അഞ്ച് ദിവസത്തിന് ശേഷം പനിബാധിതരുടെ കണക്ക് പ്രസിദ്ധീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 11,438 പേരെന്നാണ് ഔദ്യോഗിക കണക്ക്. പനിബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ പനിബാധിതർ മലപ്പുറം ജില്ലയിലാണ്. 2159 പേരാണ് മലപ്പുറത്ത് മാത്രം പനി ചികിത്സ തേടിയത്. ജൂലൈ ആദ്യവാരത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 50,000 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പനിയും പകർച്ചവ്യാധിയെയും തുടർന്ന് ചികിത്സയ്ക്കെത്തിയത്. 493 ഡെങ്കി കേസുകൾ അഞ്ചുദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു.
69 എലിപ്പനി കേസുകളും ഔദ്യോഗികമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 158 H1N1 കേസുകളും 6 വെസ്റ്റ് നെയിൽ കേസുകളും റിപ്പോർട്ട് ചെയ്തതിൽ ഉൾപ്പെടുന്നു. പനി കേസുകൾ വർധിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പൊതുജനങ്ങൾ കൃത്യമായി ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
പകർച്ചവ്യാധിക്കൊപ്പം അമിബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണ് ജാഗ്രത നിർദ്ദേശങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവന്നപ്പോൾ തന്നെ സർക്കാർ ഇതിനെ പ്രതിരോധിച്ച രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ വിമർശനം കൂടി ഉയർന്ന സാഹചര്യത്തിലാണ് പനി കണക്കുകൾ പുറത്തുവിടുന്നത്.