Thursday, October 24, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (76) ജോതിഷത്തിൻ്റെ യുക്തിപരമായ പ്രസക്തി (ഭാഗം -2) ഖഗോള സ്ഥിതിയും...

അറിവിൻ്റെ മുത്തുകൾ – (76) ജോതിഷത്തിൻ്റെ യുക്തിപരമായ പ്രസക്തി (ഭാഗം -2) ഖഗോള സ്ഥിതിയും മനുഷ്യദേഹവും

പി.എം.എൻ. നമ്പൂതിരി.

ഖഗോള സ്ഥിതിയും മനുഷ്യദേഹവും

ഈ കാര്യത്തിൽ യാഥാർത്ഥ്യത്തിലേയ്ക്ക്‌ കടക്കണമെങ്കിൽ ഇന്ന് ആപേക്ഷികാസിദ്ധാന്തം തുടങ്ങിയ ആധുനിക ശാസ്ത്രത്തിൻ്റെ അത്യാധുനിക മേഖലകളിലേയ്ക്ക് കടന്നു വരേണ്ടതായി വരും.പ്രപഞ്ചവും മനുഷ്യരും ബ്രഹ്മാണ്ഡ – പിണ്ഡാണ്ഡ രീതിയിൽ പ്രതീകാത്മകമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സിദ്ധാന്തം നാം അംഗീകരിച്ചാൽ ജ്യോതിശാസ്ത്രത്തിൻ്റെ ഫല ഭാഗത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശദീകരണം അറിയുവാൻ പ്രയാസമില്ല.

ഏതാണ്ട് അനന്തതയോളം വരുന്ന അകലത്ത് നാം കാണുന്ന നക്ഷത്ര സമൂഹങ്ങൾ സൂര്യചന്ദ്രാദി സൗരയൂഥസ്ഥങ്ങളായ ഗ്രഹങ്ങളെ സംബന്ധിച്ച് താരതമ്യേന സ്ഥിരങ്ങളാണെന്ന് പറയാം. അവയുടെ ഇടയിടയിലൂടെ ഭൂമിയുടെ വാർഷിക ചലനങ്ങൾ കൊണ്ടും ഗ്രഹങ്ങളുടെ സ്വതവേയുള്ള ചലനങ്ങൾകൊണ്ടും ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നമുക്ക് ആ ഗ്രഹങ്ങൾ നക്ഷത്ര സമൂഹങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നു. ഒരു പ്രത്യേക സമയത്ത് ഭൂമിയിലുള്ള ഒരു പ്രത്യേക സ്ഥലത്ത് നിൽക്കുന്ന നിരീക്ഷകനെ സംബന്ധിച്ചിടത്തോളം ആ സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതികൾ ഖഗോളത്തിലെ 360 ഡിഗ്രികളായി(രാശി) ഭാഗിച്ചവയിൽ അടയാളപ്പെടുത്തിയാൽ അത് തൽസമയത്തെ ഗ്രഹസ്ഥിതിയായി. ഈ ഗ്രഹസ്ഥിതി, അതായത് ഖഗോളചക്രത്തിൻ്റെ വൃത്താകൃതിയിൽ ഉള്ള പ്രഥമ ബിന്ദു മേഷാദി – അഥവാ അശ്വതി നക്ഷത്രത്തിൻ്റെ പ്രഥമ ബിന്ദുവായി കണക്കാക്കപ്പെടുന്നു. അപ്പോൾ മേഷാദി പന്ത്രണ്ടു രാശികളിൽ നാം അടയാളപ്പെടുത്തുന്ന ഗ്രഹസ്ഥിതി തത്സമയത്തു ഭൂമിയിൽ ആ സ്ഥലത്തുനിന്ന് നോക്കുന്ന രീതിയിലുള്ള ബ്രഹ്മാണ്ഡത്തിൻ്റെ ചിത്രമോ പടമോ ആണെന്ന് പറയാം. ഇതിനു സമാന്തരമായ ഒരു സാധനമാണ് ആ സമയത്ത് ഉദയംകൊള്ളുന്ന അഥവാ ജനിക്കുന്ന പിണ്ഡാണ്ഡം അഥവാ മനുഷ്യ ശരീരം. ആ മനുഷ്യശരീരത്തിൻ്റെ സ്ഥൂലാംശം മാത്രമേ നമ്മുടെ ദൃഷ്ടിക്കും സ്ഥൂല പരിശോധനയ്ക്കും (ആന്തരീകാവയവങ്ങൾ) വിഷയീഭവിയ്ക്കുന്നുള്ളൂ. മനുഷ്യദേഹത്തിൻ്റെ സൂക്ഷ്മതലത്തിലുള്ള ശക്തികളുടെ വിന്യാസം നമുക്ക് കണ്ടു പിടിക്കാൻ സാധ്യമല്ല. ഈ സൂക്ഷ്മതലത്തിലെ ശക്തി വിന്യാസം നമുക്ക് കണ്ടു പിടിക്കുവാൻ സഹായകമാണ് ഗ്രഹസ്ഥിതി. അതിനാൽ മനുഷ്യനാകുന്ന പിണ്ഡാണ്ഡ ചിത്രത്തെയാണ് അവൻ്റെ ഗ്രഹസ്ഥിതി അനാവരണം ചെയ്യുന്നത്.

തൽക്കാല ഗ്രഹസ്ഥിതി വ്യത്യാസങ്ങളെ കണക്കാക്കി അവരുടെ (ഗ്രഹങ്ങളുടെ) ഭൂത, ഭാവി, ചിത്രങ്ങളെ കണക്കാക്കാവുന്നതുപോലെ മനുഷ്യപിണ്ഡാണ്ഡത്തിൻ്റെയും ഭൂത, ഭാവി, വർത്തമാനങ്ങൾ ഗ്രഹസ്ഥിതിയിൽ നിന്ന് മെടഞ്ഞെടുക്കുവാൻ സാധിക്കും. മനുഷ്യ ശരീരം നീളം, വീതി, കനം എന്നീ ത്രിമാനങ്ങൾ മാത്രം കൂടിയതല്ല. കാലം എന്ന ചതുർത്ഥാനനവുംകൂടി ചേർന്നതാണന്ന് ആപേക്ഷിക സിദ്ധാന്തം പറയുന്നുണ്ട്. ബ്രഹ്മാണ്ഡവും അങ്ങനെ തന്നെയാണ്.അപ്പോൾ ത്രിമാനമായ മനുഷ്യദ്ദേഹം + കാലം എന്ന മാനം = മനുഷ്യ ജീവിതം. എന്ന സമവാക്യത്തിലെത്തിച്ചേരാൻ സാമാന്യബുദ്ധി മാത്രം മതി. അതായത് ഗ്രഹസ്ഥിതി അനാവരണം ചെയ്യുന്നത് ആ സമയത്ത് ജാതനായ മനുഷ്യൻ്റെ ജീവിതം മുഴുവനുമാണ്. രശ്മി സിദ്ധാന്തത്തിൻ്റെ ലേശാംശംപോലും കൂടാതെ ഇത്തരത്തിലൊരു വിചിന്തനം ജ്യോതിഷത്തിൻ്റെ ഫലഭാഗത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഒരു മുഖവുര മാത്രമാണ്. അതിൻ്റെ സങ്കീർണ്ണമായ സമ്പ്രദായങ്ങളും നിയമങ്ങളും വിശദീകരണങ്ങളും ചിന്തയുമാണ് ഇന്നത്തെ മനുഷ്യന് പിടികിട്ടാത്ത ജോതിശാത്രതത്ത്വങ്ങൾ.

(തുടരും)

പി.എം.എൻ. നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments