കോട്ടയ്ക്കൽ.–ഇന്ത്യനൂർ തെക്കുംപറമ്പ് അങ്കണവാടിയിൽ നിന്നു വിതരണം ചെയ്ത അമൃതംപൊടിയിൽ ചത്ത കൂറ. ഒന്നര, രണ്ടര വയസ്സ് പ്രായമുള്ള കുട്ടികൾ കഴിച്ചതിനുശേഷം വന്ന പൊടിയിലാണ് രണ്ടിടങ്ങളിലായി ചത്ത കൂറയുടെ അവശിഷ്ടങ്ങൾ കണ്ടത്.
6 മാസം മുതൽ 3 വയസ്സു വരെയുള്ള കുട്ടികൾക്കു അങ്കണവാടികളിൽ നിന്നു വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതംപൊടി. പൊടി ഉപയോഗിച്ച് ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കിയാണ് കുട്ടികൾക്കു കൊടുക്കാറുള്ളത്.
തെക്കുംപറമ്പ് അങ്കണവാടിയിൽ നിന്നു ആപ്പേങ്ങാടൻ അസ്കറലിയുടെ വീട്ടിലെ കുട്ടികൾക്കു നൽകിയ പൊടിയിലാണ് ചത്ത കൂറയെ കണ്ടത്. അസ്കറലിയുടെ മകളും സഹോദരിയുടെ മകനും പൊടി ഉപയോഗിച്ചുണ്ടാക്കിയ പുട്ട് കഴിച്ചിരുന്നു. ബാക്കിയായ പൊടി എടുത്തു വയ്ക്കുന്നതിനിടയിലാണ് കൂറയുടെ ശരീരഭാഗങ്ങൾ കണ്ടത്. കുറ്റിപ്പുറത്തെ കുടുംബശ്രീ യൂണിറ്റാണ് പൊടി തയാറാക്കിയിരിക്കുന്നത്. ചത്ത കൂറയെ കിട്ടിയതോടെ ചില അങ്കണവാടികളിൽ പൊടി വിതരണം നിർത്തിവച്ചതായി പറയുന്നു. വീട്ടുകാർ അധികൃതർക്കു പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
— – – – – –