ഹത്രാസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ്. മൃതദേഹങ്ങള്‍ ലോറികളില്‍ അടുക്കിയിട്ട് സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പില്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനിടയില്‍ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹവും ചുമന്ന് കൊണ്ട് പോകുന്നയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്.
അതേസമയം, ഹത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 ആയി ഉയരുന്നു. ഇതിൽ 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം.
സംഭവത്തിൽ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27 പേര്‍ ഇറ്റ സ്വദേശികളുമാണ്. അതേസമയം അടിയന്തര ചികിത്സ ലഭിക്കാത്തതില്‍ പ്രതിഷേധം. ആശുപത്രികളിലെ സൗകര്യക്കുറവ് മരണസംഖ്യ കൂട്ടി എന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു
ആവശ്യത്തിന് ഡോക്ടര്‍മാരോ ആംബുലന്‍സോ ഓക്‌സിജന്‍ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്നും അടിയന്തര ചികിത്സയ്ക്കായുള്ള ഒരു സജ്ജീകരണവും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. പരിപാടിക്കായി താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്.