മലയാളി മനസ്സിൻ്റെ ” സ്ഥിരംഎഴുത്തുകാർ ” എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം
ഇന്നത്തെ അതിഥി: ശ്രീ ബേബി മാത്യു അടിമാലി.
മലയാളിമനസ്സിൻ്റെ ചീഫ് എഡിറ്റർ ശ്രീ രാജു ശങ്കരത്തിലാണ് ശ്രീ ബേബി മാത്യു, അടിമാലിയെ ‘ചിന്താ പ്രഭാതം’ എന്ന സ്ഥിരം പംക്തി ചെയ്യാനായി ഏല്പിക്കുന്നത്. ആ ദൗത്യം അദ്ദേഹം മടി കൂടാതെ ഏറ്റെടുക്കുകയും മലയാളി മനസ്സിൻ്റെ സുപ്രഭാതങ്ങളെ തൻ്റെ ചിന്തപ്രഭാതങ്ങൾ കൊണ്ട് പ്രശോഭിതമാക്കുകയും ചെയ്തു വരുന്നു. അത് മലയാളി മനസ്സിൻ്റെ ജനപ്രിയ എഴുത്തുകാരനായി അദ്ദേഹത്തെ മാറ്റി.
മലകളും പുഴകളും ഹരിതാഭയൊരുക്കുന്ന പ്രകൃതി രമണീയമായ ഇടുക്കി ജില്ലയിലെ അടിമാലി എന്ന ഗ്രാമം ആണ് ഈ എഴുത്തുകാരന്റെ സ്വദേശം. മത്തായി – കുഞ്ഞേലി ദമ്പതികളടെ ആറു മക്കളിൽ അഞ്ചാമനായി 1964-ൽ ആണ് ജനനം.
‘ഇടുക്കി ഡാം -ഒരു ചരിത്രപഠനം’ എന്ന ഇദ്ദേഹം എഴുതിയ ലേഖനം ഒരുപാട് വാട്സ്ആപ്പ് ഗ്രുപ്പുകളിലും ഫേസ്ബുക് ഗ്രൂപ്പുകളിലും കുറെയധികം പേരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അവിടെ നിന്നാകാം രാജു സർ തന്നെ കണ്ടെത്തിയത് എന്ന് എഴുത്തുകാരൻ ഊഹിക്കുന്നു.
ചെറുപ്പത്തിൽ തന്നെ പിതാവിന്‍റെ മരണം സംഭവിച്ചു. പിന്നീട് എറെ ദുരിത പൂർണ്ണമായിരുന്നു ജീവിതം. അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇന്നത്തെ പോലെ ഹൈറേഞ്ചിൽ ഉണ്ടായിരുന്നില്ല . പത്തു കിലോമീറ്ററൊക്കെ നടന്നു വേണം സ്കൂളിൽ പോകാൻ. അതു കൊണ്ടുതന്നെ പത്താം തരം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും വായന കൈവിട്ടില്ല. പുസ്തകങ്ങളായിരുന്നു എന്നും കൂട്ടുകാർ. പിൽകാലത്ത് എഴുതുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതിൽ അന്നത്തെ വായനയ്ക്ക് വലിയ പങ്കുണ്ട്.എഴുത്തിന്റെ വഴിയിൽ എത്തിയ സന്തോഷം മലയാളി മനസ്സുമായി പങ്ക് വച്ചു.
പതിനെട്ടാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്നു. നീണ്ട ഇരുപത് വർഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൈനീക സേവനം ചെയ്തു. പട്ടാളത്തിൽ നിന്നും പിരിഞ്ഞതിനു ശേഷം വൈദ്യുതി വകുപ്പിൽ ജോലി കിട്ടി. അത് തുടരുന്നു.
പട്ടാളത്തിൽ ജോലിയിലിരിക്കേ വിവാഹിതനായി ഭാര്യ ബിജി. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്.
മൂത്ത മകൻ ബിനു, മർച്ചൻ്റ് നേവിയിൽ ജോലി ചെയ്യുന്നു. ബിനുവിൻ്റെ ഭാര്യ വൈഷ്ണവി വിജയൻ ഡോക്ടറാണ്. ഇപ്പോൾ ഗൈനക്കൊളജിയിൽ PG ചെയ്യുന്നു. അവർക്ക് ഒരു മോളുണ്ട് നാലു വയസുകാരി ഇഷൽ.
