ഡാളസ്: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ അട്ടിമറിച്ച് യുഎസ്. സൂപ്പർ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിൽ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാനൊപ്പമെത്തി.
ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂപ്പർ ഓവറിൽ സൗരഭ് നേത്രാവൽക്കർ യുഎസിനായി തിളങ്ങിയപ്പോൾ മൂന്ന് വൈഡ് ഉൾപ്പെടെ ഏഴ് എക്സ്ട്രാ റണ്‍ വഴങ്ങിയ മുഹമ്മദ് ആമിറിന്റെ ബോളിംഗാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.
പാക്കിസ്ഥാനെ ബാബർ അസമും (44) ഷദാബ് ഖാനും (40) ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഷഹീൻ അഫ്രീദി പുറത്താകാതെ 23 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാൻ (9), ഉസ്മാൻ ഖാൻ (3), ഫഖർ സമാൻ (11), അസം ഖാൻ (0), ഇഫ്തികർ അഹമ്മദ് (18) എന്നിവർ നിരാശപ്പെടുത്തി.
യുഎസിന് വേണ്ടി നൊസ്തുഷ് കെഞിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 38 പന്തിൽ 50 റണ്‍സെടുത്ത മൊനാങ്ക് പട്ടേലാണ് യുഎസിനെ പാക്കിസ്ഥാന്റെ സ്കോറിനൊപ്പമെത്താൻ സഹായിച്ചത്.
ആൻഡ്രീസ് ഗൗസ് 35 റണ്‍സെടുത്തു. പുറത്താകാതെ ആരോണ്‍ ജോണ്‍സ് 36 റണ്‍സും നിതീഷ് കുമാർ 14 റണ്‍സും നേടി യുഎസിനെ പാക്കിസ്ഥാനൊപ്പമെത്തിക്കുകയായിരുന്നു.