Tuesday, December 24, 2024
Homeഅമേരിക്കഇന്ത്യൻ പാർലമെൻറ് ഇലക്ഷനിൽ ആർക്ക് ഏതു വ്യക്തിക്ക് ഏത് പാർട്ടിക്ക് ഏതു മുന്നണിക്ക് വോട്ട് ചെയ്യണം?...

ഇന്ത്യൻ പാർലമെൻറ് ഇലക്ഷനിൽ ആർക്ക് ഏതു വ്യക്തിക്ക് ഏത് പാർട്ടിക്ക് ഏതു മുന്നണിക്ക് വോട്ട് ചെയ്യണം? (ലേഖനം) ✍ എ. സി. ജോർജ്

എ. സി. ജോർജ്

ആസന്നമായ ഇന്ത്യൻ പാർലമെൻറ് ഇലക്ഷനെ ആസ്പദമാക്കിയ ഒരു ചോദ്യമോ, അതുപോലെ ഒരു മറുപടിയോ ആയി ഈ ലേഖനത്തിന്റെ ശീർഷകത്തെ കണക്കാക്കാം. ഇത്തരം ചോദ്യങ്ങൾ ചോദിക്കാനോ, അതിനു മറുപടി ആവശ്യപ്പെടാനോ തനിക്കെന്ത് അവകാശം എന്നു ഒരുപക്ഷേ വായനക്കാർക്ക് തോന്നിയേക്കാം. ഒരു ജനാധിപത്യ രാജ്യത്തെ ഇലക്ഷൻ നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്, അതുപോലെ ചോദിക്കാനും പറയാനും പത്രമാധ്യമങ്ങൾക്കും സ്വതന്ത്ര നിരീക്ഷകർക്കും പൊതുജനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് അവകാശമുണ്ട് എന്നുള്ള വസ്തുത ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ വെളിച്ചത്തിൽ തന്നെയാണ് ഈ ലേഖനവും.
മുഖ്യമായി രണ്ട് മുന്നണികളാണ് ഇത്തവണത്തെ ഇന്ത്യൻ പാർലമെൻറ് ഇലക്ഷനിൽ കൊമ്പുകോർക്കുന്നത്. എന്നാൽ അത് കേരളത്തിലേക്ക് വരുമ്പോൾ മൂന്നു മുന്നണികൾ തമ്മിലാണെന്ന് പറയാം. അതിനാൽ വ്യക്തികളെ നോക്കിയോ, പാർട്ടികളെ നോക്കിയോ, മുന്നണികളെ നോക്കിയോ? ആണോ നമ്മൾ വോട്ട് ചെയ്യേണ്ടത്? അത് പ്രായോഗിക തലത്തിൽ നോക്കിയാൽ മുന്നണികളെ പരിഗണിച്ചായിരിക്കണം നമ്മുടെ വോട്ടെന്ന് ചിന്തിക്കേണ്ടി വരും. ഒരു വ്യക്തി എത്ര മഹാൻ, അല്ലെങ്കിൽ എത്ര കഴിവുള്ള ആളാണെങ്കിലും ഒറ്റയ്ക്ക്, പാർട്ടി വിട്ടു മുന്നണി വിട്ടു കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വസ്തുത വളരെ വ്യക്തമാണല്ലോ. കേരളത്തിലെ മത്സരം മൂന്നു മുന്നണികൾ തമ്മിലാണെങ്കിലും ഇവിടെ നിന്ന് ജയിക്കുന്ന മൂന്നു മുന്നണിയിലെ വ്യക്തികളും കേന്ദ്ര ഭരണത്തിൽ എത്തുമ്പോൾ രണ്ടു മുന്നണിയായി പരിണമിക്കുന്നു. അതായത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയും, ഇപ്പോൾ ഭരിക്കുന്ന ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയും ആണ് അവ. ഈ രണ്ട് മുഖ്യമുന്നണികളിലും പെടാത്ത ലൊട്ടു ലൊടുക്ക് പാർട്ടികളുടെയോ വ്യക്തികളുടെയോ വിജയവും വളരെ പ്രധാനമാണ്. അവർ അവസരോചിതമായി ഭരിക്കുന്ന പാർട്ടിക്കോ പ്രതിപക്ഷ പാർട്ടികൾക്കോ, പണവും സ്ഥാനമാനങ്ങളും കിട്ടുന്നതനുസരിച്ച് കാലുമാറ്റവും കൂറുമാറ്റവും നടത്തിയേക്കാം. അത്തരം നാടകീയ രംഗങ്ങൾ പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയ ഭരണ രംഗങ്ങളിൽ നാം പലവട്ടം കണ്ടതാണ്. ഒരു മുന്നണിക്കും ഭരിക്കാൻ തക്കതായ ഭൂരിപക്ഷം ലഭ്യമാകാതെ വന്നാൽ, സ്വതന്ത്രമായി ജയിച്ചു വരുന്ന സ്ഥാനാർത്ഥികൾക്ക് പ്രാധാന്യവും വിലപേശലും ആയിരിക്കും ഫലം. ഏതായാലും ജനക്ഷേമത്തിനു വേണ്ടി ഭരിക്കാൻ തയ്യാറാകാത്ത ഭരണകൂടം വീണ്ടും അധികാരത്തിലെത്തിയാൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്ന പോലെ ഭരണഘടനക്കു തന്നെ തുരങ്കം വെച്ചുകൊണ്ട്, പ്രതിപക്ഷങ്ങളെ എല്ലാ അർത്ഥത്തിലും നിശബ്ദരാക്കിക്കൊണ്ട്, ഒരു ഫാസിസ്റ്റ്, തോന്നിയാസ, ജനാധിപത്യ ആഭാസഭരണം, കുരങ്ങിന്റെ കയ്യിൽ കിട്ടിയ പൂമാല മാതിരി മനുഷ്യാവകാശങ്ങളെ പോലും പിച്ചിച്ചീന്തി, മത വർഗീയത ആളിക്കത്തിച്ച്, ഭൂരിപക്ഷമത ജീവികളുടെ ദുർബല മനസ്സുകൾ പ്രീണിപ്പെടുത്തി, ന്യൂനപക്ഷ അവകാശങ്ങളെ ഘട്ടം ഘട്ടമായി നിഷേധിച്ചും, അടിച്ചമർത്തിക്കൊണ്ടും കിരാത കാട്ടാള ഭരണം കൈവന്നാൽ അത് സ്വതന്ത്ര ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചന്നിരിക്കും.
അതിനാൽ നമ്മൾ ജനാധിപത്യത്തെ മാനിക്കുന്നവർ, ഇന്ത്യൻ ഭരണഘടനയെ മാനിക്കുന്നവർ, ഇന്ത്യൻ മതേതരത്തെ മാനിക്കുന്നവർ, നീതിയും സത്യവും രാജ്യത്തെങ്ങും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ, രാജ്യസുരക്ഷയും, സാമ്പത്തിക അഭിവൃദ്ധിയും, ആബാലവൃത്തം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റണമെന്ന് ആഗ്രഹിക്കുന്നവർ ഏത് കക്ഷിക്ക് ഏതു മുന്നണിക്ക് വോട്ട് ചെയ്യണം? ചിന്തിക്കുക. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യ ഭരിച്ച മുന്നണികളുടെ, ചരിത്രവും ട്രാക്ക് റെക്കോർഡുകളും പരിശോധിക്കുക. അതുപോലെ ഏതു ഭരണകക്ഷിയുടെ കഴിഞ്ഞ ഭരണകാല വീഴ്ചകൾ തിരുത്തി, ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടേതായ ഒരു ജനകക്ഷി ഗവൺമെൻറ് ആയി പ്രവർത്തിക്കാൻ പറ്റും? തെരഞ്ഞെടുക്കപ്പെടുന്ന കക്ഷി അല്ലെങ്കിൽ ഗവൺമെൻറ് ജനങ്ങളുടെ മേൽ സർവ്വാധിപത്യം പുലർത്തുന്ന ഒരു സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഗവൺമെൻറ് ആയിരിക്കരുത്. മറിച്ച് അവരെ വോട്ടിട്ട് ജയിപ്പിച്ച വോട്ടർമാരായ പൊതുജനങ്ങൾ ആയിരിക്കണം അവരുടെ യജമാനന്മാർ. ഭരണം കൈ കിട്ടിയാൽ അവർക്ക് അധികാരം കൊടുത്ത പൊതുജനങ്ങളുടെ ന്യായമായ അവകാശങ്ങൾ അടിച്ചമർത്തുന്ന അല്ലെങ്കിൽ നശിപ്പിക്കുന്ന ഭസ്മാസുരന്മാർ ആയിരിക്കരുത് തെരഞ്ഞെടുക്കപ്പെടുന്ന ഭരണകർത്താക്കൾ. ഭരണത്തെ ന്യായമായി വിമർശിക്കുന്ന, ഭരണ വീഴ്ചകൾക്കെതിരെ ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരെ നിഷ്കരുണം അടിച്ചമർത്തുന്ന, ജയിലിൽ അടയ്ക്കുന്നതോ അല്ല ജനാധിപത്യ ഭരണം.
ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു അതിലെ ഓരോ പ്രമാണങ്ങളെയും ലംഘിക്കുന്നതും, അതിലെ ഓരോ സമീതികളേയും ഭരിക്കുന്ന കക്ഷി സ്വന്ത ഇഷ്ടപ്രകാരം മാത്രം കയ്യടക്കുന്നതും ആ അധികാരം ഉപയോഗിച്ച് പ്രതിയോഗികളെ, പ്രതിപക്ഷങ്ങളെ, ഈ.ഡി. (എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കളെ ഒക്കെ ഉപയോഗിച്ച് ജയിലിൽ അടയ്ക്കുന്നത്, പേടിപ്പിക്കുന്നത്, ഒരു ജനാധിപത്യ കക്ഷികൾക്കും ഒട്ടും ഭൂഷണമല്ല. അത് തനി ഫാസിസമാണ്. അത്തരക്കാരെ ഭരണത്തിൽ ഒരിക്കലും ഏറ്റാൻ പാടില്ലാത്തതാണ്. അതുപോലെ തെരഞ്ഞെടുപ്പ് അവസരത്തിലും, ശേഷവും വിജയികളെ പേടിപ്പിച്ചും വില കൊടുത്തും പാട്ടിലാക്കുന്നതും അഭിലക്ഷണീയമല്ല. ഭരണപരിഷ്കാരമെന്ന പേരിൽ, നോട്ടു നിരോധനം പോലുള്ള “തുഗ്ലക്ക്” പരീക്ഷണങ്ങളും നമുക്കാവശ്യമില്ല. അതുപോലെ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായാൽ അത് തങ്ങൾ ഉണ്ടാക്കിയതാണെന്ന് മട്ടിൽ പെരുംപ്ര അടിക്കുന്ന “എട്ടുകാലി “മമ്മൂഞ്ഞു”കളെയും നമ്മൾ അകറ്റി നിർത്തണം.
ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഭരണ വൈകല്യങ്ങളും, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും, പകൽപോലെ വ്യക്തമാണ്. അപ്പോൾ പിന്നെ ഒരു സ്വതന്ത്ര നിരീക്ഷകനായ ഏതൊരാൾക്കും ഉള്ളത് ഉള്ളതുപോലെ തന്നെ പറയണമല്ലോ എഴുതണമല്ലോ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ അവിടെ ഭരണം നടത്തിയപ്പോൾ ഒത്തിരി ഒത്തിരി വീഴ്ചകൾ വന്നിട്ടുണ്ട് എന്നുള്ളത് സമ്മതിക്കുന്നു. ഒരിക്കൽ അടിയന്തരാവസ്ഥ എന്ന പേരിൽ വളരെ കുറച്ചു കാലം ഫാസിസ്റ്റ് ഭരണവും ഇവിടെ നടമാടിയത് മറക്കുന്നില്ല. അതുപോലെ ആ ഭരണകൂടത്തെ ഇന്ത്യയുടെ ജനാധിപത്യ വിശ്വാസികൾ വോട്ട് ചെയ്ത് പുറത്താക്കിയതും ചരിത്രം തന്നെ. കാലാകാലങ്ങളിൽ ഒരു പക്ഷേ കോൺഗ്രസിന്റെ ചില തെറ്റായ നയങ്ങളും, അഴിമതികളും ദുർഭരണവും, അതിനൊപ്പം ഇപ്പോൾ ഭരിക്കുന്ന ഭരണകക്ഷിയുടെ ഭൂരിപക്ഷ മത വർഗീയ പ്രീണനങ്ങളും ഒക്കെ കൊണ്ട് ഇവിടെ ഭരണ മാറ്റം ഉണ്ടായി. അങ്ങനെ ഇപ്പോൾ ഭരിക്കുന്ന കക്ഷി അധികാരത്തിലേറി. എന്നാൽ ഏതാണ്ട് പത്ത് നീണ്ട വർഷത്തെ അവരുടെ ഭരണം എല്ലാത്തരത്തിലും എല്ലാ അർത്ഥത്തിലും കോൺഗ്രസിന്റെ ഭരണത്തേക്കാൾ പതിന്മടങ്ങ് ഇന്ത്യൻ ജനാധിപത്യത്തെയും, ഇന്ത്യൻ ജനതയെയും പിന്നോട്ട് നയിച്ചു. ഈ വരുന്ന ഇലക്ഷനിൽ അവർ തന്നെ വിജയിക്കാനുള്ള സർവ്വതന്ത്രങ്ങളും, കുതന്ത്രങ്ങളും, അവർ പ്രയോഗിച്ചു വരികയാണ്. അവർ വീണ്ടും വിജയിച്ചാൽ ഒരുപക്ഷേ ജനാധിപത്യത്തിൻറെ അന്ത്യമായിരിക്കും. പിന്നീട് ഒരുപക്ഷേ നടക്കാൻ പോകുന്നത്, റഷ്യയിലും ചൈനയിലും നോർത്ത് കൊറിയയിലും ഒക്കെ നടക്കുന്ന മാതിരിയുള്ള മോക്കറി ഇലക്ഷൻ ആയിരിക്കും. അതായത് ഭരിക്കുന്ന പാർട്ടിക്ക് മാത്രം വോട്ട് ചെന്ന് ചേരുന്ന ഒരു വോട്ടിംഗ് സമ്പ്രദായം, സ്വയം വിജയശ്രീലാളിതമാകുന്ന ഒരു ഫാസിസ്റ്റ് തെരഞ്ഞെടുപ്പ് സംവിധാനം തന്നെ ഇവിടെ വരാം. ഈ ഇലക്ഷനിൽ തന്നെ നോക്കുക. ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എതിർ പാർട്ടിക്കാരെ അധികവും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുക, ഭീഷണിപ്പെടുത്തുക, അവരെ കൂറു മാറ്റി സ്വന്തം പാർട്ടിയിൽ ചേർത്ത് കേസ് ഇല്ലാതാക്കുക, അല്ലെങ്കിൽ അവരെ പണം കൊടുത്തു വിലയ്ക്ക് വാങ്ങുക. എതിർ പാർട്ടിക്കാരുടെയും എതിരാളികളുടെയും പാർട്ടി ഫണ്ടുകൾ മരവിപ്പിക്കുക. അതേ അവസരത്തിൽ ഭരിക്കുന്ന പാർട്ടി വലിയ കണക്കില്ലാതെ തന്നെ ഇലക്ട്രൽ ബോണ്ട്, അഴിമതി, കുംഭകോണം, മറ്റും നിരവധി സ്രോതസ്സുകൾ വഴി പണം സംഭരിച്ച്, ആ പണവും, ഭൂരിപക്ഷ മത തീവ്രതയ്ക്കൊപ്പം വിവിധ മാധ്യമങ്ങളുടെ ഉള്ള നുണ പരസ്യങ്ങൾ ഉൾപ്പെടെ, എല്ലാത്തരത്തിലും, പ്രതിപക്ഷത്തെ താറടിച്ച്, ദുർബലപ്പെടുത്തി അവരെ ചിന്നഭിന്നമാക്കിക്കൊണ്ട് നടത്തുന്ന കിടിലൻ കുടില കൗശല തന്ത്രങ്ങൾ, മന്ത്രങ്ങൾ ഉപയോഗിച്ച് ജനാധിപത്യത്തെ തന്നെ അട്ടിമറിച്ചു കൊണ്ട് അവർ വോട്ടുകൾ തേടുകയാണ്. അവരുടെ മന്ത്ര തന്ത്ര കുതന്ത്രങ്ങൾ മനസ്സിലാക്കിക്കൊണ്ട്, കോൺഗ്രസിനെ അടിയന്തരാവസ്ഥക്കാലത്ത് എങ്ങനെ പുറന്തള്ളിയോ അതിലപ്പുറം ആയിട്ട് തന്നെ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന കക്ഷിയെ പുറന്തള്ളണം.

കേരള സ്റ്റേറ്റിലെ ഇന്ത്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് രംഗം കൂടുതൽ വിചിത്രവും സങ്കീർണ്ണവും ആണ്. മുൻ സൂചിപ്പിച്ച മാതിരി ഇവിടെ മൂന്നു മുന്നണികളാണ് പോർക്കളത്തിൽ ഉള്ളത്. ഇവിടത്തെ മൂന്നാം മുന്നണിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. കേരളം ഭരിക്കുന്ന അവരുടെ നേതാവും കൂട്ടരും ഒരു പരിധിവരെ കേന്ദ്രത്തെ വിമർശിക്കുമ്പോഴും കേരള ഭരണത്തിന്റെ ക്യാപ്റ്റനും തൊട്ടടുത്ത അനുചരന്മാരും കേന്ദ്രഭരണത്തിന്റെ ചോദ്യം ചെയ്യാനാവാത്ത കേന്ദ്ര ക്യാപ്റ്റനെ പേരെടുത്ത് വിമർശിക്കാൻ അതീവ ഭയം ആണ്. കാരണം ഇവിടത്തെ ഭരിക്കുന്ന പാർട്ടിയും ഭരണ നേതാക്കളും ക്യാപ്റ്റനും എല്ലാം അഴിമതിയിലും, അക്രമത്തിലും കെടുകാര്യസ്ഥതയിലും, സ്വജന പക്ഷപാതത്തിലും സ്വർണ്ണ കള്ളക്കടത്തിലും ഒക്കെയുള്ള ആരോപണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ കേന്ദ്രഭരണാധികാരികളെ കാണുമ്പോൾ കേരളത്തിലെ ഭരണ നേതാക്കൾ പഞ്ച പുച്ഛമടക്കി വാലുതാഴ്ത്തി കുമ്പിട്ട് തൊഴുതു നിൽക്കുകയാണ്. കേന്ദ്രം തന്നില്ല തന്നില്ല എന്ന ചെറിയ മുറുമുറുപ്പുമായി, അതിലും സത്യം ഉണ്ടാകാം കേട്ടോ? പക്ഷേ കേരള സർക്കാരിൻറെ ധൂർത്തടിയേയും നീതികരിക്കാവുന്നതല്ല. അതുപോലെ കേരളം ഭരിക്കുന്ന കക്ഷി, കേന്ദ്ര ഭരണ നേതാക്കളുമായി ഒരു അന്തർധാരയിൽ നിൽക്കുകയാണ്. അതിനാൽ ആകണം കേന്ദ്രത്തിലെ ഭരണകർത്താക്കൾ കൂടുതലായി എൽഡിഎഫിനെ ഒരുകേസിലും കുടുക്കാൻ ശ്രമിക്കാത്തത്. കേരളത്തിൽ എത്തിയാൽ കേന്ദ്ര ഭരണകക്ഷി വളരെയധികം ദുർബലമാണ് താനും. കേരള ജനത കുറച്ചുകൂടി രാഷ്ട്രീയ പ്രബുദ്ധരും മതങ്ങൾക്ക് അതീതമായി ചിന്തിക്കുന്നവരുമായതിനാൽ വർഗീയ പാർട്ടികളുടെ പരിപ്പ് ഇവിടെ അധികം വേവാറില്ല. എന്നാൽ അവരുടെ വേരോട്ടം ഓരോ വർഷവും ഇവിടെയും കൂടി വരുന്നുണ്ട് എന്നുള്ള കാര്യം ഇവിടെ മറച്ചുവയ്ക്കുന്നില്ല.
ഇവിടെ യുഡിഎഫിനെയും എൽഡിഎഫിനെയും തമ്മിൽ അടുപ്പിച്ച്, അവരുടെ ഇരുവരിൽ നിന്നും ഉണ്ടാകുന്ന ചോര നക്കികുടിച്ച് പാർട്ടിയെ വളർത്തുക എന്ന നയമാണ് അവരിവിടെ ആവിഷ്കരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മത നേതാക്കന്മാരുടെയും, ആശ്രമങ്ങളും, അമ്പലങ്ങളും പള്ളികളും സന്ദർശിച്ച് അവരുടെ കൈകൾ തൊട്ടു മുത്തി അനുഗ്രഹവും ആശിഷും വോട്ടും തേടുക എന്നത് സ്ഥാനാർത്ഥികളുടെ ഒരു പതിവാണ്. അതിനായി ചില സ്ഥാനാർത്ഥികൾ സ്വർണത്തിൽ കൊത്തിയെടുത്തതും അല്ലെങ്കിൽ പൂശിയതുമായ കിരീടങ്ങൾ പുണ്യവാളന്മാരുടെയും പുണ്യാളത്തിമാരുടെയും ശിരസ്സിൽ കിരീടങ്ങൾ ദേവാലയങ്ങളിൽ കൊണ്ടുപോയി ചാർത്തുന്നു. വടിപിടിച്ചു, ഓശാനയോലപിടിച്ചു, ജനാഭിമുഖ കുർബാനയും അൽത്താരാഭിമുഖ കുർബാനയും കണ്ടു കണ്ണിറുക്കി തൃശ്ശൂരും, പത്തനംതിട്ടയും ഒക്കെ അങ്ങട് എടുക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യകിച്ചു മണിപ്പൂരിലും മറ്റും ഉണ്ടാകുന്ന ന്യൂനപക്ഷ മത കൂട്ടക്കൊലകൾ അവർ മനപ്പൂർവം മറച്ചു പിടിക്കയാണ് താനും.

ഒരു കക്ഷിയിൽ നിന്നിട്ട്, അതിൽ നിന്ന് എല്ലാ സ്ഥാനമാനങ്ങളും പരിഗണനയും ലഭിച്ചിട്ടും അത് പോരാ ഇനിയും വേണം എന്ന രീതിയിൽ പരിഭവിച്ച് കാലുമാറി മറുകണ്ടം ചാടുന്ന ഏത് ഉന്നതരായാലും അവളുടെ മക്കളായാലും അവരെ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത മായം ചേർത്ത ചരക്കുകൾ ആണ് അവർ. അവരെ തോൽപ്പിക്കുകയും, അവർ തിരിച്ചു വന്നാൽ കൂടെ അവരെ ഒരു ജനാധിപത്യ പാർട്ടിയിലും തിരിച്ചെടുക്കാൻ പാടില്ലാത്തതും ആണ്. ഇങ്ങനെയുള്ളവരെ നോക്കി, അവരെ റാഞ്ചാൻ പാത്തിരിക്കുന്ന ഒരു പാർട്ടിയെയും ജനാധിപത്യ വിശ്വാസികൾ ചുമ്മികൊണ്ട് നടക്കുന്നതിൽ ഒരു അർത്ഥവുമില്ല. തികച്ചും അവസരവാദികളും ജനാധിപത്യ ധ്വംസകരുമാണ് അവർ.
മത വർഗീയതയുടെ പേരിൽ, അതുപോലെ മത വർഗീയത ആളിക്കത്തിച്ച്, വോട്ടുപിടിച്ച അധികാരത്തിൽ എത്തുന്നതും, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതും, ഭരണഘടന ലംഘനവും അതുപോലെ ഒട്ടും ജനാധിപത്യവും അല്ല. അത്തരക്കാരെ വേരോടെ പിഴുതെറിയണം. തെറ്റായ വാഗ്ദാനങ്ങൾ അസാധ്യമായ ഗാരണ്ടികൾ ജനങ്ങൾക്കു കൊടുത്തു നുണക്കുമേൽ നുണപറഞ്ഞു വോട്ടർമാരെ പറ്റിക്കുന്ന കള്ളപ്പരിഷകളെ ജനം തിരിച്ചറിയണം. അതുപോലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന മുൻകാല ഭരണക ർത്താക്കളെയും രാഷ്ട്രിയക്കാരേയും സമ്മതിദായകർ മനസിലാക്കണം, തിരിച്ചറിയണം. പാർലമെന്റിൽ പോയി വിജയിച്ച ഭരണകക്ഷിയുടെ എല്ലാ വിഡ്ഢിത്തങ്ങൾക്കും, മടയതരങ്ങൾക്കും, ജനദ്രോഹ ബില്ലുകൾക്കും വേണ്ടി കൈ പൊക്കാനോ, കൊക്കാനോ, പ്രതിപക്ഷത്തെ കൂവാനോ മാത്രം പോകുന്നവരെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വോട്ടർമാരും വിജയിപ്പിക്കരുത്. അതുപോലെതന്നെ പാർലമെൻറിൽ പോയി ഒരക്ഷരം മിണ്ടാത്ത, ഉറങ്ങാൻ മാത്രം പോകുന്നവരെ, ഉറക്കം തൂങ്ങികളെ ഒരിക്കലും വിജയിപ്പിക്കരുത്. കേരളത്തിൽ ഓടി നടന്നു മലയാളഭാഷയിൽ മാത്രം കുരയ്ക്കാൻ അറിയാവുന്ന സ്ഥാനാർത്ഥികളെയും വിജയിപ്പിക്കരുത്. കുറച്ചെങ്കിലും ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കഴിവ് തെരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് ഉണ്ടാകണം. ഗായകർ ആണെങ്കിലും, സിനിമ ചോക്ലേറ്റ് നടീനടന്മാർ ആയാലും ലോകസഭയിൽ രണ്ടക്ഷരം പറയാനുള്ള യോഗ്യതയും കഴിവും ഇല്ലാത്ത വ്യക്തികൾ ഏത് കക്ഷിയിൽ പെട്ടവരായാലും അവരെ വിജയിപ്പിക്കരുത്. മത വർഗീയതയുടെ കെണിയിൽ പെടാതെ, ഒരിക്കലും നടപ്പിലാക്കാൻ സാധ്യതയില്ലാത്ത പാഴ്വാക്കുകളെ, പാഴ്വാഗ്ദാനങ്ങളെ, പെരും കള്ള ഗ്യാരണ്ടികളെ അവഗണിച്ചുകൊണ്ട് ഇന്ത്യൻ ജനത സാമൂഹ്യ പ്രതിബദ്ധതയോടെ, ഇന്ത്യൻ ജനാധിപത്യ സംരക്ഷകരായി ഭരണഘടനയുടെ കാവൽക്കാരായി അവരവരുടെ വിലയേറിയ സമതിദാനാവകാശം പ്രയോഗിക്കുമെന്ന പ്രത്യാശയോടെ ഈ ലേഖനം ഉപസംഹരിക്കുകയാണ്.

എ. സി. ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments