ഫിലഡൽഫിയ: കുവൈറ്റിൽ ലേബർ ക്യാമ്പിലുണ്ടായ വൻ അഗ്നിബാധയിൽ പ്രതീക്ഷകളും സ്വപ്നങ്ങളും പാതിവഴിയിൽ പൊലിഞ്ഞുപോയ അമ്പതോളം ഇൻഡ്യൻ പ്രവാസി സഹോദരങ്ങൾക്ക് കലയുടെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ. ജൂൺ 12-ാം തീയതി സൂമിൽ ചേർന്ന അടിയന്തര യോഗത്തിൽ കലയുടെ പ്രസിഡൻ്റ് ഷാജി മറ്റത്താനി അനുശോചനയോഗത്തിന് നേതൃത്വം നൽകി. താൽക്കാലിക ലാഭത്തിനായി സുരക്ഷ ക്രമീകരണങ്ങൾ ഒഴിവാക്കിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് യോഗം വിലയിരുത്തി.
കേരളത്തിൽ പെരുമ്പാവൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിങ്ങിപാർക്കുന്ന അന്യദേശ തൊഴിലാളികളുടെ താമസ്ഥലങ്ങളിലേക്ക് കേരളത്തിൻ്റെ അധികാര വർഗ്ഗം തിരിഞ്ഞുനോക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഇത്തരം മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കുവാൻ സാധിക്കുകയുള്ളൂ. ഇരുപത്തി അഞ്ചോളം പ്രവാസി മലയാളികളാണ് ഈ അഗ്നിഗോളത്തിൽ മരിച്ചുവീണത്. ചികിൽസയിൽ കഴിയുന്ന എല്ലാ പ്രവാസികളും എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് യോഗത്തിൽ സംസാരിച്ച കലയുടെ ഭാരവാഹികൾ ആശംസിക്കുന്നതോടപ്പം, മരിച്ചുപോയ പ്രവാസി മലയാളികളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
കലയുടെ മുതിർന്ന നേതാക്കളായ ജോർജ് ജെ.മാത്യു സിപിഎ, ഡോ.ജെയിംസ് കുറിച്ചി, സണ്ണി എബ്രഹാം, തങ്കപ്പൻ നായർ, ജോർജ് വി. ജോർജ്, കലാഭാരവാഹികളായ സുജിത് ശ്രീധർ, സജി സെബാസ്റ്റിയൻ, ജോജി ചെരുവേലിൽ, ജിമ്മി ചാക്കോ, സിബിച്ചൻ മുക്കാടൻ, സിബി ജോർജ്, ജോയി കരുവത്തി, ജോണി കരുവത്തി, ജയിംസ് ജോസഫ്, ഫോമ മിഡ് അറ്റ്ലാന്റിക് ആർ.വി.പി.ജോജോ കോട്ടൂർ, ഫോമാ ജോയിന്റ്റ് സെക്രട്ടരി ജയ്മോൾ ശ്രീധർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി