Saturday, September 21, 2024
Homeകായികംഓസ്ട്രേലിയയെ വീഴ്ത്തിയാൽ സെമിയിൽ ഇന്ത്യ

ഓസ്ട്രേലിയയെ വീഴ്ത്തിയാൽ സെമിയിൽ ഇന്ത്യ

ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ന് ഓസ്ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്താൻ കഴിയുന്ന ഇന്ത്യക്ക് തോറ്റാലും നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ സെമി ഏകദേശം ഉറപ്പാണ്. മഴ മൂലം മത്സരം ഉപേക്ഷിച്ചാലും ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുമെന്നതിനാല്‍ സെമിയില്‍ ആരാകും ഇന്ത്യയുടെ എതിരാളികളെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലേക്ക് മുന്നേറിയതിനാല്‍ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിമാഫ്രിക്ക ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമായി. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കും.ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയില്‍ നേരിടേണ്ടിവരിക. അതായത് ജോസ് ബട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ.

ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികളെങ്കില്‍ അത് ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിന്‍റെ തനിയാവര്‍ത്തനമാകും. 2022ലെ ടി20 ലോകകപ്പില്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി കിരീടവും നേടി.

അന്ന് സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി ഇന്ത്യയെ നാണം കെടുത്തിയിരുന്നു. 49 പന്തില്‍ 80 റണ്‍സെടുത്ത ജോസ് ബട്‌ലറും 47 പന്തില്‍ 86 റണ്‍സെടുത്ത അലക്സ് ഹെയില്‍സും ചേര്‍ന്നായിരുന്നു അന്ന് ഇന്ത്യന്‍ മോഹങ്ങള് തല്ലിത്തകര്‍ത്തത്.

ഇന്ന് ഓസ്ട്രേലിയയോട് വലിയ മാര്‍ജിനില്‍ തോറ്റ് നെറ്റ് റണ്‍റേറ്റില്‍ പിന്നിലായി രണ്ടാം സ്ഥാനത്തായാല്‍ അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയാകും ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയിലെത്തുന്നത്. 2014ലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടി20 ലോകകപ്പ് സെമിയില്‍ അവസാനം ഏറ്റുമുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചപ്പോള്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments