കണ്ണൂർ –കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ എ ആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഇന്ധനം നിറച്ച മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെയായാണ് ഇയാൾ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. സന്തോഷ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് കണ്ണൂർ ടൗണിലെ എൻ കെ ബി ടി പമ്പിൽ ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. കണ്ണൂർ സിറ്റി, പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ സന്തോഷ് കുമാർ പെട്രോൾ അടിച്ചതിനുശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചു. പമ്പിലെ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ, അവശേഷിക്കുന്ന പണം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിനു കൂട്ടാക്കാതിരുന്ന പോലീസുകാരൻ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. ബോണറ്റിൽ പിടിച്ചിരുന്ന അനിലുമായി ഏറെ ദൂരം അകലെയുള്ള ട്രാഫിക് സ്റ്റേഷൻ വരെ വാഹനം ഓടിച്ചു. പമ്പ് തലനാരിനാരിഴയ്ക്കാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസടുത്ത കണ്ണൂർ ടൗൺ പൊലീസ് സന്തോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കും.