കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് എൻബിടിസി ഗ്രൂപ്പ് അറിയിച്ചു. ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റ കമ്പനിയാണ് എൻബിടിസി. കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ട് നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനോടും എംബസിയോടും ഒപ്പം ചേർന്ന് പരിശ്രമിക്കുന്നതായി കമ്പനി അറിയിച്ചു.
‘എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നൽകും. മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് കമ്പനി ഒപ്പമുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതർക്ക് ജോലി എന്നിവ ഉത്തരവാദിത്തബോധത്തോടെ കമ്പനി നിർവഹിക്കും. ഉറ്റവരുടെ വേർപാടിൽ ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്നുനിൽക്കുന്നു.
അതീവവേദനയോടെ കൂടി അനുശോചനം അറിയിക്കുകയും പ്രാർത്ഥനകൾ നേരുകയും ചെയ്യുന്നുവെന്ന്’, കമ്പനി അറിയിച്ചു. ഈ കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. ബാച്ചിലർ ക്യാമ്പായിരുന്നു അപകടം നടന്നത്. മലയാളികൾ, തമിഴ്, ഫിലിപ്പിനോ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു. മലയാളികളാണ് ക്യാമ്പിലുണ്ടായിരുന്നതിൽ ഏറെ പേരും.