Friday, September 20, 2024
Homeകഥ/കവിതഓർമ്മയിൽ പൂക്കുന്ന കാവ്യം... (ഒരു പ്രണയകൃതി). ✍ രവി കൊമ്മേരി.

ഓർമ്മയിൽ പൂക്കുന്ന കാവ്യം… (ഒരു പ്രണയകൃതി). ✍ രവി കൊമ്മേരി.

രവി കൊമ്മേരി.

പ്രിയേ,
കാതര ഹൃദയമാം കാനനഛായയിൽ
ഞാനലഞ്ഞീടുന്നു സാദരം സ്നേഹിതേ …

ഇങ്ങിനെ ഒരു എഴുത്ത് എഴുതണം എന്ന് കരുതിയതല്ല. എങ്കിലും എഴുതുന്നു.

വഴിവക്കിലെന്നും നിന്നെ കാത്തു നിന്നപ്പോൾ അകലെ ഒരു ചന്ദ്രക്കല പോലെ തെളിയുന്ന നിൻ്റെ രൂപം അതെന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. എന്നുമില്ലാതെ നീ എൻ്റെ മുന്നിലേക്ക് ആ ഇളം മഞ്ഞപ്പച്ച നിറത്തിലുള്ള ദാവണിയും ചുറ്റി വന്നനേരം , ആ വഴി നടന്നുപോയ ദേവകി അമ്മൂമ്മ പറഞ്ഞത് ഞാനിപ്പഴും ഓർക്കുന്നു. കണ്ണാ ഇത് നിൻ്റെ രാധയാടാ. വിടാതെ പിടിച്ചോന്ന്.

വർഷങ്ങൾക്ക് ശേഷം ഇന്ന് നിന്നെ, ആ ഷോപ്പിംഗ് മാളിൽ വച്ച് കണ്ടപ്പോൾ, എൻ്റെ മുന്നിൽ വാടാത്ത താമരപോലെ അതേ നിറത്തിലുള്ള സാരിയും ചുറ്റി നീ നിന്നപ്പോൾ, എടി പെണ്ണേ…. നീ ആ പഴയ രാധയാണെന്ന് ഞാനങ്ങ് ഓർത്തു പോയിരുന്നേൽ പിന്നെ നീ തിരിച്ച് വീട്ടിൽ പോകില്ലായിരുന്നു . മൊഴിയാൻ മറന്നതും, പുഞ്ചിരിയിൽ നീ ഒതുക്കിയതും എൻ്റെ കൗമാരത്തിൻ്റെ നിറച്ചാർത്തുകളുടെ ശോഭയായിരുന്നു. നീ അതൊക്കെ ഓർക്കുന്നുണ്ടോ ?

വായിച്ചു തീരാത്ത പുസ്തകത്തിൻ്റെ താളുകൾ കൊതിയോടെ വായിക്കുവാൻ വീണ്ടും വീണ്ടും മറിക്കുമ്പോൾ അകലെ ആ മനോഹര ഗ്രാമത്തിൻ്റെ വയലുകൾക്കപ്പുറത്തെ ഇടവഴിയിൽ ഞാൻ നിന്നെ കാണും. നീ പുഞ്ചിരിച്ചെറിഞ്ഞു പോയ ആ പ്രണയ പുഷ്പങ്ങളെ കാണും, ആരും കാണാതെ നിൻ്റെ കൈവള്ളയിൽ ഉമ്മ വെയ്ക്കുമ്പോൾ ആ പറങ്കിമാവിൻ്റെ മുകളിലിരുന്ന് രണ്ട് മൈനകൾ കളിയാക്കിയത് കാണും, പിന്നിട് ഒരു വരിപോലും വായിക്കാൻ എനിക്ക് കഴിയാറില്ല. പുസ്തകവും അടച്ചുവച്ച് ദാ… ഈ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലിരുന്ന് വളരെ വേഗം തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കിയങ്ങിനെയിരിക്കും.

പക്ഷേ ഇന്ന് നിന്നെ കണ്ടപ്പോൾ നിൻ്റെ ചുണ്ടിൽ മായാതെ നീ ഇന്നും കൊണ്ടുനടക്കുന്ന ആ പുഞ്ചിരി കണ്ടപ്പോൾ സ്വപ്നമായിരുന്നു എല്ലാം. സ്വർഗ്ഗം ഇപ്പോഴും നമുക്ക് മുന്നിൽ തന്നെയാണ് എന്നൊരു തോന്നൽ. എൻ്റെ വാട്ട്സ് ആപ്പ് നമ്പര് വാങ്ങിച്ച് നീ ഒരു ഹായ് അയച്ചപ്പോൾ, ദാ..-ഇപ്പഴും അതിലേക്കൊരു സന്ദേശം തിരിച്ചയക്കാൻ കഴിയണില്ല എനിക്ക്. അതാ ഒടുക്കം ഇങ്ങിനെ ഒരു എഴുത്തെഴുതാമെന്ന് കരുതിയത്. ഈ എഴുത്ത് നീ വായിക്കുകയാണെങ്കിൽ നാളെ കാലത്ത് പതിനൊന്ന് മണിക്ക് ആ മാർക്കറ്റ് ജംഗഷനിലുള്ള കോഫീ ഷോപ്പിൽ നീ വരിക. തിരക്കുപിടിച്ച നിൻ്റെ കുടുംബ ജീവിതത്തിൻ്റെ താളലയങ്ങൾക്ക് അപശ്രുതി മീട്ടാനല്ല പെണ്ണേ…. ശൈത്യവും വേനലും മഴയും ഒന്നും തളർത്താത്ത എൻ്റെ ആ പഴയ മനസ്സിലെ ഓർമ്മച്ചിത്രങ്ങളിലെ മാറാലയും തുടച്ചു മിനുക്കി നിൻ്റെ ആ പുഞ്ചിരിയിൽ എനിക്കൊരു പുത്തൻ കാവ്യമെഴുതണം. അതും നീ പുഞ്ചിരിക്കുമെങ്കിൽ പുഞ്ചിരിക്കുമെങ്കിൽ മാത്രം.

സ്‌നേഹത്തോടെ,
ഞാൻ രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments