Monday, November 25, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ - അദ്ധ്യായം പന്ത്രണ്ട്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ – അദ്ധ്യായം പന്ത്രണ്ട്) ✍ സുരേഷ് തെക്കീട്ടിൽ

കല്യാണത്തിന്റെയന്ന് വൈകീട്ട് അഞ്ചു മണി മുതൽ എട്ട് മണി വരെയായിരുന്നു അപ്പുവിന്റെ വീട്ടിലെ വിരുന്ന് .അടുത്ത ബന്ധുക്കളും നാട്ടുകാരുമായി പത്തറുപതു പേർ പാടാക്കരയിൽ നിന്നു പോയി. അതിനു പിറ്റേ ദിവസം ഞവരക്കാട്ട് വിരുന്ന്. മൂന്ന് ദിവസം കഴിഞ്ഞ് അപ്പുവും ആര്യയും വീണ്ടും ഞവരക്കാട്ടെത്തി .നാല് ദിവസം താമസിച്ചു. ക്ഷേത്രത്തിൽ പോയി ബന്ധുവീടുകളും അയൽ വീടുകളും സന്ദർശിച്ചു.
ഞവരത്തോടിന്റെ കരയിലൂടേയും പാടത്തു കൂടേയും കുറേ നടന്നു.
ആര്യ ഏറെ ആഹ്ലാദവതിയായിരുന്നു. അതിൽ ഏറ്റവുമധികം സന്തോഷിച്ചത് മാലിനി.

“ചോദിക്കട്ടെ ഏട്ത്തിയമ്മയുടെ കുട്ടിയോട് “എന്ന് പറഞ്ഞ് മാലിനി ആര്യയുടെ കൈകൾ ചേർത്ത്പിടിച്ചപ്പോൾ ഒരു കള്ളചിരി ചിരിച്ച് “എന്ത് ” എന്ന ചോദ്യം ആര്യയിൽ നിന്നുണ്ടായി. പുതിയ വിശേഷങ്ങൾ എന്ന് പറഞ്ഞ് മാലിനിയും ചിരിച്ചു.പതിവുപോലെ അവർ കിട്ടുന്ന സമയം മുഴുവൻ സംസാരിച്ചിരുന്നു. ഒട്ടും അപരിചിതത്വം ഉണ്ടായിരുന്നില്ല അപ്പുവിന്. എല്ലാവരോടും വളരെ പെട്ടന്ന് ഇണങ്ങുന്ന പ്രകൃതം. ഞവരക്കാട്ടെ ഒരംഗമാവാൻ ഒട്ടും താമസമുണ്ടായില്ല. ആ നാല്ദിവസങ്ങൾക്കുള്ളിൽ ഞവരക്കാട്ടെ എല്ലാ സ്ഥലങ്ങളിലും ശങ്കരേട്ടൻ അപ്പുവിനെ നിർബന്ധിച്ച് കൊണ്ടുപോയി. വലിയവളപ്പ് കാണാൻ പോയപ്പോൾ ആര്യയും പോയിരുന്നു.അപ്പുവിന് കുടിക്കാൻ കുറേ കരിക്ക് ഇട്ട് ചെത്തി തയ്യാറാക്കി കൊണ്ടുവന്നു വെക്കുന്നു, നല്ല മീൻ വാങ്ങാൻ പട്ടണത്തിൽ പോകുന്നു ,കൃഷി കാര്യമുൾപ്പെടെ സംസാരിക്കുന്നു .അപ്പു ശങ്കരേട്ടന് പ്രിയപ്പെട്ടവനായി. ശങ്കരേട്ടൻ അപ്പുവിനും സ്വന്തമായി.പോവുന്നതിന് മുമ്പ് ആര്യ ടാക്കീസിൽ ഒരു സിനിമയ്ക്കും പോയി അപ്പുവും ആര്യയും.അത് അപ്പുവിന് ഏറെ കൗതുകമായത്രേ. നാട്ടിലെ സൗകര്യം കുറഞ്ഞ ഓല ടാക്കീസ് ,അല്പം പഴക്കമുള്ള സിനിമ,കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സിനിമ കാണാനെത്തുന്ന സാധാരണക്കാർ, നല്ല അന്തരീക്ഷം .ഭാര്യയുടെ പേരിലുള്ള സ്ഥാപനം. ഇടവേളയ്ക്ക് കടല വാങ്ങാൻ പുറത്തിറങ്ങിയ അപ്പു തിരിച്ചു വന്നപ്പോൾ ചിരിച്ചു കൊണ്ടു പറഞ്ഞു .

“ഏയ് മുതലാളീ …പുറത്ത് അവിടെ മതിലരികിൽ ആളുകൾ വരിവരിയായി നിന്ന് മൂത്രമൊഴിക്കുന്നു. എൻ്റമ്മോ നാറീട്ട് ആ വഴിക്ക് പോവാൻ വയ്യ. പോയി നോക്ക്. ”

“ഞവരക്കാട്ട് നിന്ന് ഇക്കാലത്തിനിടയ്ക്ക് ഞങ്ങളാരും ഇത് വരെ അത് പോയി നോക്കീട്ടില്ല. ആദ്യായിട്ടാ ഞവരക്കാട്ടെ ഒരു മരുമകൻ കുട്ടി അത് പോയി കാണുകയും അതൊക്കെ പരിശോധിക്കുകയും ചെയ്യുന്നത്. എങ്ങനുണ്ട് സാറേ ?”

ഇത് പറഞ്ഞ് ആര്യ ചിരിച്ചു. സാധാരണ എന്ത് കേട്ടാലും പുഞ്ചിരിക്കുക മാത്രം ചെയ്യുന്ന അപ്പു ഇത് കേട്ട് പതിവില്ലാത്ത വിധം ഉറക്കെചിരിച്ചു.

കല്യാണത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് അപ്പുവിന്റെ കൂടെ ആര്യ ബാംഗ്ലൂർക്ക് പോയി. എല്ലാ ആഴ്ചയും മാലിനിക്ക് ആര്യയുടെ കത്ത് വരും. വിശേഷങ്ങൾ എല്ലാം വിശദമായി എഴുതണം എന്ന് മാലിനിയോട് എല്ലാ കത്തിലും ആവർത്തിക്കും. കത്തിൽ എല്ലാവരേയും .അന്വേഷിക്കും,ശങ്കരേട്ടനെ ,നിഷയെ, ഉഷയെ, എന്തിന് ഒരിക്കൽ തോട്ടറയ്ക്കൽ ദാസനെ വരെ ചോദിച്ചു. വീട്ടിലെ പൂച്ചപെറ്റോ എന്ന് മുതൽ തോട്ടറയ്ക്കൽ ദാസനിപ്പോൾ പല്ലൊക്കെ ഉണ്ടോ എന്നു വരെ എഴുതി ചോദിക്കും.
ഒരിക്കൽ മാലിനി കത്തിന് താഴെ വലിയക്ഷരത്തിൽ എന്തായി പെണ്ണേ വേണ്ടേ ? എന്നെഴുതി ചോദിച്ചു.

ചിരിക്കുന്ന കുറേ ചിത്രങ്ങൾ വരച്ച് താഴെ ഒരു വർഷം കഴിഞ്ഞ് എന്ന് മറുപടി വന്നു.ബാംഗ്ലൂരിൽ ബി.എഡിനു ചേരുന്നു എന്നും താഴെ എഴുതിയിരുന്നു.

സന്തോഷത്തിന്റെ നാളുകൾ കടന്നു പോയിക്കൊണ്ടിരുന്നു. വിഷുവിന് വൈകീട്ട് പാടാക്കരയിലുണ്ടാവും എന്ന് ഒടുവിൽ വന്ന കത്തിൽ അവൾ എഴുതിയിരുന്നു .കല്യാണം കഴിഞ്ഞ ആദ്യ വിഷു ഞവരക്കാട്ട് ഉണ്ടാവണം എന്ന് .കൊതിപ്പിക്കുന്ന കൈയക്ഷരത്തിലുള്ള ആ എഴുത്തിൽ മാലിനി ഉമ്മവെച്ചു.കാണാൻ കൊതിയായി പെണ്ണേ എന്ന് പറഞ്ഞ്.

വിഷുവിന് തലേ ദിവസം രാത്രി ബാംഗ്ലൂരിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അപ്പുവിനേയും ആര്യയേയും കൊണ്ടുവരാൻ അപ്പുവിന്റെ വീട്ടിൽ നിന്നും കാറയച്ചിരുന്നു. കാർ ഓടിക്കാൻ സ്ഥിരം വിളിക്കുന്ന അയൽവാസിയായ ഡ്രൈവർ കുട്ടൻ ട്രയിൻ എത്തുന്നതിന് അര മണിക്കൂർ മുമ്പേ സ്റ്റേഷനിലെത്തി. ഇരുപത് മിനിറ്റേ ട്രയിൻ വൈകിയുളളൂ. കുട്ടാ എന്ന് വിളിച്ച് ചിരിച്ചു കൊണ്ടാണ് അപ്പു ഇറങ്ങി വന്നത്.കൂടെ ആര്യയും.

“കുട്ടാ നിനക്ക് എന്തെങ്കിലും കഴിക്കണോ “എന്ന അപ്പുവിൻ്റെ ചോദ്യത്തിന് വേണ്ട എന്ന കുട്ടൻ്റെ ഉത്തരം വന്നു. “ലഘുവായിട്ട് എന്തെങ്കിലും ” വീണ്ടും അപ്പു.

“എന്തിന് അപ്പുവേട്ടാ വീട്ടിൽ നിന്നല്ലേ ഞാൻ വരണത്. ഒരു മിനിറ്റ് മുമ്പെങ്കിൽ ഒരു മിനിറ്റ് മുമ്പ് അങ്ങെത്താം അതല്ലേ നല്ലത് ” എന്ന് കുട്ടൻ.

ഞാൻ ഓടിക്കണോ എന്നും അപ്പു ചോദിച്ചതാണ്.
“ഏയ്
വേണ്ട അപ്പുവേട്ടാ നിങ്ങള് യാത്ര കഴിഞ്ഞ് വരികയല്ലേ ഇങ്ങോട്ട് കയറൂ”
എന്ന് പറഞ്ഞ് കുട്ടൻ ഡോർ തുറന്നു കൊടുത്തു

അപ്പു മുന്നിലും ആര്യ പിന്നിലുമായി കയറി. ശ്രദ്ധയോടെ വാഹനമോടിക്കുന്നയാളാണ് അപ്പു. കുട്ടനും വീട്ടുകാരുടെ വിശ്വസ്തനായ ഡ്രൈ വറാണ്.കുറച്ചു ദൂരം പോന്നതേയുള്ളൂ .രാത്രിയായതിനാൽ നല്ല വേഗതയിലായിരുന്നു വരവ്.കുട്ടനും അപ്പുവും സംസാരിച്ചുകൊണ്ടുമിരുന്നു.പെട്ടന്ന് പോക്കറ്റ് റോഡിൽ നിന്നു ഒരു കാർ മിന്നൽ വേഗതയിൽ വന്നു കയറി. കുട്ടന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൂട്ടിയിടിച്ച് കുട്ടന്റെ വാഹനം തൊട്ടടുത്ത കരിങ്കൽ മതിലിൽ ഇടിച്ച് മറിഞ്ഞു. എന്താണ് സംഭവിച്ചത് എന്നറിയും മുമ്പേ ഒരു നിമിഷം കൊണ്ട് ഇതൊക്കെ സംഭവിച്ചു. കുട്ടൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപ്പു അതീവഗുരുതരാവസ്ഥയിൽ. പിൻസീറ്റിലായിരുന്ന ആര്യയ്ക്ക് കാര്യമായ പരിക്കില്ല.
വിവരമറിഞ്ഞ് രാമാനന്ദൻ ഞെട്ടിത്തരിച്ചു നിന്നു.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments