വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ ഇന്റേണല്‍ സംവിധാനങ്ങളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. കമ്പനി തന്നെയാണ് ഉപഭോക്താക്കളെ ഈ വിവരം അറിയിച്ചത്. റഷ്യന്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ കൈക്കലാക്കിയെന്നാണ് കമ്പനി വ്യാഴാഴ്ച അറിയിച്ചത്. ഏതെല്ലാം വിവരങ്ങളാണ് കയ്യടക്കിയത് എന്നും കമ്പനി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ഹാക്കിങ് ബാധിച്ചത്. ജനുവരിയിലും സമാനമായ ആക്രമണം നടന്നിരുന്നുവെന്നും കമ്പനി പറയുന്നു. മൈക്രോസഫ്റ്റ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ നിന്നുള്ള രേഖകളും അന്ന് ഹാക്കര്‍മാര്‍ മോഷ്ടിച്ചിരുന്നു. എത്രപേരെയാണ് ഹാക്കിങ് ബാധിച്ചത് എന്നും എത്ര ഇമെയിലുകള്‍ മോഷ്ടിക്കപ്പെടുവെന്നും മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയില്ല.
റഷ്യന്‍ ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് മൈക്രോസോഫ്റ്റിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം ചൈനീസ് ഹാക്കര്‍മാരും മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ക്കെതിരെ സൈബറാക്കമണം നടത്തിയിരുന്നു.