Saturday, October 5, 2024
Homeകായികംസ്പാനിഷ് തലപ്പൊക്കം ; സ്‌പെയ്‌ൻ യൂറോ സെമിയിലേക്ക്‌.

സ്പാനിഷ് തലപ്പൊക്കം ; സ്‌പെയ്‌ൻ യൂറോ സെമിയിലേക്ക്‌.

സ്‌റ്റുട്ട്‌ഗർട്ട്‌; യൂറോ കപ്പിന്റെ മനോഹരമായ അധ്യായങ്ങളിലൊന്നിൽ സ്‌പെയ്‌ൻ ചരിത്രമെഴുതി. ഒപ്പത്തിനൊപ്പം പോരാടി, ഒടുവിൽ ജർമനിയെ അധികസമയക്കളിയിൽ 2–-1ന്‌ കീഴടക്കി സ്‌പെയ്‌ൻ യൂറോ സെമിയിലേക്ക്‌ കുതിച്ചു. ഈ പതിപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു മുൻ ചാമ്പ്യൻമാർ തമ്മിൽ. അധികസമയത്തിന്റെ അവസാന നിമിഷങ്ങളിൽ മിക്കേൽ മെറീനോയുടെ ഹെഡർ ജർമൻമതിൽ തകർത്തു. ഫാബിയൻ റൂയിസിന്റെ ഒന്നാന്തരം ഗോളിൽ സ്‌പെയ്‌നാണ്‌ ലീഡ്‌ കുറിച്ചത്‌. സെമി ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഫ്‌ളോറിയൻ വിയറ്റ്‌സിന്റെ തകർപ്പൻ ഷോട്ടിൽ ജർമനി തിരിച്ചുവന്നത്‌. ഇതോടെ കളി അധികസമയത്തേക്ക്‌ നീങ്ങുകയായിരുന്നു.
സ്‌പെയ്‌ൻ പ്രതിരോധക്കാരൻ ഡാനി കർവഹാൽ അവസാനനിമിഷം രണ്ടാം മഞ്ഞക്കാർഡ്‌ വഴങ്ങി പുറത്തായി.

പരുക്കൻ കളിയായിരുന്നു തുടക്കത്തിൽ. സ്‌പെയ്‌നിന്റെ കളിയൊഴുക്കിനെ തടയിടാൻ ജർമൻതാരങ്ങൾ അടവുകൾ പുറത്തെടുത്തു. ടോണി ക്രൂസിന്റെ കാലിൽ തട്ടി വീണ്‌ സ്‌പാനിഷ്‌ മധ്യനിരക്കാരൻ പെഡ്രി കളി 10 മിനിറ്റ്‌ തികയുംമുമ്പ്‌ മടങ്ങി. ഒൽമോ പകരമെത്തി.യുവതാരം ലമീൻ യമാലാണ്‌ സ്‌പാനിഷ്‌ പടയ്‌ക്ക്‌ ചിറകുകൾ നൽകിയത്‌. ഒരറ്റത്ത്‌ ലമാൽ ജർമൻപ്രതിരോധത്തിന്‌ വെല്ലുവിളി ഉയർത്തി. എന്നാൽ, അന്റോണിയോ റൂഡിഗർ നയിച്ച ജർമൻപ്രതിരോധം വിടവുനൽകിയില്ല. ഇടവേള കഴിഞ്ഞ്‌ നിമിഷങ്ങൾക്കുള്ളിൽ യമാലിന്റെ പ്രതിഭയിൽ ജർമൻപ്രതിരോധം മയങ്ങിപ്പോയി. മധ്യവരയ്‌ക്ക്‌ മുന്നിൽനിന്ന്‌ അൽവാരോ മൊറാട്ട നൽകിയ ക്രോസ്‌ വലതുവശത്ത്‌ ലമാൽ പിടിച്ചെടുത്തു. പിന്നെ ബോക്‌സിലേക്ക്‌, നെടുനീളത്തിൽ  മനോഹരമായ പാസ്‌. ജർമൻപ്രതിരോധം പന്തൊഴുകിയതറിഞ്ഞില്ല. ഡാനി ഒൽമോ ഓടിയെത്തി അതിൽ കാൽക്കൊരുത്തു. യൂറോയിൽ മൂന്ന്‌ ഗോളിന്‌ അവസരമൊരുക്കിയ പ്രായംകുറഞ്ഞ താരമായി പതിനാറുകാരൻ യമാൽ.

പിന്നാലെ കളി മാറി. ജർമനിയുടെ കിടയറ്റ ആക്രമണം. കോച്ച്‌ ജുലിയസ്‌ നാഗൽസ്‌മാൻ മാറ്റങ്ങൾ വരുത്തി. വിയറ്റ്‌സും നിക്കോളാസ്‌ ഫുൾക്രുഗും കളത്തിലെത്തി. പന്തൊഴുക്കിന്‌ വേഗം കൂടി. ജർമൻവീര്യത്തിൽ സ്‌പാനിഷ്‌ പ്രതിരോധം ഒന്നുലഞ്ഞു. റോബർട്ട്‌ ആൻഡ്രിച്ചിന്റെ കരുത്തുറ്റ ഷോട്ട്‌ ഗോൾകീപ്പർ ഉനായ്‌ സിമോൺ തട്ടിയകറ്റി. കളി തീരാൻ 15 മിനിറ്റ്‌ശേഷിക്കെ ഫുൾക്രുഗിന്റെ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.  89–-ാം മിനിറ്റിൽ ജർമനിയുടെ സംഘടിത ആക്രമണത്തിന്‌ ഫലംകിട്ടി. ജോഷ്വ കിമ്മിച്ചിന്റെ ഹെഡർ പിടിച്ചെടുത്ത്‌ വിയറ്റ്‌സ്‌ അടിതൊടുത്തു. പന്ത്‌ പോസ്‌റ്റിൽ തട്ടി അകത്തേക്ക്‌. കളി അധികസമയത്തേക്കും. ജർമനിക്കായിരുന്നു ആധിപത്യം. ഇതിനിടെ, കുകുറല്ലയുടെ കൈയിൽ പന്ത്‌ തട്ടിയതിന്‌ ജർമനി പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. 119–-ാം മിനിറ്റിൽ സ്‌പെയ്‌ൻ ഉയിർത്തു. ഇടതുഭാഗത്തുള്ള ഒൽമോയുടെ മനോഹര ക്രോസിൽ പറന്നുതലവച്ച്‌ മെറീനോ ചരിത്രംകുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments