തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിലെ നിർജ്ജീവ അക്കൗണ്ടുകളില്‍ 3000 കോടിയോളം രൂപ. ഈ പണം തട്ടാൻ ചില ട്രഷറി ജീവനക്കാർ ശ്രമം തുടങ്ങിയതായി വിവരം കിട്ടിയതോടെ സർക്കാർ ഇടപെടാൻ ഒരുങ്ങുകയാണ്. ഈ പണം റവന്യൂ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി.
ആകെ മൂന്ന് ലക്ഷത്തോളം അക്കൗണ്ടുകൾക്ക് നാഥനില്ലാതായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മൂന്ന് വർഷത്തിലധികം കാലമായി ഈ അക്കൗണ്ടുകളിൽ ഇടപാടുകൾ നടക്കുന്നില്ല. ഇവയെയാണ് നിർജീവ അക്കൗണ്ടുകളാണ് പരിഗണിക്കുക. ഈ പണം സർക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ നിയമവകുപ്പ് ശുപാർശ ചെയ്തിരിക്കുകയാണിപ്പോൾ.
നിർജ്ജീവ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ അവ്യക്തത നിലനിന്നിരുന്നു. ഇതിൽ സർക്കാർ നിയമവകുപ്പിന്റെ ഉപദേശം തേടുകയായിരുന്നു. മൂന്ന് വർഷം അക്കൗണ്ട് നിർജ്ജീവമായി കിടന്നാൽ പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുമെന്ന് നിയമവകുപ്പ് അറിയിച്ചു.
കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് ട്രഷറി തട്ടിപ്പുകൾ പൊതുശ്രദ്ധയിൽ വരുന്നത്. പരേതരായ ആളുകളുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പിടിക്കപ്പെട്ടത്. 15.6 ലക്ഷംരൂപ ഉദ്യോഗസ്ഥർ ഇങ്ങനെ കൈക്കലാക്കിയിരുന്നു. ആറ് ട്രഷറി ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സർക്കാരിലേക്ക് മാറ്റുന്ന പണം അവകാശികൾ തിരികെയെത്തിയാൽ തിരിച്ചു നൽകാനും വകുപ്പുണ്ട്. ഇതിനായി പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടു വേണം പണം ട്രഷറിയിൽ റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാൻ. ഇതിൽ ധനവകുപ്പ് ഉടനെ തീരുമാനമെടുക്കും.