ന്യൂഡൽഹി;അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് ബംഗാളിലെ ആദ്യഘട്ട അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി കേന്ദ്രസർക്കാർ. ഇതിനൊപ്പം ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും ആദ്യഘട്ട അപേക്ഷകർക്കും പൗരത്വം നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
എന്നാൽ, മൂന്നു സംസ്ഥാനങ്ങളിൽ എത്രപേർക്കാണ് പൗരത്വം നൽകിയതെന്ന് വ്യക്തമാക്കിയില്ല. മന്ത്രാലയവൃത്തങ്ങൾ പറയുന്നതനുസരിച്ച് ബംഗ്ലാദേശിൽനിന്ന് കുടിയേറിയ ഹിന്ദുവിഭാഗത്തിൽപ്പെട്ട എട്ട് പേർക്കാണ് ബംഗാളിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിൽ 20 വർഷമായി 24 പർഗാന ജില്ലയിൽ താമസിക്കുന്ന ദേബി പ്രസാദ് ഗെയിനും ഉൾപ്പെടും.
ഇ–-മെയിലിലാണ് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. 15 ദിവസം മുമ്പ് നൽകിയ അപേക്ഷയിലാണ് ‘അതിവേഗ’ നടപടി.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സിഎഎ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നതിനിടെയാണ് സംസ്ഥാന ഉന്നതാധികാര സമിതി ശുപാർശപ്രകാരം എട്ടുപേർക്കും പൗരത്വം.”