തിരുവനന്തപുരം –പതിനായിരക്കണക്കിന് വിദ്യാലയങ്ങൾ ഇന്ന് സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പ്രവേശനോൽസവ വേദിയായി മാറി. രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഇല്ലാതായി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഭയമില്ലാതെ സന്തോഷത്തോടെ വിദ്യാർഥികളെ സ്വീകരിക്കാൻ അധ്യാപകരും പൊതുസമൂഹവും തയ്യാറാകുന്ന സന്തോഷകരമായ കാഴ്ചയാണ് ലോകം കാണുന്നത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ തിരിച്ചു വരവ് പൊതുസമൂഹവും ഗവൺമെന്റും ഒന്നിച്ച് ഉറപ്പാക്കിയതാണ്. വിദ്യാഭ്യാസ ചരിത്രത്തിൽ പൊതുവിദ്യാഭ്യാസ രംഗം ഇത്രയധികം മുന്നേറിയിരിക്കുന്നു. മികച്ച കെട്ടിടങ്ങളും സ്മാർട്ട് ക്ലാസ്റൂമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭ്യമായി. പത്താം ക്ലാസ് പരീക്ഷയിൽ ഒരു വിദ്യാർഥി പോലും ജയിക്കാതിരുന്ന സ്കൂളുകളിൽ പലതും ഇന്ന് 100% വിജയത്തിലേക്കെത്തി. എ പ്ലസുകൾ നേടുന്ന വിദ്യാർഥികളുടെ എണ്ണവും വർധിച്ചു.