Friday, October 18, 2024
Homeഅമേരിക്കചലിക്കാൻ പോലുമാകാതെ എല്ലും തോലുമായി കുട്ടികൾ; ​ഗാസയിൽ പട്ടിണി അതിരൂക്ഷം.

ചലിക്കാൻ പോലുമാകാതെ എല്ലും തോലുമായി കുട്ടികൾ; ​ഗാസയിൽ പട്ടിണി അതിരൂക്ഷം.

ഗാസ ; ശുദ്ധജലവും ഭക്ഷണവുമില്ലാതെ ​ഗാസ മുനമ്പിൽ കുട്ടികൾ അതീവ ദയനീയാവസ്ഥയിൽ. ഇസ്രയേൽ നിർമിത ക്ഷാമത്തിൽ ജീവൻ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. എട്ടു മാസം നീണ്ട യുദ്ധത്തിന്റെ ഫലമായി ചലിക്കാൻ പോലുമാകാതെ, എല്ലും തോലുമായി മരിച്ചു ജീവിക്കുന്നവർ അതിലുമേറെ.

അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് മിക്കദിവസവും ഭക്ഷണമായിക്കിട്ടുന്നത് ഉണങ്ങിയ റൊട്ടിയും മലിനമായ വെള്ളവും മാത്രം. ചിലപ്പോഴൊക്കെ അതുമില്ല. അപൂർവം ചില ദിവസങ്ങളിൽ മാത്രമാണ് വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കൊടുക്കാനാകുന്നതെന്ന് ​ഗാസയിലെ അമ്മമാർ പറയുന്നു. ധാതുക്കൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിഞ്ഞ എട്ട് മാസമായി അവർക്ക് സ്വപ്നം മാത്രമാണ്. പോഷകാഹാരക്കുറവ് കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ലളിതമായ രോഗങ്ങൾ പോലും അവരെ തളർത്തിക്കളയുകയും ചെയ്യുന്നു. വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള പാചക വാതകം പോലുമില്ലാത്ത അവസ്ഥയാണ്.”

“കുടിവെള്ളത്തിനായി കിലോമീറ്ററുകളാണ് ഓരോ ദിവസവും സഞ്ചിരിക്കേണ്ടത്. താൽക്കാലിക ജലശേഖരണ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ വരി നിന്ന് വേണം വെള്ളമെടുക്കാൻ. വെള്ളം നിറച്ച പാത്രങ്ങൾ ചുമന്നു വരാൻ ശക്തമല്ലാത്തതിനാൽ വലിച്ചിഴച്ചുകൊണ്ടാണ് കുട്ടികളവ താമസസ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. ലഭിക്കുന്ന മലിനമായ ജലമാണെങ്കിലും ജീവൻ നിലനിർത്താനായി ദുർ​ഗന്ധം സഹിച്ചത് കുടിക്കേണ്ടി വരുന്നു.‌ ക്യാമ്പുകൾക്ക് സമീപമുള്ള കുടിവെള്ള ശ്രോതസുകളെല്ലാം ഇസ്രയേൽ സേനയുടെ വ്യോമാക്രമണങ്ങളിൽ തകർന്നിരിക്കുകയാണ്. ഗാസയിലെ 67 ശതമാനം ജല വിതരണ- ശുചിത്വ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന ഏജൻസി വ്യക്തമാക്കുന്നത്. ഖാൻ യൂനിസിൽ മാത്രം 170 മുതൽ 200 കിലോമീറ്റർ വരെ പൈപ്പുകൾ നശിപ്പിക്കപ്പെട്ടു. കിണറുകളും വാട്ടർ ടാങ്കുകളും പൂർണ്ണമായും നശിച്ചു. ആവശ്യത്തിന് ശൗചാലയങ്ങളില്ല. ഇതെല്ലാം പുനസ്ഥാപിക്കാൻ അന്താരാഷ്ട്ര  തലത്തിലുള്ള വലിയ ശ്രമം ആവശ്യമാണെന്ന് ഖാൻ യൂനിസ് മുനിസിപ്പാലിറ്റിയിലെ വാട്ടർ എഞ്ചിനീയറായ സലാം ഷറാബ് പറഞ്ഞു.

കടുത്ത ചൂടും വെല്ലുവിളിയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് യാതൊരു സംരക്ഷണവുമില്ലാതെയാണ് താല്ക്കാലിക കൂടാരങ്ങളിൽ കുട്ടികളും പ്രായമായവരുമടക്കം കഴിഞ്ഞു കൂടുന്നത്. 40 ഡി​ഗ്രിക്കടുത്തു ചൂടാണ് രേഖപ്പെടുത്തുന്നത്. നിർജലീകരണത്തിനും പോഷകാഹാരക്കുറവിനും പുറമെ മലിനമായ വെള്ളവും ആഹാരവും ഉള്ളിൽച്ചെന്ന് അണുബാധയേറ്റും മഞ്ഞപ്പിത്തം ബാധിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികൾ നിരവധിയാണെന്ന് നാസർ ഹോസ്പിറ്റലിലെ കുട്ടികളുടെ വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ ഫാരി പറഞ്ഞു. വൃത്തിഹീനമായ പരിസരങ്ങളിൽ നിന്ന് പടർന്നു പിടിക്കുന്ന രോ​ഗങ്ങൾ വേറെയും.”

