ഗാസ സിറ്റി; ഒമ്പതുമാസമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ ഗാസ മുനമ്പിലെ 21,000 കുട്ടികൾ ‘അപ്രത്യക്ഷരായി’. ഇവിടെ ഇതുവരെ 37,626 പേരെയാണ് ഇസ്രയേൽ കൊന്നൊടുക്കിയത്. 86,098 പേർക്ക് പരിക്കേറ്റു. ഈ പട്ടികകളിലോ, അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരിലോ കണ്ടെത്താനാകാത്ത കുട്ടികളുടെ കണക്കാണ് ഗാസ ഭരണനേതൃത്വം പുറത്തുവിട്ടത്.
ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഗാസയിൽ ഉടനീളം തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ കുടുങ്ങിയിട്ടുണ്ട്.അതിനിടെ, ഗാസ എമർജൻസി ആംബുലൻസ് സർവീസ് ഡയറക്ടർ ഹനി അൽജാഫർവിയും കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ബാനി സുഹെയ്‌ല നഗരത്തിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ സൈന്യം വെടിവച്ചതിൽ ഏഴുപേർ കൊല്ലപ്പെട്ടു.
കരേം അബു സലേമിൽനിന്ന് അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകൾക്കായി കാത്തുനിന്നവരെയാണ് കൊന്നൊടുക്കിയത്. ഗാസയിലേക്ക് ഫലത്തിൽ സഹായമൊന്നും പ്രവേശിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.