രണ്ടാമത്തെ മകൾ ആതിര MSc ജിയോളജി പാസ്സായി ഇപ്പോൾ കാനഡയിൽ ജോലി ചെയ്യുന്നു.ഇതാണ് എഴുത്തുകാരന്റെ കുടുംബവിശേഷം.
കവിതകൾ, കഥകൾ, ലേഖനങ്ങൾ…..എന്നിവ സ്ഥിരമായി എഴുതാറുണ്ട് ഈ എഴുത്തുകാരൻ. ഇതിനോടകം ധാരാളം പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പി. ഭാസ്ക്കരൻ സ്മാരക കവിത രചനയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി എന്ന് പറഞ്ഞപ്പോൾ മലയാളിമനസ്സും ആ സന്തോഷത്തിൽ പങ്കു ചേർന്നു.
മലയാളിമനസ്സിന്റെ കോപ്പി എഡിറ്റർ എന്ന നിലയിൽ എഴുത്തുകാരനെ ഇന്റർവ്യൂ ചെയ്യുക എന്ന ഉദ്ദേശവുമായി എത്തിയ എനിക്ക് വ്യക്തിപരമായി സന്തോഷം നൽകുന്ന ഒരു കാര്യം കൂടി അദ്ദേഹം പങ്കു വച്ചു. അത് മറ്റൊന്നുമായിരുന്നില്ല എന്റെ ബന്ധുവായ ഇന്നസെന്റിനെ കുറിച്ച് അദ്ദേഹം എഴുതിയ കവിത ആയിരുന്നു.
ഇന്നസന്റേട്ടന് കണ്ണിരോടെ വിട…..….🙏🙏🙏🙏🌹🌹🌹
ഇന്നസെന്റായിരുന്നു
ഏട്ടൻ
ഇബലീസല്ലായിരുന്നു
അർബുദംപോലുമീ ഏട്ടന്റെ
മുന്നിൽ കുമ്പിട്ടു നിന്നിരുന്നു
അഭിനന്ദനങ്ങളും ആക്ഷേപങ്ങളും
എത്രയോ കേട്ടിരുന്നു
ഏട്ടൻ
അതിൽ വ്യാകുലപ്പെട്ടതില്ല
അധ്വാന വർഗ്ഗത്തിൻ
സിദ്ധാന്തമെന്നും
ഹൃത്തിൽ നിറച്ച സൂര്യൻ
അശരണർക്കവലംബ
ഹീനർക്കായെന്നും
നിലപാടു സ്വീകരിച്ചോൻ
കിലുക്കം സിനിമയിൽ
ലോട്ടറിയടിച്ചൊരാ
ഒറ്റസീൻ മാത്രം മതി
മലയാള സിനിമക്കെന്നു –
മോർമ്മിക്കുവാൻ
നടനമീവിസ്മയത്തേ
ഏട്ടന്റെ സഖിയാകുമാലിസാമ്മയ്ക്കൊപ്പം
ഞങ്ങളും കേണിടുന്നു
ലാൽസലാം ചൊല്ലി വിട ചൊല്ലാമേട്ടന്
കണ്ണീർ കണങ്ങളോടെ
ഏങ്കിലുമീയേട്ടൻ ഇന്നസെന്റായെന്നും
നമ്മുടെ ഹൃത്തിൽ വാഴും
നിറ കണ്ണുകളിൽ നൽകുന്നു ഞങ്ങൾ
ഈ പ്രാണനു പ്രണാമം
ബേബി മാത്യു, അടിമാലി
എഴുത്തിൻ്റെ വിവിധ മേഖലയിൽ വളരെ ചെറിയ കാലം കൊണ്ട് തന്‍റേത് ആയ ഇടം കണ്ടെത്തിയ ശ്രീ ബേബി മാത്യു അടിമാലിയുടെ കരുത്തും ഊർജ്ജവും മലയാളി മനസ്സിന് മുതൽക്കൂട്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട്..
നന്ദി! നമസ്ക്കാരം!