ജൂൺ ഒൻപത് വരെ, ഗാസയിലുടനീളമുള്ള ജനവാസമുള്ള പ്രദേശങ്ങളിൽ 3,30,000 ടണ്ണിലധികം മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് യുഎൻ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞത്. കുട്ടികൾ ഓടിനടക്കുന്നത് ചവറ്റുകുട്ടൾക്കു മുകളിലൂടെയാണെന്നും ഇത് പാരിസ്ഥിതികവും ആരോഗ്യപരവുമായ അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നുമാണ്  യുഎന്നും മറ്റ് സന്നദ്ധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നത്. ജലക്ഷാമം കാരണം പാത്രങ്ങൾ കഴുകിയതോ തുണിയലക്കിയതോ ആയ വെള്ളത്തിലാണ് കുട്ടികളും മുതിർന്നവരും കുളിക്കുന്നത്.

സ്കൂളിൽ പോകേണ്ട സമയത്ത് ഗാസയിലെ കുട്ടികൾ അക്രമം, ഭീകരത, അരക്ഷിതാവസ്ഥ എന്നിവയിൽ നിന്ന് പലായനം ചെയ്യുകയാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യൂനിസെഫ്) ചൂണ്ടിക്കാണിക്കുന്നു. ‘കുടുംബത്തോടൊപ്പം സുരക്ഷിതമായി ഉറങ്ങുന്നതിനുപകരം താൽക്കാലിക കൂടാരങ്ങളിലാണ് അവർ താമസിക്കുന്നത്. സന്തോഷകരമായ ഒരു ബാല്യം ആസ്വദിക്കുന്നതിനുപകരം, അവർ ഭീകരതയ്ക്ക് സാക്ഷ്യം വഹിക്കുന്നു.’ ഗാസയിലെ പത്തിൽ ഒമ്പത് കുട്ടികളും കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു. ഭക്ഷ്യക്ഷാമത്തിന്റെ ഫലമായി കഴിഞ്ഞ എട്ട് മാസത്തിനിടെ കുറഞ്ഞത് 37 കുട്ടികളെങ്കിലും മരിച്ചെന്നാണ് യുഎന്നിന്റെ കണക്ക്. അഞ്ച് വയസ്സിന് താഴെയുള്ള 8,000 ത്തിലധികം കുട്ടികളാണ് കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ തേടിയിട്ടുള്ളത്.

“മാനുഷിക സഹായവുമായി 200 ഓളം ട്രക്കുകൾ എല്ലാ ദിവസവും മുനമ്പിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ക്യാമ്പുകളിൽ കഴുയുന്നവരിലേക്ക് ഈ സഹായമെത്തുന്നില്ല. ഗാസയിലെ സാഹചര്യം സഹായം വിതരണം ചെയ്യാൻ കഴിയാത്തവിധം അപകടകരമാണെന്ന് സഹായ ഏജൻസികൾ പറയുന്നു. യാഥാർത്ഥത്തിൽ ആവശ്യമുള്ളതിന്റെ വളരെ ചെറിയ ശതമാനം മാത്രം അവശ്യ വസ്തുക്കളാണ് സൈന്യം കടത്തി വിടുന്നത്. ട്രക്കുകൾ തോക്കുധാരികളായ സംഘങ്ങൾ കൊള്ളയടിക്കുന്ന സംഭവങ്ങളുമുണ്ട്. ​ഗാസയിൽ ഇസ്രയേൽ പട്ടിണിയെ ആയുധമാക്കുകയാണെന്നാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയടക്കം വിമർശിക്കുന്നത്. ജൂലൈ പകുതിയോടെ പത്ത് ലക്ഷത്തിലധികം ഗാസക്കാർ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം നിരസിക്കുകയാണ് ഇസ്രയേൽ സർക്കാർ. ഗാസയിൽ വ്യാപക ക്ഷാമം ഉണ്ടെന്ന വാദം കളവാണെന്നും പലസ്തീനികൾക്ക് ദുരിതം വരുത്തിവച്ച് യുദ്ധം ആരംഭിച്ചത് ഹമാസാണെന്നും അവർ പറയുന്നു.

ഒക്ടോബർ ഏഴ് മുതല് ഇസ്രയേൽ ആക്രമണത്തിൽ 37,431 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 85,653 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. മരിച്ചവരിൽ കണക്കിൽപ്പെടാത്ത പതിനായിരത്തിലധികം പേരുണ്ട്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments