ലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
പ്രിയരേ ഈ ലോകജീവിതം ക്ഷണികമാണെന്ന് പ്രളയവും, കോവിഡും നമ്മെ പഠിപ്പിച്ചതാണ്. ബൈബിളിൽ നോഹയുടെ കാലത്തും ഇതുപോലെ പ്രളയമുണ്ടായി. അന്ന് നോഹ പെട്ടകം നിർമ്മിച്ചതിൽ കയറാൻ പറഞ്ഞപ്പോൾ എല്ലാവരും പുച്ഛിച്ചു. അതുപോലെയാണ് സുവിശേഷവും, ദൈവീക കാര്യങ്ങളിൽ ഇന്നും പലർക്കും പുച്ഛമാണ്. ഈ ലോകത്തു അഹങ്കരിക്കാൻ ഒന്നുമില്ല. രോഗങ്ങളൊന്നുമില്ലാതെ നടത്തുന്നത് തന്നെ ദൈവകൃപയാണ്. ഞാനെന്ന ഭാവത്തിൽ ജീവിക്കുന്ന ഒരാളുടെ ഹൃദയത്തിലും ദൈവം വാഴില്ല, കാരണം അവർ സ്വന്തം പ്രവ്യത്തികളിലാണ് ആശ്രയിക്കുന്നത്.
റോമർ 14-12
“ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്ക് ബോധിപ്പിക്കേണ്ടി
വരും ”
അതേ പ്രിയപ്പെട്ടവരെ ദൈവം നമ്മെയാക്കി വെച്ചിടത്തൊക്കെ വിശ്വസ്തരായിരിക്കണം, കാരണം നമ്മളൊരുനാൾ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്ന ഓരോ പ്രവ്യത്തിയ്ക്കും കണക്കു ബോധിപ്പിക്കേണ്ടവരാണ്. ഒരാളെയും നിസ്സാരനായി കാണുവാൻ പോലുമുള്ള അധികാരമോ, അവകാശമോ നമ്മൾക്കില്ല. ദൈവം നമ്മെയേൽപ്പിച്ച സകല നന്മകളുടെയും, കൃപ വരങ്ങളുടെയും, കഴിവുകളുടെയും, സമയത്തിന്റെയും കാര്യവിചാരകന്മാരാണ്. നാമെന്നും അവയെല്ലാം എങ്ങനെ കൈകാര്യം ചെയ്തവെന്നതിന്റെ കണക്ക് ദൈവത്തോട് ബോധിപ്പിക്കേണമെന്ന ബോധത്തിൽ നടക്കണം.
1 കൊരിന്ത്യർ 4-2
ഗൃഹ വിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രെ ”
സകല വിശ്വാസികളും വിവിധമായ കൃപകൾ ദൈവത്തിൽ നിന്ന് ലഭിച്ചവരാണ്. അതു മറ്റുള്ളവരുടെ നന്മയ്ക്കയും പ്രയോജനപ്പെടുത്തുകയും ചെയ്യണം.
ഓരോരുത്തർക്കും ലഭിച്ച താലന്ത് ഉപയോഗിക്കാതിരിക്കുന്നതും, തെറ്റായി ഉപയോഗിക്കുന്നതും അവിശ്വസ്തതയാണ് ഏൽപ്പിച്ചവ വിശ്വസ്തതയോടെ വ്യാപാരം ചെയ്യണം.
കൊലോസ്സ്യർ 3-23,24
“നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിൻ എന്ന പോലെ ചെയ്‌വിൻ, അവകാശമെന്ന പ്രതിഫലം കർത്താവു തരുമെന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ ”
മത്തായി സുവിശേഷത്തിൽ താലന്തുകളെ ക്കുറിച്ച് പറയുന്നുണ്ട്. എല്ലാവർക്കും ഒരുപോലെയല്ല ലഭിക്കുന്നത്. നാം ചെയ്യുന്ന നന്മയ്ക്കും ദൈവം കണക്കു സൂക്ഷിക്കുന്നുണ്ട്. ഈ ലോകത്തിലും നിത്യതയിലും അവയ്ക്കെല്ലാം പ്രതിഫലം തന്നു ദൈവം മാനിക്കും. തന്റെ സുവിശേഷവേലയിൽ സാമ്പത്തികമായി സഹായിച്ച ഫിലിപ്പിയ സഭയോട് പൗലോസ് പറയുന്നത് നിങ്ങളുടെ കണക്കിലേയ്ക്ക് ഏറിയ ഫലം ഉണ്ടാകുമെന്നാണ്.
മത്തായി 12-36
“മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരും ”
നാം വാക്കുകൾ പോലും എത്രമാത്രം സൂക്ഷിക്കണമെന്ന് ഈ മേല്പറഞ്ഞ വചന ഭാഗത്തു നിന്ന് മനസിലാക്കാം. പരിശുദ്ധാത്മാവിന്റെ സഹായത്താലത് സാധ്യമാണ്. കൃപകളുടെ ഉടമകളായിരിക്കാതെ അവയെക്കൊണ്ട് അന്യോന്യം ശ്രുശ്രുഷക്കുവാനാണ് നൽകിയിരിക്കുന്നത്. ഒരു ആട്ടിടയൻ യജമാനനു ആടുകളുടെ കണക്കു ബോധിപ്പിച്ചു കൃത്യത വരുത്തുന്നത് പോലെ ആത്മാക്കൾക്ക് വേണ്ടി ജാഗരിക്കുന്നവരാകണം.
പ്രിയരേ നമ്മുക്ക് ലഭിക്കുന്ന അവസരങ്ങൾ, സമയം, വിദ്യാഭ്യാസം, ആരോഗ്യം, സമ്പത്ത്, കഴിവുകൾ, ബന്ധങ്ങൾ എല്ലാം ദൈവം തന്നിരിക്കുന്ന താലന്തുകളാണ്. ഈ ലോകത്തിലെ അനേകർക്ക് ലഭിക്കാത്ത ഭാഗ്യമാണ് നമ്മൾക്ക് ലഭിച്ചിരിക്കുന്നത്. നമ്മെ ദൈവം ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും വിശ്വസ്തതയോടെ നിർവഹിക്കാം. ദൈവം നല്ലവനല്ലോ, എല്ലാ കഴിവുകളും, കൃപകളും ദൈവനാമ മഹത്വത്തിനായും, അനേകരുടെ നന്മയ്ക്കായും ഉപയോഗിക്കാം. അതിനായി നാം ആഗ്രഹിക്കുകയും സമർപ്പിക്കുകയും നമ്മുടെ അവിശ്വസ്തത ദൈവത്തോട് ഏറ്റു പറയുകയും ചെയ്താൽ ഏതൊരു പ്രതിസന്ധികളെയും മറികടക്കുവാൻ പരിശുദ്ധാത്മാവ് സഹായിക്കും. കുടുംബത്തിനും,ദൈവത്തിനും, മാതാപിതാക്കൾക്കും, സഭയ്ക്കും, ലോകത്തിനും പ്രയോജനമുള്ളവരായി ജീവിക്കാം. കർത്താവ് വീണ്ടും വരുന്ന നാൾക്കായി പ്രത്യാശയോടെ ജീവിക്കാം. ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ.