Sunday, December 22, 2024
Homeയാത്രയാത്ര: ശാന്തിഗിരി ആശ്രമം - പോത്തൻകോട്. ✍ സാഹിറ എം.

യാത്ര: ശാന്തിഗിരി ആശ്രമം – പോത്തൻകോട്. ✍ സാഹിറ എം.

സാഹിറ എം.

യാദൃശ്ചികമായാണ് പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിക്കാൻ ഇടയായത്. ആകസ്മീയതയുടെ ആകെത്തുകയാണ് ഓരോ ജീവിതവും എന്ന് പറയുന്നതെത്ര ശരി!
ഒരു അന്തർദേശീയ സാഹിത്യ സാംസ്കാരിക സാമൂഹിക സേവന സംഘടനയുടെ സംസ്ഥാന മീറ്റിൽ കോട്ടയത്തു നിന്നുള്ള അഞ്ചംഗ സംഘത്തിൽ ഒരാളായി ഈ ഞാനും തിരുവനന്തപുരത്തിന്. ലീഡർ ജോയി വി സാർ കരുണാകര ഗുരുഭക്തനാണ്. ഉച്ച ഭക്ഷണം അദ്ദേഹം ഏർപ്പാടാക്കിയത് ആശ്രമത്തിലെ ഭക്ഷണശാലയിൽ നിന്ന്.
അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ മനസ്സറിഞ്ഞ പോലെ സാർ പറഞ്ഞു ആശ്രമത്തിനകത്ത് വേഗമൊന്ന് കയറി വന്ന് ഭക്ഷണം കഴിക്കാം.
ദൂരെ റോഡിൽ നിന്നും കാണുന്നത് തന്നെ ആകാശത്തേക്ക് വിടർന്നുനിൽക്കുന്ന വെളത്ത താമരയും ഹൃദയഹാരിയായ പച്ചപ്പുമാണ്. രണ്ട് തവണ ഡെൽഹിയിൽ ലോട്ടസ് ടെമ്പിളിൽ പോയിട്ടുള്ള എനിക്ക് ആർക്കും വരാവുന്ന പെട്ടന്നുള്ള സ്ഥലകാല വിഭ്രമം ! ഒറ്റനോട്ടത്തിൽ ലോട്ടസ് ടെമ്പിളിൽ വീണ്ടുമെത്തിയ പോലെ. അടുക്കും തോറും ആ തോന്നൽ മാറിക്കിട്ടി.


ചെരുപ്പുകൾ വണ്ടിയിൽ തന്നെയിട്ട് ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ നനഞ്ഞ മണ്ണിലൂടെ നടന്ന് കാലും കഴുകി അകത്തേക്ക്. വിശാലവും നിശബ്ദവുമായ ഹാളിലുടെ നടക്കുന്നതിനിടയിൽ കടന്നു പോകുന്നവരെല്ലാം പുഞ്ചിരിയോടെ ഉപചാരങ്ങൾ കാട്ടുന്നു.. സേവനം സേവയാക്കിയ ശുഭ്രവസ്ത്രധാരികളായ സ്ത്രീപുരുഷൻമാർ (കുട്ടികളുൾപ്പെടെ) ആശ്രമത്തിൽ കാണാം. ഗുരുവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രവും ഫോട്ടോകളുംഫലകങ്ങളും അവിടവിടെ അലങ്കരിച്ചിരിക്കുന്നു. ആശ്രമത്തിൻ്റെ വളർച്ചയും ചരിത്രവും ഗുരുവിൻ്റെ ജീവിതവും കൂടിയാണത്. വെട്ടിയൊതുക്കിയ കല്ലുകൾ പാകിയ വഴികൾ.. പുൽത്തകിടികളും ചെടികളും. തണൽ മരങ്ങൾ . കൃത്യമായി വൃത്തിയായി പരിപാലിച്ചിരിക്കുന്നു .
ഇടയ്ക്കിടെ വെളുത്ത ചെറുതാമരശില്പങ്ങൾ നടപ്പാതയുടെ വശങ്ങളിലെ ചെടികൾക്കിടയിലും കാണാം.
കാവിയുടെ ചെറിയ വ്യത്യാസങ്ങളോടുയമുണ്ടും മേൽമുണ്ടും ഒരു പ്രത്യേക രീതിയിലണിഞ്ഞ സാന്യാസിമാർ (ഗുരുക്കൾ), കാവിയിൽ ശിരസ്സു കൂടി മറച്ച സ്വാമിനിമാർ…

വെള്ളത്താമരയുടെ ആകൃതിയിൽ ഉയർ നിൽക്കുന്നതാണ് പർണ്ണശാല . 91 അടി ഉയരവും 84 അടി ചുറ്റളവുമുള്ള വെണ്ണക്കൽ മന്ദിരമാണ്. പൂർണ്ണമായി വിടർന്നതാമരയുടെ രൂപത്തിലുള്ള (ലോകത്തിലെ ഏറ്റവും ഉയർന്നതെന്ന് വിക്കി) താണ്. താമരയിതളുകൾ മുകളിലേക്ക് പന്ത്രണ്ടും താഴേക്ക് ഒമ്പതും . ഇവ പന്ത്രണ്ട് രാശികളും, നവ ( 9 )ഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു.

ഇതളുകൾക്ക് ഓരോന്നിനും മുകളിലേക്ക് 41 അടിയും താഴേക്കുള്ള ഇതളിന് 31അടിയുമായി വിരിഞ്ഞു നിൽക്കുന്നു. പർണ്ണശാലയ്കത്ത് ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ തീർത്ത താമരമൊട്ടിൻ്റെ ആകൃതിയിൽ ശരകൂടമുണ്ട്. 27 അടി ഉയരവും അത്ര തന്നെ വ്യാസവും ഉണ്ടത്രേ. അകത്ത് പിത്തളയും. മദ്ധ്യത്തിൽ പത്ത് പടികൾക്ക് മുകളിലായി ഗുരുവിൻ്റെ കാഞ്ചന രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. (1969-ൽ ഗുരു ആദ്യം സ്ഥാപിച്ച ആശ്രമം ഇന്നത്തെ രീതിയിൽ 2010 സെപ്ടംബർ 12-ന് ലോകത്തിന് തുറന്നു കൊടുത്തത് അന്നത്തെ പ്രഥമവനിത പ്രതിഭാ ദേവിസിംഗ് പാട്ടീലാണ് . ) അകത്ത് 9 തൂണുകൾ ..പുറത്ത് 12 തൂണുകൾ. പ്രാർത്ഥനാഹാളും അകംപുറം ശില്പഭംഗിയിലും മനോഹരമാണ്. വിശുദ്ധിയും ഭക്തിയും നിശബ്ദതയും…
ഒരു ശന്തത അനുഭവപ്പെടും. ഇതുവരെ വന്ന ലോകത്തിൽ നിന്നും വ്യത്യസ്തമായ ഒരു ശാന്തി പെട്ടന്നറിയും.


തിരുവനന്തപുരത്തേക്ക് വെറും 22 കിലോമിറ്റർ മാത്രം. നല്ല ഭക്ഷണവും ലഭ്യമായി. അവിടെയും സേവകരായ ഭക്തരാണ്. ശാന്തിഗിരിയുടെ മറ്റ് ഉല്പന്നങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ ബ്രഹത് ആശ്രമ സമുച്ഛയങ്ങളെ കുറിച്ചറിയുന്നതും ഇവിടെ വരുന്നതും.. ഗുരു എന്ന സിനിമകണ്ട സമയത്താണ് കരുണാകര ഗുരുവിനേകുറിച്ച് വായച്ചതു പോലും..
മഴയിലും ഒരു യാത്രയും ചെറുതല്ലാത്ത അനുഭവവും ഹൃദ്യവുമായി..
കാഴ്ചകൾക്കും ഉല്ലാസത്തിനുമല്ലാതെയുള്ള യാത്രകളിലെ ആകസ്മിക വഴിയിടങ്ങൾ തുറന്നിട്ടു തരുന്ന സൗഭാഗ്യങ്ങളിലൊന്നാണിത്.

✍ സാഹിറ എം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments