Friday, October 18, 2024
Homeകേരളംഅവാർഡ് ശിൽപങ്ങളൊരുക്കി ഷിബു സിഗ്നേച്ചർ

അവാർഡ് ശിൽപങ്ങളൊരുക്കി ഷിബു സിഗ്നേച്ചർ

കോട്ടയ്ക്കൽ.–വിവിധ പുരസ്കാര ജേതാക്കൾക്കുള്ള ശിൽപങ്ങൾ തയാറാക്കാൻ സാധിച്ചത് അഭിമാനത്തോടെയും സന്തോഷത്തോടെയും കാണുകയാണ് ഒതുക്കുങ്ങലിലെ ഷിബു സിഗ്നേച്വർ. കഴിഞ്ഞവർഷത്തെ ഒ.വി.വിജയൻ സ്മാരക അവാർഡിനുള്ള ശിൽപമാണ് ഈ കലാകാരൻ ഇപ്പോൾ ഒരുക്കികൊണ്ടിരിക്കുന്നത്.
തൃശൂരിൽ നിന്നാണ് ഷിബു ശിൽപകല അഭ്യസിച്ചത്.

ബെംഗളുരു, റഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം പോയി ഉപരിപഠനം നടത്തി. നൂറുകണക്കിന് ശിൽപങ്ങൾ വിരൽത്തുമ്പിലൂടെ വിരിയിച്ചെടുത്ത ഷിബുവിന് ആകസ്മികമായാണ് അവാർഡ് ശിൽപം കൊത്താൻ സാഹചര്യമുണ്ടായത്. അങ്ങാടിപ്പുറം വള്ളുവനാട് സാംസ്കാരിക സമിതിയാണ് നന്തനാർ സ്മാരക സാഹിത്യ പുരസ്കാരത്തിന്റെ ശിൽപമൊരുക്കാൻ ആദ്യ അവസരം നൽകിയത്. 3 വർഷമായി ഈ പുരസ്കാരത്തിനുള്ള ശിൽപം മെനഞ്ഞെടുക്കുന്നു. പാലക്കാട് തസ്രാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.വി.വിജയൻ സ്മാരകസമിതി പ്രസിഡന്റ് ടി.ആർ.അജയനാണ് നോവലിസ്റ്റ് കെ.പി.രാമനുണ്ണി അടക്കമുള്ളവർക്കു ഇത്തവണ നൽകുന്ന 4 പുരസ്കാരങ്ങൾക്കുള്ള ശിൽപങ്ങൾ തീർക്കാനുള്ള ചുമതല ഷിബുവിന് നൽകിയത്.

മലപ്പുറം കലക്ടറേറ്റിലെ തദ്ദേശഭരണ വിഭാഗത്തിനായി ഷിബു മാസങ്ങൾക്കുമുൻപ് നിർമിച്ച ശിൽപം ജനശ്രദ്ധയാകർഷിച്ചിരുന്നു. ലിംഗസമത്വം, മാനവപുരോഗതി തുടങ്ങിയ ആശയങ്ങളിലൂന്നി തയാറാക്കിയ ശിൽപത്തിന്റെ ഉദ്ഘാടനത്തിനെത്തിയ
മന്ത്രി എം.ബി.രാജേഷും പി.ഉബൈദുല്ല
എംഎൽഎയും ഷിബുവിനെ അഭിനന്ദിക്കുകയുണ്ടായി. കോട്ടയ്ക്കൽ നഗരത്തിന്റെ പ്രവേശനകവാടമായ പുത്തൂരിൽ റോട്ടറിക്ലബിനു വേണ്ടി മനോഹരമായ രൂപമൊരുക്കിയത് അടുത്തിടെയാണ്. ആയുർവേദവും കൃഷിയുമായിരുന്നു വിഷയം. കോട്ടയ്ക്കൽ മിംസ് ആശുപത്രിക്കുവേണ്ടി അമ്മയുടെയും കുഞ്ഞിന്റെയും ശിൽപത്തിനും രൂപകൽപന നടത്തി.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു വേണ്ടി കഥകളി ശിൽപം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഷിബു. മരം, ഇരുമ്പ്, പ്രത്യേക ദ്രാവകമിശ്രിതം അടങ്ങിയ ഫൈബർ തുടങ്ങിയ ഇനങ്ങളാണ് ശിൽപനിർമാണത്തിനുള്ള ചേരുവകൾ.
ശിൽപനിർമാണത്തിനൊപ്പം ചിത്രകലയിലും ഷിബുവിന്റെ (40) കയ്യൊപ്പുകാണാം.
– – – – – – – – – –
.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments