Thursday, September 19, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 31) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 31) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയ കുഞ്ഞുങ്ങളേ

മഴയും കുളിരും സ്ക്കുളും പoനവുമൊക്കെയായി ജൂൺ മാസം നല്ല ഉത്സാഹത്തിലാണിപ്പോൾ. പുതിയ പാഠങ്ങളും പുതിയ ചുറ്റുപാടുകളുമായി നിങ്ങൾ ഇണങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. പലവിധത്തിലുള്ള ദിനാചരണങ്ങളിലൂടെയാണ് ഇനി പഠനം പുരോഗമിക്കുന്നത്. ഈ നല്ല ആഴ്ചയിൽ വളരെ സുപ്രധാനമായ ഒരു ദിവസമുണ്ട്. ലോകരക്തദാനദിനം.

ABO രക്തഗ്രൂപ്പുകൾ കണ്ടെത്തിയതിന് നോബൽ സമ്മാനം ലഭിച്ച കാൾലാൻഡ്‌സ്റ്റെയ്‌നറുടെ ജന്മദിനമായ ജൂൺ 14ആണ്
ലോകരക്തദാനദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന, ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് & റെഡ് ക്രസൻ്റ് സൊസൈറ്റികൾ ; ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷൻ (IFBDO), ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (ISBT) എന്നീ നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ് 2004-ൽ ആദ്യമായി രക്തദാനസംരംഭം സംഘടിപ്പിച്ചത്. സുരക്ഷിതമായ രക്തത്തിൻ്റെയും  രക്താേൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനും  ജീവരക്ഷകരായ രക്തദാതാക്കളോട്,  നന്ദി രേഖപ്പെടുത്തുന്നതിനും വേണ്ടി ലോകാരോഗ്യസംഘടന അടയാളപ്പെടുത്തിയ ആഗോള പൊതുജനാരോഗ്യ  പ്രവർത്തനങ്ങളിൽ ഒന്നാണിത്.

രക്തത്തിൻ്റെയും രക്താേൽപന്നങ്ങളുടെയും കൈമാറ്റം ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നുണ്ട്. ജീവൻ അപകടപ്പെടുന്ന തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസവും, സങ്കീർണ്ണമായ മെഡിക്കൽ, ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുള്ള പിന്തുണയും രക്തദാനത്തിലൂടെ സാധിക്കുന്നു.. മാതൃപരിചരണത്തിലും പ്രസവാനന്തര പരിചരണത്തിലും രക്തദാനത്തിന്  അത്യന്താപേക്ഷിതമായ പങ്കുണ്ട് . സുരക്ഷിതവും മതിയായതുമായ രക്തവും രക്താേൽപന്നങ്ങളും ലഭ്യമാവുമ്പോൾ പ്രസവസമയത്തും പ്രസവത്തിനുശേഷവും കടുത്ത രക്തസ്രാവം മൂലമുള്ള മരണനിരക്കും വൈകല്യവും കുറയുന്നു..

പല രാജ്യങ്ങളിലും, സുരക്ഷിതമായ തരത്തിൽ രക്തവിതരണമില്ല, രക്തത്തിൻ്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യത്തിന് രക്തം ലഭ്യമാക്കുക എന്ന വെല്ലുവിളിയും രക്തദാനസേവനമേഖല അഭിമുഖീകരിക്കുന്നുണ്ട്.

പ്രതിഫലം സ്വീകരിക്കാത്ത രക്തദാതാക്കളിലൂടെ മാത്രമേ മതിയായ വിതരണം ഉറപ്പാക്കാൻ കഴിയൂ. രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവൻ പങ്കിടുക, പലപ്പോഴും പങ്കിടുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.

ഇനി ഒരു കുഞ്ഞു കവിത. നിങ്ങൾക്കു വേണ്ടി മാഷെഴുതിയതാണ്.

🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️

🌧️⛈️🌧️⛈️🌧️⛈️🌧️⛈️🌧️🌧️⛈️🌧️🌩️⛈️

മഴക്കൊമ്പൻ

കൊമ്പു കുലുക്കി തുമ്പിയിളക്കി
വമ്പൻ മഴയായി.
കൂറ്റൻമരവും വെഞ്ചാമരമായ്
കാറ്റിലുലഞ്ഞാടി..
തീവെട്ടികളുടെ നാളംപോലെ
തീമിന്നൽക്കൊടിയായ് .
കമ്പക്കതിനകളടിപൊടിപൂരം
അംബരമുണരുന്നു.
ചെണ്ടകളിടയും ചെമ്പടതാളം
കൊമ്പുകൾ ചേങ്ങിലകൾ
ആർപ്പും കുരവയുമെങ്ങുമുയർന്നു
ആഹാ! മഴപൂരം.
ആനയിടഞ്ഞീയമ്പലമുറ്റ –
ത്താകെ കലപിലയായ്
കടപുഴകുന്നു മരങ്ങൾ , റോഡും
വീടും തകരുന്നു
ചങ്ങല പൊട്ടിച്ചിങ്ങനെ മദമോ – .
ടെങ്ങും പാഞ്ഞിടുമീ
കൊമ്പനെയൊന്നു മെരുക്കാൻ തോട്ടി –
ക്കമ്പാെന്നാരു തരും?

———————————

എന്താ മഴക്കൊമ്പനാനയെ എല്ലാവർക്കും ഇഷ്ടമായോ?

ഇനി മലയാളബാലസാഹിത്യരംഗത്തെ അതികായനായ ശ്രീ.സിപ്പി പള്ളിപ്പുറം സാറിൻ്റെ ഒരു കഥകേൾക്കാം . സിപ്പി സാറിനെ പരിചയപ്പെടുത്തേണ്ട കാര്യം തന്നെയില്ല. ഏതുകുട്ടിയുടെ നാവിൻ തുമ്പിലുമുണ്ടാവും അദ്ദേഹത്തിൻ്റെ കവിത, മനസ്സിൽ കുളിർമ്മ പെയ്യുന്നുണ്ടാവും എതെങ്കിലുമൊരു ബാലകഥ. ബാലസാഹിത്യകാരന്മാരിലെ ഈ ചക്രവർത്തി, എനിക്ക് ഗുരുതുല്യനായ സ്നേഹിതനാണ്. എറണാകുളം ജില്ലയിൽ അടുത്തടുത്ത പ്രദേശങ്ങളിലാണ് ഞങ്ങൾ ജനിച്ചുവളർന്നത് എന്നതിനാൽ എഴുത്തിൻ്റെ ആദ്യഘട്ടങ്ങളിൽ മുതൽ കാണാനും ആശയങ്ങൾ കൈമാറാനും കഴിഞ്ഞിട്ടുണ്ട്.
1943 മെയ് 18-നു എറണാകുളം ജില്ലയിൽ വൈപ്പിൻദ്വീപിലെ പള്ളിപ്പുറത്താണ് ശ്രീ.സിപ്പി പള്ളിപ്പുറം ജനിച്ചത്.
1966 മുതൽ പള്ളിപ്പുറം സെന്റ്. മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചിലേറെ ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 200 ൽ അധികം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുഴ മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുന്നു.

‘കാട്ടിലെ കഥകൾ’ ഇംഗ്ലീഷിലേക്കും, “തത്തകളുടെ ഗ്രാമം” തമിഴ്- ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ക്രേന്ദ്രസാഹിത്യ അക്കാദമി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളയുവത, ചെറുപുഷ്പം, ദിദിമുസ് എന്നി മാസികകളുടെ പത്രാധിപസമിതി അംഗമാണ്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലു തവണ പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ എക്‌സിക്യൂട്ടിവ് അംഗം എന്ന നിലയിലുംപ്രവർത്തിച്ചുവരുന്നു.

ഇപ്പോൾ സഹോദരൻ അയ്യപ്പൻ സ്മാരകക്കമ്മിറ്റിയുടെ വൈസ് ചെയർമാനായും കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി പ്രസിഡൻ്റായും പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ പ്രകൃതിസ്നേഹം, ദേശഭക്തി, ഗുരുഭക്തി, മാതാപിതാക്കളോടുള്ള ബഹുമാനം, സത്യസന്ധത, ആത്മാർത്ഥത, കാരുണ്യശീലം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കന്നവയാണ് സിപ്പി സാറിൻ്റെ കൃതികൾ. കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കുടുംബം:
ഭാര്യ: മേരി സെലിൻ, മക്കൾ : ശാരിക, നവനീത്.

ശ്രീ. സിപ്പി പള്ളിപ്പുറം എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

💐💐💐💐💐💐💐💐💐💐💐💐💐💐

കുയിലൻ വൈദ്യന്റെ ചികിത്സ
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

കൂമൻകുന്നിലെ പേരാൽമരത്തിൻ്റെ മുകളിലായിരുന്നു അരിങ്ങോടൻ കാക്കയുടെ വീട് . അതിൻ്റെ തൊട്ടുതാഴെയുള്ള മരപ്പൊത്തിലാണ് കാക്കയുടെ ഉറ്റചങ്ങാതിയായ കൗശലൻ മൂങ്ങ പാർത്തിരുന്നത് .

ഒരുദിവസം അരിങ്ങോടൻകാക്കയും കൗശലൻ മൂങ്ങയും കൂടി മണിമലയിലെ മണിയൻമയിലിൻ്റെ കല്യാണവിരുന്നിനു പോയി . കല്യാണവിരുന്നും ഗാനമേളയും കഴിഞ്ഞ് മലയിറങ്ങുമ്പോൾ ഏതോ കന്നാലിച്ചെറുക്കൻ കൗശലൻ മൂങ്ങയുടെ നെഞ്ചിനു നേരെ മണൽക്കട്ടകൊണ്ട് ഒറ്റയേറ് ! ‘ !…

കൗശലൻ മൂങ്ങ താഴേവീണ് ചിറകിട്ടടിച്ച് കരയാൻതുടങ്ങി . “അയ്യോ ! ……ഞാനിപ്പോൾ ചാകുമേ !…. എനിക്ക് കിടക്കാനും മേല ; നടക്കാനും മേല ; ഇരിക്കാനും മേല ..” ചങ്ങാതിയുടെ കരച്ചിലും പിടച്ചിലും കണ്ട് അരിങ്ങോടൻകാക്ക വല്ലാതെ വിഷമിച്ചു .എങ്കിലും കാക്ക അവനെ ആശ്വസിപ്പിച്ചു : * കൗശലാ, നീ കരയാതിരിക്ക് . നമുക്കു വേഗം കുയിലൻവൈദ്യന്റെ ആശുപത്രിയിലേക്ക് പോകാം.”

താമസിയാതെ രണ്ടുപേരും കൂടി കുയിലങ്ങാടിയിലെ കുയിലൻവൈദ്യനെ കാണാൻ പുറപ്പെട്ടു.

അവിടെച്ചെന്നപ്പോൾ കുയിലൻ വൈദ്യൻ കൊമ്പും കുഴലും വച്ച് അടിമുടി പരിശോധിച്ചു . എന്നിട്ടു പറഞ്ഞു :

” സംഗതി അല്പം സീരിയസ്സാണ് . ഇവിടത്തെ നീന്തൽക്കുളത്തിൽ മൂന്നുവട്ടം മുങ്ങിക്കുളിച്ചാലേ രോഗം മാറൂ. ഓരോകുളിക്കും നൂറു പൊൻപണം വീതമാണ് ഫീസ് ”

” എങ്കിൽ ചികിത്സ ഒട്ടും താമസിക്കേണ്ട.ചികിത്സ കഴിഞ്ഞാലുടനെ പണം തരാം.’ — കൗശലൻമൂങ്ങ പറഞ്ഞു.

”അതു പറ്റില്ല. പണം മുൻകൂർ തരണം ” – കുയിലൻവൈദ്യൻ അറിയിച്ചു.

. പണം ഇപ്പോൾ കയ്യിലില്ല; വീട്ടിലാണ്. രോഗം മാറിയാലുടനെ ഞാൻ പണം എത്തിച്ചുതരാം ” — കൗശലൻ അറിയിച്ചു.
”കടം അപകടമാണ് . താങ്കളെ ചികിത്സിക്കാൻ ഞാനില്ല . വേഗം വന്നവഴിക്കു പൊയ്ക്കോളൂ” — കുയിലൻ വൈദ്യൻ വാശിപിടിച്ചു. ചികിത്സ നടക്കില്ലെന്നു കണ്ടപ്പോൾ അരിങ്ങോടൻകാക്ക ഇടപെട്ടു.

”വൈദ്യരേ, ഇങ്ങനെ വാശിപിടിക്കരുത് . ചികിത്സ അടിയന്തിരമായി നടക്കട്ടെ . മൂങ്ങ തരുന്നില്ലെങ്കിൽ അങ്ങയുടെ ഫീസ് ഞാൻ തന്നാേളാം ” — കാക്ക ഉറപ്പു കൊടുത്തു .

. ഉറപ്പു കിട്ടിയതോടെ കുയിലൻ വൈദ്യൻ, കൗശലൻമൂങ്ങയെ അവിടത്തെ നീന്തൽക്കുളത്തിൽ ഇറക്കി നിറുത്തി. ശരീരം കുടഞ്ഞ് മൂന്നുവട്ടം കുളിക്കാൻ വൈദ്യൻ ആവശ്യപ്പെട്ടു . മൂങ്ങ മൂന്നുവട്ടം
അസ്സലായി മുങ്ങിക്കുളിച്ചു .

” ഇനി കേറി വന്നോളൂ ” — വൈദ്യൻ കൈകാട്ടി വിളിച്ചു . കേറി വന്നപാടെ മൂങ്ങ പറഞ്ഞു : ” ഹായ് ! എനിക്കു സുഖമായി ; എല്ലാ വേദനകളും മാറി .”

‘ എങ്കിൽ വേഗം പൊയ്ക്കോളൂ; ഫീസ് ഉടനെ എത്തിക്കണം .” . കുയിലൻ വൈദ്യൻ കൗശലൻ മൂങ്ങയെ അപ്പോൾത്തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തു.

പക്ഷേ ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും കൗശലൻമൂങ്ങ കുയിലൻവൈദ്യന് ഒരൊറ്റ പണം പോലും എത്തിച്ചുകൊടുത്തില്ല. നേരിട്ടുചെന്നു ചോദിച്ചപ്പോൾ മൂങ്ങ കുയിലൻവൈദ്യനെ കൊത്തിയോടിച്ചു.

നിവൃത്തിയില്ലാതായപ്പോൾ വൈദ്യൻ അരിങ്ങോടൻകാക്കയുടെ വീട്ടിലെത്തി.

” എടോ അരിങ്ങോടാ, താൻ മൂങ്ങയ്ക്കുവേണ്ടി ജാമ്യംനിന്നിട്ട് എന്റെ ചികിത്സാഫീസ് ഇതുവരെ കിട്ടിയില്ലല്ലൊ. ഇതെന്തു മര്യാദ ?”

” എന്ത് ! അവനിതുവരെ പണം തന്നില്ലെന്നൊ ? വാ, നമുക്കു രണ്ടുപേർക്കുംകൂടി ചോദിക്കാം ” –അരിങ്ങോടൻകാക്ക പറഞ്ഞു.

അവർ രണ്ടുപേരും കൂടി അപ്പോൾത്തന്നെ കൗശലൻമുങ്ങയെ കാണാൻപുറപ്പെട്ടു . എന്തു പറയാൻ ! അവരെക്കണ്ടപ്പോൾത്തന്നെ അവൻ വീടിൻ്റെ വാതിലടച്ച് കുറ്റിയിട്ടു. അവർ എത്ര വിളിച്ചിട്ടും വാതിൽ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്തില്ല.

പാവം അരിങ്ങോടൻകാക്ക തൻ്റെ കൈയിലുണ്ടായിരുന്ന കുറേ പൊൻപണം കുയിലൻവൈദ്യന് കൊടുത്തു.

‘ വൈദ്യരേ, തൽക്കാലം ഇത്രയേ എൻ്റെ കൈയിലുള്ളൂ. ബാക്കി ഞാൻ പിന്നെ തന്നുകൊള്ളാം.’

വൈദ്യൻ സന്തോഷത്തോടെ മടങ്ങി . എങ്കിലും കൗശലൻമൂങ്ങയോടുള്ള കാക്കയുടെ കോപത്തിന് ഒരു കുറവും ഉണ്ടായില്ല.

കാക്ക പറഞ്ഞു:
” എടാ കൗശലാ, ഇനി പുറത്തിറങ്ങിയാൽ നിന്റെ കണ്ണു രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞ വാക്കിന് വിലയില്ലാത്ത ചതിയൻ.

അന്നുമുതൽ കാക്കയ്ക്ക് മൂങ്ങയോട് തീരാത്ത ദേഷ്യമായി . കാക്കയുടെ കണ്ണിൽപ്പെടുമെന്ന് പേടിച്ച് മൂങ്ങകൾ പകൽസമയത്ത് പുറത്തിറങ്ങാറേ ഇല്ല.

——————————————————–

സിപ്പി സാറിൻ്റെ കഥ ഇഷ്ടമായില്ലേ? വാക്കുപാലിച്ചില്ലെങ്കിൽ നമ്മളോട് മറ്റുള്ളവർക്ക് ഒരിഷ്ടവും ഉണ്ടാവില്ല. ആപത്തു കാലത്തു കാക്കയുടെസഹായം കൊണ്ട് രക്ഷപ്പെട്ടിട്ടും നന്ദി കാണിക്കാതെ തന്നിഷ്ടം പ്രവർത്തിച്ച മൂങ്ങയ്ക്ക് പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാതായി.
വാക്കുനന്നാവണം, വാക്കുപാലിക്കണം എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം

ഇതാ നല്ലൊരു കവിതയുമായി വന്നതാരാണെന്നു നോക്കൂ. –
സലീമാ ബീഗം ടീച്ചറാണ്. മലപ്പുറം ജില്ലയിലെ പുല്ലങ്കോടിനടുത്തുള്ള ഉദിരംപൊയിലാണ് ടീച്ചറുടെ സ്വദേശം. കുട്ടികൾക്കും മുതിർന്നവർക്കുമായി ടീച്ചർ ധാരാളം എഴുതാറുണ്ട്.

കാളികാവിനടുത്ത് പാറമ്മലിലുള്ള മദ്രസത്തുൽ ഇസ്ലാഹ് സ്ക്കുളിലാണ് സലീമാ ബീഗം ടീച്ചർ ജോലി ചെയ്യുന്നത്.
ടീച്ചറെഴുതിയ ഒരു കവിതയാണ് താഴെ കൊടുക്കുന്നത്.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

തത്തമ്മ
+++++++

കാട്ടിലുണ്ടൊരു
നാട്
നാട്ടിലുണ്ടൊരു
വീട്
വീട്ടിലുണ്ടൊരു
കൂട്
കൂട്ടിലുണ്ടൊരു
തത്തമ്മ.

പാട്ടു പാടും തത്തമ്മ
കൂട്ടു കൂടും തത്തമ്മ
ട്വിറ്ററിലുണ്ടാ തത്തമ്മ
ഇൻസ്റ്റയിലുണ്ടാ തത്തമ്മ.

പേരില്ലാത്തൊരു തത്തമ്മ
ഊരില്ലാത്തൊരു തത്തമ്മ
തത്തമ്മയ്ക്കൊരു
പേര് വേണം
പേര് ചൊല്ലാമോ?
തത്തമ്മയ്ക്കൊരു
ഊര് വേണം
കൂടെ കൂട്ടാമോ?

കാട്ടിലുണ്ടൊരു നാട്
നാട്ടിലുണ്ടൊരു വീട്….

🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜

തത്തമ്മ നല്ല കവിത. കാട്ടിലെ തത്തമ്മയ്ക്ക് നമുക്കൊരു പേരിടേണ്ടേ ? അതിന് സ്വന്തമായി ഒരു ഊരും വേണം. ഊരും പേരുമില്ലെങ്കിൽ നാമെങ്ങനെ അതിനെ കണ്ടുപിടിക്കും? എന്തു ചൊല്ലി വിളിക്കും?
എന്നാൽ കൂട്ടുകാരേ, എല്ലാവരുമൊന്നിച്ചുകൂടി ഇതെല്ലാം നമ്മുടെ കുഞ്ഞിത്തത്തമ്മയ്ക്ക് കൊടുക്കണം കേട്ടോ.

ഇനി ഒരു കഥയാവാം

മധുരമുള്ള തത്തമ്മപ്പാട്ടിനു ശേഷം അതിരസകരമായ കഥയുമായിട്ടാണ് ഫെലിക്സ് എം. കുമ്പളം എത്തുന്നത് – മുട്ടയിടാൻ കൂടുകൾതേടി നടക്കുന്ന കള്ളിക്കുയിലമ്മയുടെ രസകരമായ ഒരു കഥ.

ഫെലിക്സ് സാർ കൊല്ലം ജില്ലയിലെ കുമ്പളം ഗ്രാമത്തിലാണ് ജനിച്ചത്. 1995 മുതൽ ബാലസാഹിത്യരംഗത്ത് സജീവമാണ്. മിക്ക ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളിലും കഥകളും മറ്റും എഴുതാറുണ്ട്. പുല്ലുതിന്നുന്ന പുലിയച്ചൻ, സുന്ദരിക്കോതയും രാജകുമാരനും, കല്ലുവച്ച പാദസരം, പാഠം ഒന്ന് എലിപിടുത്തം, കണ്ടുപിടുത്തങ്ങളിലെ കൌതുകങ്ങൾ, ചിരിയൂറും കുട്ടിക്കഥകൾ എന്നീ ബാലസാഹിത്യപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ വിവിധ പ്രസിദ്ധീകരണങ്ങളിലും, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലും എഴുതാറുണ്ട്..

ഇപ്പോൾ ഗവ. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലിചെയ്യുന്നു. .

ഫെലിക്സ്. എം. കുമ്പളത്തിന്റെ കഥ.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

കാക്കമ്മയുടെ കൂട്ടിൽ മുട്ടയിട്ടേ..
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

തെന്മലക്കാട്ടിൽ മണിച്ചിയെന്നൊരു കള്ളിക്കുയിലമ്മ ഉണ്ടായിരുന്നു. ഏതു നേരവും “കൂ.. കൂ.. ” പാടി പാറിപ്പറന്നു നടക്കുന്ന മടിച്ചിയായ മണിച്ചിക്കുയിലമ്മക്ക് എവിടുന്നാ കൂടുകൂട്ടാൻ നേരം..?

ഒരു ദിവസം മണിച്ചിക്കുയിലമ്മയ്ക്ക് മുട്ടയിടണമെന്ന് തോന്നി. കൂടുണ്ടാക്കാതെങ്ങനെയാ മുട്ടയിടുക..? അവൾ വെക്കം മുണ്ടകപ്പാടത്തെ തെങ്ങിൻമുകളിൽ കൂടുണ്ടാക്കി താമസിക്കുന്ന പൊങ്ങച്ചിപ്പരുന്തമ്മയുടെ അടുത്തെത്തിയിട്ട് ചോദിച്ചു.

പെയ്തൊഴിഞ്ഞൊരു മഴയത്ത് എന്നുടെ കൂട് പൊളിഞ്ഞല്ലോ.. നിന്നുടെ കൂട്ടിൽ മുട്ടയിടാനായി എന്നെക്കൂടിക്കൂട്ടാമോ.?

വളരെയധികം കഷ്ടപ്പെട്ട് കൂടുണ്ടാക്കിയ പൊങ്ങച്ചിപ്പരുന്തമ്മയ്ക്കുണ്ടോ മണിച്ചിക്കുയിലമ്മയുടെ ചോദ്യം ഇഷ്ടമാകുന്നു? അവൾ കൂട്ടിൽ നിന്നിറങ്ങി മണിച്ചിക്കുയിലമ്മയെ കൊത്തിക്കൊത്തി ഓടിച്ചു.

പാവം മണിച്ചിക്കുയിലമ്മ വിഷമത്തോടെ പറന്നുനടന്നപ്പോഴുണ്ട് സുന്ദരിത്തത്തമ്മ ഉണങ്ങിയ ഒരു വലിയ മരപ്പൊത്തിലെ കൂട്ടിലിരിക്കുന്നതു കണ്ടു. ഉടനെ മണിച്ചിക്കുയിലമ്മ സുന്ദരിത്തത്തമ്മ യുടെ അടുത്തെത്തിയിട്ട് ചോദിച്ചു.

വീശിയടിച്ചൊരു കാറ്റത്ത്
എന്നുടെ കൂട് തകർന്നല്ലോ.
നിന്നുടെ കൂട്ടിൽ മുട്ടയിടാനായി എന്നെക്കൂടിക്കൂട്ടാമോ.?

സുന്ദരിത്തത്തമ്മയ്ക്കുണ്ടോ അതിഷ്ടമാകുന്നു..? അവൾ കൂട്ടിൽ നിന്നിറങ്ങി മണിച്ചിക്കുയിലമ്മയെ കൊത്തിക്കൊത്തി ഓടിച്ചു. പാവം മണിച്ചിക്കുയിലമ്മ വിഷമത്തോടെ പറന്നു നടന്നപ്പോഴുണ്ട് സൂത്രക്കാരിയായ കറുമ്പിക്കാക്കമ്മ ഒരു വലിയ മാവിൻകൊമ്പത്ത് മനോഹരമായൊരു കൂടുണ്ടാക്കി, മുട്ടകളിട്ട് അടയിരിക്കുന്നതു കണ്ടു. മണിച്ചിക്കുയിലമ്മ കറുമ്പിക്കാക്കമ്മയുടെ അടുത്തെത്തിയിട്ട് ചോദിച്ചു.

കൂടുകൂട്ടിയ മരമെല്ലാം
മനുഷ്യർ വെട്ടിമുറിച്ചല്ലോ
നിന്നുടെ കൂട്ടിൽ മുട്ടയിടാനായി എന്നെക്കൂടിക്കൂട്ടാമോ..?

മണിച്ചിക്കുയിലമ്മയുടെ ചോദ്യം കേട്ടപ്പോൾ കറുമ്പിക്കാക്കമ്മയ്ക്ക് അവളോട് സഹതാപം തോന്നി. അവൾ വെക്കം മണിച്ചിക്കുയിലമ്മയെ മുട്ടയിടാനായി തന്റെ കൂട്ടിലേക്ക് വിളിച്ചു.

മണിച്ചിക്കുയിലമ്മ സന്തോഷത്തോടെ കാക്കമ്മയുടെ കൂട്ടിൽ കയറി മുട്ടയിട്ടിട്ട് കൂ.. കൂ.’ പാടി പറന്നുപോകുകയും ചെയ്തു. ഇന്നും കുയിലുകൾ കൂടുകൂട്ടാതെ കാക്കക്കൂടുകളിലാണത്രേ മുട്ടയിടുന്നത്. അതറിയിതെ പാവം കാക്കകൾ അടയിരുന്ന് മുട്ട വിരിയിക്കുകയും ചെയ്യുന്നു. സൂത്രക്കാരികളായ കാക്കകളെപ്പോലും പറ്റിക്കുന്ന കുയിലമ്മയുടെ വിരുത് എങ്ങനെയുണ്ട്..?

കൗശലക്കാരിയായ കുയിലമ്മയുടെ വിരുത് ഇഷ്ടമായോ? ഇങ്ങനെ പറഞ്ഞു പറ്റിക്കരുത് ഇനിമേൽ കുയിലമ്മേ . എന്നാൽ കാക്കമ്മയോ സ്നേഹത്തോടെ മുട്ടയിടാൻ അനുവദിക്കുന്നു. കാക്കക്കുഞ്ഞുങ്ങളെ തൻ്റെ മക്കളെപ്പോലെ തന്നെ വളർത്തുന്നു. കാക്കമ്മ നല്ലമ്മ.

——————————————————————-

കഥയ്ക്കു ശേഷം കുഞ്ഞിക്കവിതകളുമായി ഒരു മാമൻ വരുന്നുണ്ട്. പ്രജിത് കുടവൂർ. കവി, ബാലസാഹിത്യകാരൻ, കഥാകൃത്ത്,ഗാനരചയിതാവ്,
പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീ.പ്രജിത്ത് കുടവൂർ സാർ തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ കുടവൂരിലാണ് ജനിച്ചത്..

സ്കൂൾപഠനകാലത്തുതന്നെ കലോത്സവങ്ങളിൽ കഥാ, കവിതാ, ഉപന്യാസരചനകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2006 ലെ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകവിദ്യാർത്ഥികളുടെ വിഭാഗത്തിൽ ടി.ടി.ഐ കലോത്സവത്തിൽ കഥാരചനയിൽ പുരസ്കാരത്തിന് അർഹനായി. നിരവധി ലളിതഗാനങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

2020 ലെ നിറവ് ബാലസാഹിത്യപുരസ്കാരം ലഭിച്ചു. അനുവാചകപ്രശംസ ഏറെ നേടിയ ബാലകവിതാസമാഹാരമായ മധുശലഭത്തിന്റെ രചയിതാവാണ്.

ആനുകാലികങ്ങളിൽ എഴുത്തിന്റെ വിവിധ മേഖലകളിലൂടെ സുപരിചിതനായ ശ്രീ.പ്രജിത്ത് കുടവൂരിന്റെ രണ്ടു കുഞ്ഞിക്കവിതകൾ താഴെ –

🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പൂച്ചയുടെ വാല്
++++++++++++
കാലു വെളുത്തൊരു പൂച്ചമ്മയ്ക്ക്
ചേലു പെരുത്തൊരു വാല്.
പാലു കുടിക്കും നേരത്താഹാ
കാണാനെന്തൊരു ചേല് !

പൊൻകിണ്ണം
〰️〰️〰️〰️〰️〰️

മാനത്തൂന്നൊരു പൊൻകിണ്ണം
ആഴക്കടലിൽ മുങ്ങിത്താണു ,
പിറ്റേന്നുണ്ട് കിഴക്കേ ദിക്കിൽ
പള പള മിന്നീ പുലർകാലേ .

നല്ല കുഞ്ഞുകവികൾ. രസകരമല്ലേ?
എല്ലാവരും പാടിനോക്കിയില്ലേ, കാണാതെ ചൊല്ലാറാവണം.

ശരി.
ഈ ആഴ്ചയിലെ വിഭവങ്ങൾ ഇഷ്ടമായോ? പുതിയ വിഭവങ്ങൾ വിളമ്പാൻ പുതിയ പുതിയ സാഹിത്യകാരന്മാരെത്തുന്നുണ്ട്. അടുത്തലക്കങ്ങളിൽ അവരെയും അവരുടെ രചനകളെയും നമുക്ക് പരിചയപ്പെടാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments