടേഷന് കീഴിലുള്ള ഉമ്മൻചാണ്ടി ആശ്രയ കൂരോപ്പട കമ്മിറ്റി നേതൃത്വത്തിൽ വെറും 52 ദിവസം കൊണ്ടാണ് പ്രതികൂല കാലാവസ്ഥ അവഗണിച്ച് നിർമ്മാണം പൂർത്തീകരിച്ചത്.
10,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക നിലവാരത്തിലാണ്ഫുട്ബോൾ ബാഡ്മിൻറൺ ക്രിക്കറ്റ് എന്നിവ കളിക്കാൻ സൗകര്യമൊരുക്കുന്ന ടർഫ് നിർമ്മിച്ചിരിക്കുന്നത്.