തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനായ തൃപ്പങ്ങോട്ടൂര്‍ നരിക്കോട്ട്മലയിലെ ചിറ്റാരി ഹൗസില്‍ ദിനേശനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷവും ഏഴ് മാസവും തടവും 77,500 രൂപ പിഴയും.പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസവും 10 ദിവസവും അധിക തടവ് അനുഭവിക്കണം.
തൃപ്പങ്ങോട്ടൂര്‍ നരിക്കോട്ട്മല സ്വദേശികളായ പടിയത്ത് വളപ്പില്‍ ഹൗസില്‍ പി.ആര്. രവി എന്ന പി.ജി. രവി (50), പിലാക്കണ്ടിയില്‍ വീട്ടില്‍ പിലാക്കണ്ടി അഭിലാഷ് (39), പിലാക്കൂല്‍ ഹൗസില്‍ ആന്റു (45), വള്ളിയില്‍ ഹൗസില്‍ സതീശന് (41), തെനിയാടന്‍ ഹൗസില്‍ സുശാന്ത് (36), അക്കരമേല്‍ വീട്ടില്‍ അക്കരമേല്‍ സജീവന് (37), പൊരുന്നന്‍ ഹൗസില്‍ പൊരുന്നന്‍ ചന്ദ്രന് (50), പുത്തൂര്‍ കൈവേലിക്കല്‍ കുണ്ടന്‍ചാലില്‍ വീട്ടില്‍ വിഷ്ണു എന്ന വിജേഷ് (44) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി തലശ്ശേരി അഡീഷനല്‍ അസി.സെഷന്‍സ് കോടതി ജഡ്ജി എം. ശ്രുതി ശിക്ഷിച്ചത്.ഒമ്പത് പ്രതികളുള്ള കേസില്‍ എട്ടാം പ്രതി നരിക്കോട്ട്മലയിലെ തെനിയാടന്‍ ഹൗസിൽ തെനിയാടൻ ചന്തുക്കുട്ടി (53) വിചാരണക്കിടെ മരിച്ചു. ശിക്ഷിക്കപ്പെട്ടവരും കണ്ടാലറിയാവുന്ന മറ്റു പത്തോളം പ്രതികളും കൊല്ലണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി ആക്രമിക്കുകായിരുന്നു.
2009 ഒക്ടോബര്‍ 14 ന് രാവിലെ 10ന് തൃപ്പങ്ങോട്ടൂര്‍ നരിക്കോട്ട്മല ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ദിനേശനെ ആക്രമിച്ചത്. കൊളവല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പി.കെ. സന്തോഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രീതി പറമ്പത്ത്, അഡ്വ. സി. പ്രകാശന് എന്നിവര്‍ ഹാജരായി.